ട്രാൻസ്ഫോമർ നിർമാണ കമ്പനിയിൽ തീപിടിത്തം
Mail This Article
പാമ്പാടി ∙ ആലാംപള്ളിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ട്രാൻസ്ഫോമർ നിർമാണ കമ്പനിയുടെ കണ്ടക്ടർ റൂമിലും സമീപത്തെ മറ്റ് 2 മുറികളിലുമാണ് തീപിടിത്തം. ഇന്നലെ പുലർച്ചെ 2.14ന് ഉണ്ടായ തീപിടിത്തം പൊലീസാണ് ഫയർഫോഴ്സിനെ അറിയിച്ചത്. ഫയർഫോഴ്സ് സംഘം എത്തിയെങ്കിലും ആദ്യം അകത്ത് കയറാൻ കഴിഞ്ഞില്ല.
പിന്നീട് പൂട്ട് തകർത്താണ് കെട്ടിടത്തിനുള്ളിൽ കടന്നത്. കോട്ടയം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ നിന്നും അധിക ഫയർഫോഴ്സ് യൂണിറ്റ് എത്തി പുലർച്ചെ 5.30ടെ തീപിടിത്തം നിയന്ത്രണ വിധേയമാക്കി. കെട്ടിടത്തിനുള്ളിലെ ട്രാൻസ്ഫോമർ കണ്ടക്ടറുകൾ സൂക്ഷിച്ചിരിക്കുന്ന ഭാഗത്ത് വൈദ്യുത മീറ്ററിൽ നിന്നും ഷോർട് സർക്യൂട്ട് ഉണ്ടായതാണ് തീപിടിത്തകാരണമെന്നാണ് സ്വകാര്യ കമ്പനി അധികൃതർ പറയുന്നത്.
കെഎസ്ഇബിക്ക് വൈദ്യുത ട്രാൻസ്ഫോമറുകൾ നൽകുന്ന സ്വകാര്യ കമ്പനിയാണ് യൂണി പവർ. നിർമാണത്തിലിരിക്കുന്ന ട്രാൻസ്ഫോമറുകൾക്ക് കേടുപാടില്ല. പുതിയ ട്രാൻസ്ഫോമറുകൾക്ക് ഘടിപ്പിക്കുന്ന കണ്ടക്ടറുകൾ പൂർണമായും കത്തി നശിച്ചു. നാശ നഷ്ടം കണക്കാക്കുന്നതേയുള്ളുവെന്ന് കമ്പനി അധികൃതർ അറിയിച്ചു.
ഒഴിവായത് വൻ ദുരന്തം
കെട്ടിടത്തിനുള്ളിൽ ട്രാൻസ്ഫോമറിൽ ഒഴിക്കുന്ന 15000 ലീറ്റർ ഓയിൽ സൂക്ഷിച്ചിരുന്നു. ഈ ഭാഗത്ത് തീയെത്താതെ നിയന്ത്രണ വിധേയമാക്കിതിനാൽ വലിയ അപകടമാണ് ഒഴിവായത്. ജനവാസ മേഖലയോട് ചേർന്നാണ് ട്രാൻസ്ഫോമർ നിർമാണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.