ADVERTISEMENT

കോട്ടയം ∙ എൺപത്തിനാലു വയസ്സിന്റെ നിറവിൽ ആയിരം പൂർണ ചന്ദ്രൻമാരെ കണ്ട സംതൃപ്തിയിലിരിക്കുന്ന വൈക്കം വിശ്വന്റെ വീട്ടിലേക്ക് പൂർണ ചന്ദ്രശോഭയുള്ള ചിരിയോടെ സുരേഷ് കുറുപ്പ് എത്തി. പണ്ടൊരിക്കൽ കോട്ടയത്തെ സിപിഎം ഓഫിസിലേക്ക് തുടയിൽ നിറയെ ചുവന്നു തിണർത്ത പാടുകളുമായി കയറി വന്ന ഒരു ബാലനെ വൈക്കം വിശ്വൻ ഓർമിച്ചു. ആരാ ഇങ്ങനെ തല്ലിച്ചതച്ചതെന്ന് ചോദിച്ചപ്പോൾ അമ്മ ഗുണ്ടയാണെന്ന് കൂസലില്ലാതെ പറഞ്ഞത് ഓർമയുണ്ടോ എന്നു ചോദിച്ചപ്പോൾ സുരേഷ് കുറുപ്പ് (67) നിറഞ്ഞു ചിരിച്ചു. പിന്നെ അമ്മയുടെ ഓർമയിൽ നനഞ്ഞ കണ്ണുകൾ തുടച്ചു. 

കുറുപ്പ് പറഞ്ഞു; "തിരുനക്കര മൈതാനത്തു വൈക്കം വിശ്വൻ ചേട്ടന്റെ പ്രസംഗം കേട്ട് രാജന്റെ അച്ഛൻ ഈച്ചര വാരിയർ സ്റ്റേജിലിരുന്ന് കരയുന്നതു കണ്ടിട്ടുണ്ട്. ഞാൻ കേട്ട ഏറ്റവും നല്ല പ്രസംഗങ്ങളിലൊന്ന് വിശ്വൻ ചേട്ടന്റേതാണ്.” (അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് മർദനമേറ്റാണ് രാജൻ കൊല്ലപ്പെട്ടത്.)

മുൻ ഇടതു മുന്നണി കൺവീനറും സിപിഎം നേതാവുമായ  വൈക്കം വിശ്വന്റെ കുടയംപടിയിലുള്ള വീട്ടിൽ പിറന്നാൾ ആശംസകളുമായി എത്തിയതാണ് സുരേഷ് കുറുപ്പ്. ഇരുവരും ഏറ്റുമാനൂരിൽ നിന്ന് നിയമസഭയിൽ എത്തിയവർ, സൗമ്യത അടയാളമാക്കിയവർ.

‘‘ഒൻപതിൽ പഠിക്കുമ്പോഴാണ് വിശ്വൻ ചേട്ടനെ ആദ്യമായി കാണുന്നത്. പാർട്ടിയുടെ ഓഫിസ് സെക്രട്ടറിയായ വർക്കിയോടൊപ്പം വിശ്വൻ ചേട്ടൻ വീട്ടിൽ വന്നു. എന്റെ ജ്യേഷ്ഠൻ ഗോപാലകൃഷ്ണക്കുറുപ്പിനെ  (ഇപ്പോൾ അഡ്വക്കറ്റ് ജനറൽ) കാണാൻ വന്നതാണ്. കൂടെയുള്ളയാളെ വിശ്വനെന്നു വർക്കി പരിചയപ്പെടുത്തിയപ്പോൾ വൈക്കം വിശ്വനാണോ എന്നു ഞാൻ ചോദിച്ചു.” ആദ്യമായി കണ്ട കാര്യം കുറുപ്പ് ഓർമിച്ചപ്പോൾ വൈക്കം വിശ്വൻ കൂട്ടിച്ചേർത്തു;  കോട്ടയംകാർ എനിക്കു തന്ന പേരാണ് വൈക്കം വിശ്വൻ. 

തിരുവനന്തപുരത്ത് എംഎൽഎ ക്വാർട്ടേഴ്സിലെ വൈക്കം വിശ്വന്റെ മുറി കയ്യേറിയ കാര്യം സുരേഷ് കുറുപ്പ് ഓർത്തു. “1980ൽ വിശ്വൻ ചേട്ടൻ ഏറ്റുമാനൂരിൽ നിന്ന് ജയിച്ചു. അദ്ദേഹത്തിന്റെ മുറിയുടെ താക്കോൽ ഞാനാണ് വാങ്ങിയത്. എംഎൽഎ ക്വാർട്ടേഴ്സിൽ ഓൾഡ് ബ്ലോക്കിലെ 48–ാം നമ്പർ മുറി.  വിശ്വൻ ചേട്ടൻ വന്നാൽ കട്ടിലിൽ നിന്നിറങ്ങി ഞങ്ങൾ നിലത്തു കിടക്കും.”

അതു കേട്ടപ്പോൾ വിശ്വനൊരു സംഭവം ഓർമിച്ചു: "ഒരിക്കൽ രാത്രിയിൽ ഞാൻ ചെന്ന് വാതിലിൽ മുട്ടി. ഉറക്കച്ചടവോടെ ഒരാൾ വാതിൽ തുറന്നിട്ടു പറഞ്ഞു; വിശ്വൻ ചേട്ടൻ ഇവിടില്ല. എന്നിട്ടു വാതിലുമടച്ചു. അന്നു രാത്രി ഞാൻ വരദരാജൻ എംഎൽഎയുടെ മുറിയിലാണ് കിടന്നത്.”

കേരളത്തിൽ ആദ്യമായി സിപിഎം സ്ഥാനാർഥിയുടെ മുഖചിത്രം വച്ച് പോസ്റ്റർ അടിച്ചത് സുരേഷ് കുറുപ്പ് 1984ൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോട്ടയത്ത് മത്സരിച്ചപ്പോഴാണ്.  അതിനു സമ്മതം തന്നത് അന്നത്തെ പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്ന വൈക്കം വിശ്വനാണെന്നു കുറുപ്പ് പറഞ്ഞു. “തോമസ് ഐസക്കും സി.പി ജോണും വിശ്വൻ ചേട്ടനോടു സമ്മതം ചോദിച്ചു. പാർട്ടിയിൽ അന്നത് സംസാരമായി. ആ തിരഞ്ഞെടുപ്പിൽ കോട്ടയം സീറ്റിൽ മാത്രമാണ് ജയിച്ചത്. അതോടെ വിമർശനങ്ങളെല്ലാം മുങ്ങിപ്പോയി. പുതിയ തലമുറയ്ക്ക് പ്രവർത്തന സ്വാതന്ത്ര്യം നൽകിയ നേതാവാണ് വൈക്കം വിശ്വൻ”-സുരേഷ് കുറുപ്പ് പറഞ്ഞു.

എകെജിയും അന്നുള്ള നേതാക്കളും അങ്ങനെയായിരുന്നു എന്ന് വൈക്കം വിശ്വനും കൂട്ടിച്ചേർത്തു. 12-ാം വയസ്സിൽ എഐഎസ്എഫിലും പിന്നീട് കെഎസ്എഫിലും പ്രവർത്തിച്ചാണല്ലോ ഞാനും പാർട്ടിയിൽ വന്നത്.”

1972ൽ സിപിഎം-സിപിഐ സംഘട്ടനത്തിൽ മർദനമേറ്റ വൈക്കം വിശ്വൻ മരിച്ചെന്നു കരുതിയ എതിരാളികൾ ‘ഈ ആത്മാവിനു കൂട്ടായിരിക്കട്ടെ’ എന്നു പറഞ്ഞ് നെഞ്ചത്ത് കല്ലുവച്ചിട്ടു പോയതാണ്.  "കോട്ടയത്തെ വൈദ്യൻ പുഴുങ്ങിയെടുത്താണ് എന്നെ ജീവിപ്പിച്ചത്. തുടർന്ന് പിണറായി വിജയന്റെ നിർദേശ പ്രകാരം പ്രമുഖ വ്യവസായി എം.സി.ജേക്കബാണ് എന്നെ ചികിത്സിച്ചത്. അതോടെ വീണ്ടും നടക്കാനായി’’ ജീവിതം കടന്നു പോന്ന വഴികളെപ്പറ്റി വൈക്കം വിശ്വൻ പറഞ്ഞു.

വൈക്കം വിശ്വന്റെ ഭാര്യയും റിട്ട. കോളജ് അധ്യാപികയുമായ ഗീത പരിപ്പുവടയും ചായയുമായി എത്തി. വൈക്കം വിശ്വന് കടുപ്പത്തിലൊരു കട്ടനും. പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിഞ്ഞു നടന്ന കാലത്തേക്കും ചോരച്ചാലുകൾ ഒഴുകിയ ഓർമകളിലേക്കും അത് വീണ്ടും കൈപിടിച്ചു.

സ്നേഹസംഗമം ഇന്ന്

കോട്ടയം ∙ സിപിഎം നേതാവ് വൈക്കം വിശ്വന്റെ പിറന്നാൾ ദിനത്തിൽ ഇന്ന് രാവിലെ 11.30ന് പാർട്ടിയിലെ സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് കുടയംപടിയിലെ വീട്ടിൽ സ്നേഹസംഗമം ഒരുക്കും. മന്ത്രി വി.എൻ വാസവൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com