കാത്തിരിപ്പിന് വിരാമം; തെക്കൻ മുണ്ടാർ റോഡ് നിർമാണം അവസാന ഘട്ടത്തിൽ
Mail This Article
കല്ലറ ∙ വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം തെക്കൻ മുണ്ടാറിലേക്ക് റോഡ് നിർമാണം പൂർത്തിയാകുന്നു. കല്ലറ പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളിൽ ഉൾപ്പെട്ട തെക്കൻ മുണ്ടാറിന്റെ വികസന പ്രവർത്തനങ്ങളുമായി ഭാഗമായാണ് വർഷങ്ങളായി ചെളിയും വെള്ള കെട്ടും ആയിരുന്ന കല്ലറ അകത്താന്തറ- ചേന്തുരുത്ത് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നത്. പഞ്ചായത്തിന് എം.ജി. എൻ.ആർ.ഇ.ജി.എ.
പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 25,50,000/- രൂപ മുടക്കിയാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. ഇത് കൂടാതെ ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം ഹൈമി ബോബി അനുവദിച്ച 40 ലക്ഷം രൂപയുടെ നിർമാണ ജോലികളും നടന്നു വരുന്നു. റോഡ് കോൺക്രീറ്റിങ് പൂർത്തിയാകുന്നതോടെ തെക്കൻ മുണ്ടാറിലുള്ള ജനങ്ങൾക്ക് ബുദ്ധിമുട്ടു കൂടാതെ കല്ലറ, കളമ്പുകാട് ടൗണിൽ എത്തിച്ചേരാൻ കഴിയുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ പറഞ്ഞു.
കൂടാതെ വിവിധ പാടശേഖരങ്ങളിലെ കർഷകർക്കും കർഷക തൊഴിലാളികൾക്കും വിത്തും വളവും എത്തിക്കുന്നതിനും കാർഷിക വിളകളും മറ്റും കൊണ്ടു പോകുന്നതിനു റോഡ് പ്രയോജനപ്പെടും. ഓമൽ വിൻസെന്റ്, കെ.ആർ. രശ്മി, ഇ.എസ്. ബിജിമോൾ എന്നിവരുടെ മേൽ നോട്ടത്തിലാണ് റോഡ് നിർമാണം പുരോഗമിക്കുന്നത്.