ADVERTISEMENT

കോട്ടയം ∙ ചങ്ങാത്തത്തിന്റെ പാതയിൽ ഒരു മുഴം മുൻപേ ഓടുന്ന നായയാണു സ്വീറ്റി; പുത്തനങ്ങാടി കവലയിൽ കാണുന്ന തെരുവുനായ. ലാബ്രഡോർ ഇനത്തിൽപെട്ട എക്കോയെന്ന വളർത്തുനായയാണു സ്വീറ്റിയുടെ കൂട്ട്. ലൂർദ് പബ്ലിക് സ്കൂൾ അധ്യാപികയായ പുത്തനങ്ങാടി ചക്കാലപ്പറമ്പിൽ ജോവാൻ എം.ജോർജിന്റെ വളർത്തുനായയായ എക്കോയ്ക്ക് 5 വയസ്സ്. സ്വീറ്റിയും എക്കോയുമായുള്ള ചങ്ങാത്തം തുടങ്ങിയിട്ടു 3 വർഷം. ഇവരുടെ പ്രഭാതസവാരി കാണേണ്ട കാഴ്ചയാണ്.

എന്നും രാവിലെ 6 കഴിയുമ്പേൾ ചക്കാലപ്പറമ്പിൽ ഗേറ്റിനു മുന്നിൽ സ്വീറ്റി കാത്തുനിൽക്കും. ഈ സമയത്ത് ജോവാൻ, എക്കോയെയും കൊണ്ടു നടക്കാനിറങ്ങും. ഗേറ്റിനു പുറത്തിറങ്ങിയാൽ എക്കോയുടെ ബെൽറ്റിലെ കയർ കടിച്ചുപിടിച്ച് സ്വീറ്റി കൂടെ നടക്കും. 4 കിലോമീറ്റർ ദൂരമാണു പ്രഭാത സവാരി. തിരിച്ചു ഗേറ്റിനു സമീപമെത്തുമ്പോൾ, കടിഞ്ഞാൺ വിട്ട് എക്കോയെ സ്വതന്ത്രനാക്കി സ്വീറ്റി തനിയെ കവലയിലേക്ക്.

കവലയിലെ ഒരു കടയുടമ മുൻപു സ്വീറ്റിയെ വീട്ടിൽക്കൊണ്ടുപോയി വളർത്താൻ ശ്രമിച്ചിരുന്നു. ആ വീട്ടിൽ മറ്റൊരു പട്ടിക്കുട്ടി വന്നതോടെ അവിടം വിട്ടിറങ്ങി. പുത്തനങ്ങാടി കവലയിലെ വ്യാപാരികളും ഓട്ടോ ഡ്രൈവർമാരുമാണു സ്വീറ്റിയുടെ സംരക്ഷകർ. 

ഒരു വർഷം മുൻപു സ്വീറ്റിയെ ആരോ വെട്ടി മുറിവേൽപിച്ചു. അന്നു ചോരവാർന്നു റോഡരികിൽ അവശനിലയിൽ കിടന്ന സ്വീറ്റിയെ ചികിത്സിപ്പിച്ച് രക്ഷിപ്പെടുത്തിയതു ജോവാൻ ആണ്. അന്ന് മൂന്നുനാലു ദിവസം ചക്കാലപ്പറമ്പിൽ വീടിന്റെ വരാന്തയിൽ കിടന്നു. പിന്നീട് എല്ലാ ഞായറാഴ്ചയും ഇറച്ചി കഴിക്കാൻ ചക്കാലപ്പറമ്പിലെത്തിത്തുടങ്ങി. എല്ലാ പ്രതിരോധ കുത്തിവയ്പുകളും എടുത്തിട്ടുണ്ട് ഈ തെരുവുനായയ്ക്ക്. 

ഇന്ത്യൻ ഓയിൽ കോർപറേഷൻ റിട്ട. ചീഫ് മാനേജർ മാത്യു സി.ജോർജിന്റെ ഭാര്യയാണു ജോവാൻ. മക്കളായ മറിയം എം.ജോർജ് (യുഎസ്), റെയ്ച്ചൽ എം.ജോർജ് (ബെംഗളൂരു) എന്നിവരും നായവളർത്തലിൽ കമ്പമുള്ളവരാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com