വേറിട്ട കാഴ്ചയായി തമിഴ് സംഘത്തിന്റെ ‘മുളൈപ്പാറി’ ഘോഷയാത്ര
Mail This Article
കാരാപ്പുഴ ∙ വേറിട്ട ആചാരങ്ങളും ആഘോഷങ്ങളും കൊണ്ട് വ്യത്യസ്തമായി തമിഴ് സംഘത്തിന്റെ നവരാത്രി ഉത്സവം. ഹിന്ദു നാടാർ ഉറൈവിൻ മുറൈ സംഘത്തിന്റെ ‘മുളൈപ്പാറി’ ഘോഷയാത്ര പരിസ്ഥിതി സൗഹൃദപരം, ചെടിച്ചട്ടിയിലോ കുടത്തിലോ വൈക്കോൽ, മണ്ണ്, വളം എന്നിവ നിറച്ച് നവധാന്യങ്ങൾ പാകി മുളപ്പിച്ച് എടുക്കുന്നതാണ് ‘മുളൈപ്പാറി’. 30 ദിവസം വരെ വ്രതം എടുത്താണ് ഭക്തർ ഘോഷയാത്രയിൽ പങ്കെടുത്തത്. ഘോഷയാത്രയ്ക്കായി 8 ദിവസം മുൻപ് തന്നെ ചട്ടിയിലും കുടത്തിലും പയർ വർഗങ്ങൾ മുളപ്പിച്ചു. ഘോഷയാത്രയിൽ, പയർ മുളപ്പിച്ച കുടം സ്ത്രീകൾ തലയിലേറ്റി. മറ്റുള്ളവർ കൊട്ടും മേളവുമായി ഒപ്പം ചേർന്നു.
അമ്പലക്കടവ് ദേവീ ക്ഷേത്രത്തിൽ വരവേൽപ് നൽകി. പതിനാറിൽച്ചിറയിൽ എത്തി പയർ പുത്തൻ തോട്ടിലെ വെള്ളത്തിലൊഴുക്കി. ഘോഷയാത്രയ്ക്കു മുൻപ് മുളൈപ്പാറി കുടങ്ങൾ എല്ലാം ഒരുമിച്ച് പൂജാമുറിയിൽ വച്ച് ആരാധിച്ചിരുന്നു. വിവിധ ദേവീ രൂപങ്ങൾ അലങ്കരിച്ചു ചേർത്ത ‘മുളൈപ്പാറി’ കൂട്ടത്തിൽ ശ്രദ്ധേയമായി. കാർഷിക ഉൽപാദനവുമായി ബന്ധപ്പെട്ടാണ് പയർ മുളപ്പിക്കുന്നതെന്നു സംഘാടകർ പറഞ്ഞു.
ആഘോഷം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഹിന്ദു നാടാർ ഉറൈവിൻ മുറൈ സംഘം പ്രസിഡന്റ് എസ്.കറുപ്പയ്യാ നാടാർ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി വി.കലൈശെൽവൻ, കൗൺസിലർമാരായ എം.പി.സന്തോഷ്കുമാർ, എൻ.ജയചന്ദ്രൻ ചീറോത്ത്, എൻ.എൻ.വിനോദ്, ജാൻസി ജേക്കബ് ചക്കാലപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.