ഏഴു വയസ്സുകാരൻ ഇടിച്ചു നേടിയത് 20 മെഡൽ
Mail This Article
ചിങ്ങവനം ∙ ഏഴു വയസ്സുകാരൻ അങ്കത്തട്ടിൽ ഇടിച്ചിട്ടത് 16 സ്വർണ മെഡലുകൾ. ആയോധന കലയിൽ അദ്ഭുതങ്ങൾ തീർത്ത് സംസ്ഥാനത്തിനും രാജ്യത്തിനും അഭിമാനമായി മാറുകയാണ് ഇത്തിത്താനം ഇളങ്കാവ് വിദ്യാമന്ദിറിലെ രണ്ടാം ക്ലാസ് വിദ്യാർഥി ദ്രോണസൂര്യ സുധീഷ്. പരിശീലകൻ കൂടിയായ അച്ഛൻ സുധീഷ്കുമാറിന്റെ കൈപിടിച്ചാണ് ആയോധനകലയുടെ തട്ടകത്തിൽ ഈ മിടുക്കൻ സ്വർണം വാരുന്നത്.
കുങ്ഫു, പെഞ്ചക് സിലാട്ട്, മുയ് തായ് എന്നീ ആയോധനകലകളിലായി 16 സ്വർണ മെഡലുകളും 2 സിൽവർ മെഡലുകളും 2 വെങ്കല മെഡലുകളും അടക്കം ഇരുപതോളം മെഡലുകൾ സ്റ്റേറ്റ്, സൗത്ത് സോൺ നാഷനൽ, നാഷനൽ, സൗത്ത് ഏഷ്യൻ ചാംപ്യൻഷിപ്പുകളിലായി നേടി. ജൂൺ 6,7,8 തീയതികളിൽ ഗോവയിൽ വച്ച് നടന്ന സൗത്ത് ഏഷ്യൻ കുങ്ഫു ചാംപ്യൻഷിപ്പിൽ (ഫൈറ്റ്, തായ് ചി) രാജ്യത്തിനായി രണ്ട് സ്വർണ മെഡലുകൾ നേടി.
സൗത്ത് ഏഷ്യൻ കുങ്ഫു ചാംപ്യൻഷിപ്പിൽ പങ്കെടുത്ത രണ്ട് വിഭാഗത്തിലും ഗോൾഡ് മെഡൽ കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും ഈ കൊച്ചു മിടുക്കനെ തേടിയെത്തി. അച്ഛൻ സുധീഷ്കുമാർ ചിങ്ങവനത്ത് നടത്തുന്ന മാർഷൽ ആർട്സ് സെന്ററിലാണ് പരിശീലനം. നാലു വയസ്സുകാരി സഹോദരി തേജസൂര്യയും ദ്രോണയോടൊപ്പം കുങ്ഫു പരിശീലിക്കുന്നു. അമ്മ കൽപനയും പ്രോത്സാഹനവുമായി കൂടെയുണ്ട്.