എംവിഐപി കനാലിന്റെ സംരക്ഷണത്തിനായി ഇട്ടിരുന്ന കരിങ്കല്ലും മണ്ണും മോഷ്ടിച്ചു
Mail This Article
കടുത്തുരുത്തി ∙ എംവിഐപി കനാലിന്റെ സംരക്ഷണത്തിനായി ഇട്ടിരുന്ന ലോഡ് കണക്കിന് കരിങ്കല്ലും മണ്ണും മോഷ്ടിച്ചുകടത്തി. ഞീഴൂർ പഞ്ചായത്തിലാണ് സംഭവം. ഏറ്റുമാനൂർ ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 5000 മീറ്ററിനു സമീപത്തും പരിസരത്തും കൂട്ടിയിട്ടിരുന്ന കരിങ്കല്ലും മണ്ണുമാണ് കടത്തിയത്. മണ്ണുമാന്തിയന്ത്രവും ടിപ്പറും ഉപയോഗിച്ചാണ് ഒരാഴ്ച കൊണ്ട് കടത്തിയത്. നാട്ടുകാർ ചോദിച്ചപ്പോൾ എംവിഐപി അധികൃതരിൽ നിന്നു ലേലം പിടിച്ചാണ് മണ്ണും കല്ലും എടുക്കുന്നത് എന്നാണ് അറിയിച്ചത്.
ഇതിൽ സംശയം തോന്നിയ നാട്ടുകാരിൽ ചിലർ എംവിഐപി കുറുപ്പന്തറ ഓഫിസിൽ നേരിട്ടെത്തി പരാതി നൽകി. തുടർന്ന് അസിസ്റ്റന്റ് എൻജിനീയർ ജിതി ശ്രീരാജിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. കനാൽ നിർമാണത്തിനു ശേഷം ബണ്ടിൽ സൂക്ഷിച്ചിരുന്ന ലോഡ് കണക്കിനു കരിങ്കല്ല് പൊട്ടിച്ച് മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ ടിപ്പറിൽ നിറച്ചാണ് കടത്തിയത്. കൂടാതെ ലോഡ് കണക്കിനു മണ്ണും കയറ്റിക്കൊണ്ടുപോയി. സംഭവത്തിൽ അസിസ്റ്റന്റ് എൻജിനീയർ ജിതി ശ്രീരാജ് പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.