അനാസ്ഥ കാടു കയറിയ ഹൈറേഞ്ച് പാത
Mail This Article
മുണ്ടക്കയം ഇൗസ്റ്റ് ∙ റോഡിന് മുകളിൽ കമാനം പോലെ വൈദ്യുതി സ്റ്റേ കമ്പിയിൽ കയറിയ കാടുകൾ, ദിശാ ബോർഡുകൾ കാണണം എങ്കിൽ കാടുകൾ മാറ്റി നോക്കണം, അതീവ അപകട സാധ്യതയുള്ള വളവുകളിൽ സ്ഥാപിച്ച ചുവപ്പ് സിഗ്നൽ ലൈറ്റുകൾ രാത്രി കാണണം എങ്കിൽ വാഹനത്തിന്റെ വെളിച്ചം തെളിയിക്കണം ഇങ്ങനെ അനാസ്ഥ കാട് കയറിയ ഹൈറേഞ്ച് പാതയിലൂടെ വേണം ഇക്കുറി ശബരിമല തീർഥാടനം സാധ്യമാക്കാൻ. കഴിഞ്ഞ സീസണിൽ മുണ്ടക്കയത്തിനും കുട്ടിക്കാനത്തിനും ഇടയിൽ നടന്നത് ചെറുതും വലുതുമായ 24 അപകടങ്ങളാണ്.
ഇക്കുറി ഇവ ആവർത്തിക്കാതിരിക്കാൻ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മുണ്ടക്കയം 35–ാം മൈലിൽ നിന്നുമാണു ഹൈറേഞ്ച് പാതയുടെ തുടക്കം. കുട്ടിക്കാനം വരെയുള്ള ഭാഗത്ത് റോഡിന്റെ ഇരു വശങ്ങളും കാടുകൾ നിറഞ്ഞിരിക്കുകയാണ്. റബർ തോട്ടങ്ങളിൽ പടരുന്ന കാട്ടുപയർ ഇനത്തിലെ വള്ളി ചെടിയാണ് പടർന്നു കയറുന്നത്. വൈദ്യുതി കമ്പികളിൽ വരെ കാടുകൾ എത്തി. ദിശാ ബോർഡുകൾ പലതും കാട് മൂടി, ക്രാഷ് ബാരിയറുകൾ നിറയെ പച്ചപ്പ് പടർന്നു.
ഹൈറേഞ്ച് പാതയിലെ കാടുകൾ വെട്ടുന്നതിന് പ്രത്യേക പദ്ധതി ഉള്ളതാണ്. മുൻ വർഷങ്ങളിൽ ഇവ ചെയ്യാതെ തുക മാറിയെടുത്തു എന്ന ആരോപണങ്ങളും ഉയർന്നിരുന്നു. റോഡിലെ സ്ഥിരം അപകടം ഉണ്ടാകുന്ന കുഴികൾ നികത്താൻ പോലും നടപടികൾ ഉണ്ടാകുന്നില്ല. ശബരിമല സീസണിൽ പഞ്ചായത്തുകൾക്ക് അനുവദിക്കുന്ന ഫണ്ടുകളും ഉപയോഗപ്രദമായ രീതിയിൽ ചെലവഴിക്കുന്നില്ല എന്നും ആക്ഷേപമുണ്ട്. റോഡിലെ സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിക്കാനും, അപകട സാധ്യതകൾ ഒഴിവാക്കാനായി ഇൗ തുക വിനിയോഗിച്ച് എത്രയും വേഗം മുന്നൊരുക്കങ്ങൾ നടത്തണം എന്നാണ് ജനങ്ങളുടെ ആവശ്യം.