ADVERTISEMENT

പാമ്പാടി ∙ സ്വന്തമായി ശുചിമുറി പോലുമില്ലാതെ നിർധനകുടുംബം. 10ലും, 7ലും പഠിക്കുന്ന വിദ്യാർഥിനികളും കുടുംബാംഗങ്ങളും 12 വർഷമായി ഉപയോഗിക്കുന്നതു ബന്ധുവീട്ടിലെ ശുചിമുറി. ഇവർ താമസിച്ചിരുന്ന ഷെഡിന്റെ ഭിത്തിയും മേൽക്കൂരയും കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയിൽ തകർന്നതോടെ കിടപ്പാടമില്ലാത്ത അവസ്ഥയായി. അടുക്കളയും കിടപ്പുമുറിയും പഠനമുറിയുമെല്ലാം ഈ ഒറ്റമുറി ഷെഡാണ്. പാമ്പാടി പഞ്ചായത്ത് ഒൻപതാം വാർഡിൽ താമസിക്കുന്ന കലമലയിൽ ഓമനക്കുട്ടൻ–മഞ്ജു ദമ്പതികൾ‌ക്കാണ് ഈ ദുരവസ്ഥ.

ലൈഫ് മിഷൻ പട്ടികയിൽ ഉൾപ്പെട്ടിട്ടു വർഷം നാലായി. 3 സെന്റ് സ്ഥലമാണ് ആകെയുള്ളത്. ഇവിടെ ശുചിമുറി നിർമിക്കാൻ പോലും ബുദ്ധിമുട്ടാണ്. ഓമനക്കുട്ടന്റെ ഭാര്യ മഞ്ജുവിന്റെ കുടുംബവീട്ടിലെ ശുചിമുറിയാണ് ഇവർ ഉപയോഗിക്കുന്നത്. കുട്ടികൾ രണ്ടും പഠിക്കാൻ മിടുക്കർ. ഇവർക്ക് ലഭിച്ചിരിക്കുന്ന മെഡലുകൾ പോലും സൂക്ഷിക്കാൻ ഒറ്റമുറി ഷെഡിൽ സൗകര്യമില്ല. ലൈഫ് മിഷനിൽ വീടു ലഭിക്കാതെ വന്നതോടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.

പാമ്പാടി പഞ്ചായത്തിനെ സമീപിക്കാനാണു മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും ലഭിച്ച മറുപടി. ഓമനക്കുട്ടൻ ഓട്ടോറിക്ഷ ഡ്രൈവറാണ്. മഞ്ജു കന്റീൻ ജീവനക്കാരിയാണ്. ഇത്രയും കാലം ലൈഫ് മിഷനിൽ വീട് ലഭിക്കുമെന്ന പ്രതീക്ഷ കുടുംബത്തിനുണ്ടായിരുന്നു. ഇനി 3 വർഷം കഴിയുമ്പോൾ പരിഗണിക്കുമെന്ന അറിയിപ്പ് കുടുംബത്തിനു കഴിഞ്ഞ ദിവസം ലഭിച്ചതോടെ ഈ പ്രതീക്ഷയും ഇല്ലാതായി. 

എന്നാൽ, ലൈഫ് മിഷൻ പട്ടികയിൽ കുടുംബത്തിന്റെ പേരുണ്ടെന്നു വാർഡ് മെംബർ പി.എസ്.ശശികല അറിയിച്ചു. കഴിഞ്ഞ ദിവസം മഴയിൽ വീട് തകർന്നതിനാൽ ഇവരുടെ വിവരങ്ങൾ വില്ലേജ് ഓഫിസിലേക്ക് റിപ്പോർട്ട് ചെയ്തിരുന്നു. പഞ്ചായത്ത് ഈ സ്ഥലം പരിശോധിച്ചു തുടർനടപടി സ്വീകരിക്കുമെന്നും വാർഡ് മെംബർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com