അക്ഷരങ്ങൾ നക്ഷത്രങ്ങളായി; പനച്ചിക്കാട് ക്ഷേത്രത്തിൽ ആദ്യാക്ഷരമെഴുതി ഒട്ടേറെ കുരുന്നുകൾ
Mail This Article
പനച്ചിക്കാട് ∙ ദക്ഷിണ മൂകാംബിയിലെ സരസ്വതീനടയിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ. പ്രത്യേകം ഒരുക്കിയ വിദ്യാ മണ്ഡപത്തിലായിരുന്നു ചടങ്ങുകൾ. ഗുരുക്കന്മാർ കുട്ടികളെ എഴുത്തിനിരുത്തി. പുലർച്ചെതന്നെ ദർശനത്തിനും വിദ്യാരംഭത്തിനുമായി ഒട്ടേറെപ്പേർ എത്തി. സരസ്വതീസന്നിധിയിലെ ഗ്രന്ഥമണ്ഡപത്തിൽ താളിയോല ഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും പൂജയ്ക്കു വച്ചിരുന്നത് ഇന്നലെ പുലർച്ചെ തിരിച്ചെടുത്തു. ആചാര്യന്മാർ തളികയിലെ ഉണക്കലരിയിൽ ‘ഹരിശ്രീ’ എഴുതിയതോടെ ചടങ്ങുകൾക്കു തുടക്കമായി. സരസ്വതീനടയ്ക്കു സമീപം അരമതിലിൽ പൂഴി നിറച്ച് ഒരുക്കിയ മണൽത്തറയിലും ‘ഹരിശ്രീ’ എഴുതി അക്ഷരാർച്ചന നടത്തിയാണു ഭക്തർ മടങ്ങിയത്.
കലാമണ്ഡപത്തിൽ നൃത്തം, സംഗീതം, വയലിൻ, മൃദംഗം എന്നിവയുടെ വിദ്യാരംഭം നടന്നു. ഭക്തർക്കു സേവാഭാരതി പ്രവർത്തകർ വെള്ളവും മറ്റും നൽകി. മറ്റു സന്നദ്ധ സംഘടനകളും സേവന പ്രവർത്തനത്തിന് എത്തിയിരുന്നു. ദേവസ്വം മാനേജർ കരുനാട്ടില്ലം കെ.എൻ.നാരായണൻ നമ്പൂതിരി, ഊരാണ്മ യോഗം സെക്രട്ടറി കൈമുക്കില്ലം കെ.എൻ. നാരായണൻ നമ്പൂതിരി, ദേവസ്വം അസി. മാനേജർ കെ.വി.ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി. തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാട്, മേൽശാന്തി കെ.വി. നാരായണൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു.