സ്നേഹവിരൽ കൊരുത്ത് നടക്കുകയാണ് ഈ കുട്ടികൾ; ബ്ലോസം വാലിയിൽ
Mail This Article
പാമ്പാടി ∙കടവുംഭാഗം പള്ളിയുടെ ബ്ലോസം വാലി ചൈൽഡ് ഡവലപ്മെന്റ് സെന്റർ രാജ്യാന്തര നിലവാരത്തിലേക്ക്.തെറപ്പി സെന്ററിന്റെ ഉദ്ഘാടനം 19നു 10നു തോമസ് ചാഴികാടൻ എംപി നിർവഹിക്കും. സിനിമതാരം മിയ പങ്കെടുക്കും.സെന്റർ തുടങ്ങി 2 വർഷത്തിനിടെ 50 വിദ്യാർഥികളെയാണ് സ്വഭാവിക ജീവിതത്തിലേക്ക് തെറപ്പി സെന്റർ കൈപിടിച്ചുനടത്തിയത്. ഓട്ടിസം, സംസാര തടസ്സം, അമിതഭയം, ഉത്കണ്ഠ, ആത്മവിശ്വാസക്കുറവ് എന്നിങ്ങനെ സ്വഭാവ അവസ്ഥകളിലൂടെ കടന്നുപോകുന്നവരാണ് ഈ കുട്ടികളിലേറെയും.
50 വിദ്യാർഥികളും സാധാരണ സ്കൂളുകളിൽ പഠനം ആരംഭിച്ചു. രണ്ടര മുതൽ 10 വയസ്സു വരെയുള്ള 200 വിദ്യാർഥികളാണ് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വിവിധ സെഷനുകളിൽ ഇവിടെ തെറപ്പി നൽകുന്നത്. രക്ഷിതാക്കളുടെ സാന്നിധ്യവും സമീപത്തുണ്ട്. സ്പീച്ച് തെറപ്പി, സ്പെഷൽ എജ്യുക്കേഷൻ, കൗൺസലിങ്, സൈക്കോ എജ്യുക്കേഷൻ, സൈക്കോ തെറപ്പി, ഒക്യുപേഷനൽ തെറപ്പി, ബിഹേവിയറൽ തെറപ്പി, സെൻസറി ഇന്റഗ്രേഷൻ തെറപ്പി, പേരന്റൽ ഗൈഡൻസ്, ഐ ക്യു നിർണയം എന്നിവയാണ് സെന്ററിലുള്ളത്.
സാധാരണക്കാർക്കു ഭീമമായ തുക മുടക്കി ചികിത്സിക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഇവിടെ സൗജന്യചികിത്സയാണ്. ഡയറക്ടർ ഫാ.കുര്യാക്കോസ് കടവുംഭാഗം, ജയിംസ് മാത്യു, കെ.എം.ഏബ്രഹാം,വർഗീസ് ഫിലിപ് എന്നിവരുടെ നേതൃത്വത്തിൽ 30 ജീവനക്കാരുടെ സഹകരണത്തോടെയാണ് സെന്ററിന്റെ പ്രവർത്തനം.