'ലീലാമ്മേ....ലീലാമ്മേടെ പേരെന്താ...?'' വീണ്ടും കുട്ടികളായി മാണി സി.കാപ്പൻ എംഎൽഎയും സഹപാഠികളും
Mail This Article
പാലാ ∙ 'ലീലാമ്മേ....ലീലാമ്മേടെ പേരെന്താ...?'' പഴയകാലത്തെ തമാശയിൽ മാണി സി.കാപ്പൻ എംഎൽഎയും കൂട്ടരും വീണ്ടും കുട്ടികളായി. സെന്റ് തോമസ് ഹൈസ്‌കൂളിൽ 1971 ലെ ഇംഗ്ലിഷ് മീഡിയം 10-ാം ക്ലാസ് എ ബാച്ച്. ആ വർഷത്തെ നാടകത്തിലെ നായകൻ ഇപ്പോഴത്തെ എംഎൽഎ മാണി സി.കാപ്പൻ. കാപ്പന്റെ നായിക എസ്ബിഐ റിട്ട. ഉദ്യോഗസ്ഥനും നീന്തൽ താരവുമായ അലക്സ് മേനാംപറമ്പിൽ. വേദിയിലെത്തിയ നായകൻ മാണി സി.കാപ്പൻ നായിക ലീലാമ്മയെ പെണ്ണുകാണാൻ എത്തുന്നതാണു രംഗം. ലീലാമ്മയെ നോക്കി കാപ്പന്റെ ആദ്യ ഡയലോഗ്; ലീലാമ്മേടെ പേരെന്താ...? കേട്ട കാണികൾ ചിരിച്ചു മറിഞ്ഞു. അബദ്ധം പറ്റിയ കൊച്ചുകാപ്പന്റെ മുഖത്ത് ചമ്മൽ....
ചിരിച്ചും കളിച്ചും കളിതമാശകൾ പറഞ്ഞും എംഎൽഎയും കൂട്ടുകാരും വീണ്ടും ഒത്തുചേർന്നു. നാടകത്തിലെ ചമ്മൽ ഉൾപ്പെടെ സ്‌കൂളിലൊപ്പിച്ച കുസൃതികൾ പരസ്പരം പറഞ്ഞപ്പോൾ വീണ്ടും അവരെല്ലാം കുട്ടികളായി. സെന്റ് തോമസ് ഹൈസ്‌കൂളിലെ ഇംഗ്ലിഷ് മീഡിയം 10-ാം ക്ലാസിൽ പഠിച്ച മാണി സി.കാപ്പനും കൂട്ടുകാരുമാണ് ഒത്തുചേരലിലൂടെ കുട്ടിത്തത്തിലേക്കു മടങ്ങിയത്. പ്രവിത്താനം പുതിയിടത്ത് ജയിംസിന്റെ വീട്ടിലായിരുന്നു ഒത്തുചേരൽ. 36 പേരുണ്ടായിരുന്ന ബാച്ചിൽ 10 പേർ മൺമറഞ്ഞു. ബാക്കിയുള്ള 26 ൽ 10 പേർ വിവിധ കാരണങ്ങളാൽ എത്തിയില്ല. ഒത്തുകൂടിയ 16 പേർക്കും ഓർമകൾ ഒരുപാടുണ്ടായിരുന്നു പറയാൻ.
പഴശ്ശിരാജ കോളജ് മുൻ പ്രിൻസിപ്പൽ പി.ജെ.തോമസ്, സെന്റ് തോമസ് കോളജ് റിട്ട.പ്രഫ.ഇഗ്‌നേഷ്യസ് കോര, റിട്ട.എസ്ബിഐ ഉദ്യോഗസ്ഥനും വെറ്ററൻസ് നീന്തൽ താരവുമായ അലക്സ് മേനാംപറമ്പിൽ, കർഷക പ്രതിഭ ജോയി മൂക്കൻതോട്ടം, മുൻ പൊലീസ് ഉദ്യോഗസ്ഥൻ വിശ്വനാഥൻ നായർ, ഡൽഹിയിൽ ഉദ്യോഗസ്ഥനായിരുന്ന തൊമ്മൻ സി.പയസ്, ബിസിനസുകാരായ മാത്യു ഫ്രാൻസിസ്, ഏബ്രഹാം കട്ടക്കയം, സാബു മോഹൻ ചെമ്പകം, പി.ആർ.ഗോപാലകൃഷ്ണൻ, എ.സി.പീറ്റർ അഞ്ചേരി, ജോർജുകുട്ടി വെട്ടിക്കുഴിച്ചാലിൽ, റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥൻ എം.സി.സെബാസ്റ്റ്യൻ, ജോസഫ് മാത്യു തറപ്പേൽ തുടങ്ങിയവർ കൂട്ടായ്മയിൽ പങ്കെടുത്തു. വീണ്ടും അടുത്ത വർഷം കാണാമെന്ന പ്രതീക്ഷയിൽ സ്നേഹവിരുന്നോടെ കൂട്ടായ്മയ്ക്കു സമാപനമായി.