തന്തൈ പെരിയാർ സ്മാരകത്തിലെ നവീകരണം അവസാന ഘട്ടത്തിൽ
Mail This Article
വൈക്കം ∙ തമിഴ്നാട് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള, വലിയകവലയിലെ തന്തൈ പെരിയാർ ഇ.വി.രാമസ്വാമി നായ്ക്കർ സ്മാരകത്തിലെ നവീകരണ ജോലികൾ അവസാന ഘട്ടത്തിലേക്ക്. പെരിയാർ സ്മാരകത്തിന്റെ നിർമാണ പുരോഗതി തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇ.വി.വേലു നേരിട്ടെത്തി വിലയിരുത്തി. തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് 8.14 കോടി മുതൽ മുടക്കിയാണ് സ്മാരകം നവീകരിക്കുന്നത്.
പെരിയാറിന്റെ ജീവചരിത്രവും ചിത്രങ്ങളും ഉൾപ്പെടുത്തിയിരിക്കുന്ന കെട്ടിടം ഭാഗികമായി പൊളിച്ച് ഇരുനില ആക്കുന്ന പണികൾ പൂർത്തീകരിച്ചു. താഴത്തെ നിലയിൽ മ്യൂസിയവും മുകളിലത്തെ നിലയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസും പ്രവർത്തിക്കും. രാമസ്വാമി നായ്ക്കരുടെ പ്രതിമയ്ക്കു മുന്നിലായി വലിയ കവാടവും നിർമിച്ചു. ഓപ്പൺ സ്റ്റേജിന് മുകളിൽ റൂഫ് ചെയ്യും.
ഇതിനു സമീപത്തെ പുതിയ കെട്ടിടത്തിലാണ് ലൈബ്രറി പ്രവർത്തിക്കുക. കുട്ടികൾക്കായി പാർക്കും അതോടൊപ്പം ഉദ്യാനവും ഒരുക്കും. പെരിയാറിന്റെ ജീവചരിത്രം, സമരചരിത്രം, പ്രധാന നേതാക്കൾ എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും പെരിയാറിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച തമിഴ്, മലയാളം, ഇംഗ്ലിഷ് ഭാഷകളിലുള്ള കൃതികളും നവീകരിക്കുന്ന സ്മാരകത്തിൽ സൂക്ഷിക്കാൻ സൗകര്യമുണ്ടാകും.
പിഡബ്ല്യുഡി പ്രിൻസിപ്പൽ സെക്രട്ടറി ചന്ദ്രമോഹൻ, എൻജിനീയറിങ് ചീഫ് സത്യമൂർത്തി, സ്പെഷൽ ചീഫ് എൻജിനീയർ സത്യവാഗീശ്വരൻ, ലെയ്സൺ ഓഫിസർ ആർ.ഉണ്ണിക്കൃഷ്ണൻ, ഡിഎംകെ സംസ്ഥാന പ്രസിഡന്റ് മൂന്നാർ മോഹൻദാസ്, ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ജനാർദനൻ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. വൈക്കത്ത് കേരള സർക്കാർ നൽകിയ 70 സെന്റ് സ്ഥലത്താണ് തന്തൈ പെരിയാർ സ്മാരകം നിർമിച്ചത്. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണ് പെരിയാർ സ്മാരകം പുനരുദ്ധരിക്കുന്നതിന് തമിഴ്നാട് സർക്കാർ പണം അനുവദിച്ചത്.