ADVERTISEMENT

കോരുത്തോട് ∙ ശബരിമല സീസൺ ആരംഭിച്ചതോടെ പമ്പയിലേക്കുള്ള സമാന്തരപാതയായ കോരുത്തോട് റൂട്ടിൽ സഞ്ചരിച്ചാൽ സർക്കാർ വക തേക്ക് കൂപ്പിൽ വാഹനം നിർത്തി തണലിൽ കിടന്നു വിശ്രമിക്കുന്ന തീർഥാടകരെ കാണാം. ചിലപ്പോൾ ഇൗ കൂപ്പിൽ ഇരുന്നാണ് ഇവർ ഭക്ഷണം ഉണ്ടാക്കുന്നതും കഴിക്കുന്നതും. പ്രാഥമിക സൗകര്യങ്ങൾക്കു വേണ്ടി കാട്ടിലേക്കു കയറി പോകും.

സർക്കാർ വക സ്ഥലത്തെ ഒരു ചെലവും ഇല്ലാത്ത ഇൗ വിശ്രമ കേന്ദ്രമാണ് ഇപ്പോൾ ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുന്ന അയ്യപ്പഭക്തരുടെ ആശ്രയം. തേക്ക് കൂപ്പ് കഴിഞ്ഞുള്ള യാത്രയിൽ കോരുത്തോട് ടൗണിനു സമീപം എത്തിയാൽ തീർഥാടകർക്ക് വിശ്രമിക്കാൻ വേണ്ടി 15 ലക്ഷം മുടക്കി നിർമിച്ച വിശ്രമകേന്ദ്രം കാട് കയറി കിടക്കുന്നതും കാണാം. ഇൗ കാടിന് പറയാനുള്ളത് അവഗണനയുടെ 8 വർഷത്തെ കഥകളാണ്.

മദ്യപരുടെ  വിശ്രമകേന്ദ്രം
പ്രധാന റോഡിൽ നിന്നു ചെറു റോഡിലൂടെ ഇറങ്ങിച്ചെന്നാൽ കാട് നിറഞ്ഞ ഒരു പ്രദേശം കാണാം. ഇതിന്റെ വശത്തായി ടിൻ ഷീറ്റുകൾ പാകിയ ഒരു മേൽക്കൂരയും. കെട്ടിടത്തിന്റെ മുൻ ഭാഗത്ത് മല പോലെ കല്ലും മണലും നിറഞ്ഞിരിക്കുന്നതിനാൽ ഇതിന്റെ അടുത്തേക്ക് എത്താൻ പ്രയാസമാണ്. 2 ഹാളുകളും കിടക്കാൻ കോൺക്രീറ്റ് ബഞ്ചും 4 ശുചിമുറികളും ഉൾപ്പെട്ടതായിരുന്നു വിശ്രമ കേന്ദ്രം.

ഇവയുടെ ഉൾഭാഗം പൂർണമായും നശിച്ച നിലയിലാണ്. പ്രളയത്തിനു ശേഷം അഴുതയാറ്റിൽ നടപ്പാക്കിയ പുഴ പുനർജനി പദ്ധതി പ്രകാരം വാരിയ കൂറ്റൻ കല്ലുകളും മണലും ഇതിനു മുൻപിൽ നിക്ഷേപിച്ചതോടെ കെട്ടിടം പൂർണ നാശത്തിലാണ്. സാമൂഹിക വിരുദ്ധർക്ക് ആരെയും പേടിക്കാതെ താവളമാക്കാനും മദ്യപിക്കാനും ഉള്ള സ്ഥലമായി ഇപ്പോൾ ഇതു മാറി.

 കോരുത്തോട്ടിൽ നിർമിച്ച ശബരിമല തീർഥാടക വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടന ഫലകത്തിൽ വരെ കല്ലുകൾ പതിച്ച നിലയിൽ. 
കെട്ടിടത്തിന്റെ മുൻപിലാണ് അഴുതയാറ്റിൽ നിന്നു വാരിയ മണ്ണും കല്ലും നിക്ഷേപിച്ചിരിക്കുന്നത്.
കോരുത്തോട്ടിൽ നിർമിച്ച ശബരിമല തീർഥാടക വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടന ഫലകത്തിൽ വരെ കല്ലുകൾ പതിച്ച നിലയിൽ. കെട്ടിടത്തിന്റെ മുൻപിലാണ് അഴുതയാറ്റിൽ നിന്നു വാരിയ മണ്ണും കല്ലും നിക്ഷേപിച്ചിരിക്കുന്നത്.

കുന്നുകൂടിയ  പദ്ധതികൾ
2005ൽ ബസ് സ്റ്റാൻഡ് നിർമാണത്തിനു വേണ്ടിയാണു സ്ഥലം വാങ്ങിയത്. പക്ഷേ, ഇതിൽ അഴിമതിയുണ്ടെന്ന ആരോപണത്തെ തുടർന്ന് വിജിലൻസ് അന്വേഷണം നേരിട്ടു. ഇവിടേക്കുള്ള റോഡിനായി പഞ്ചായത്ത് അക്കാലത്ത് പണം നൽകി 9 സെന്റ് സ്ഥലം വാങ്ങിയിരുന്നു. ഇതിനിടെയാണ് ബ്ലോക്ക് പഞ്ചായത്ത് തീർഥാടക വിശ്രമ കേന്ദ്രം എന്ന പദ്ധതിയുമായി എത്തിയത്. 

കെട്ടിടം പണിത് ഉദ്ഘാടനം നടത്തിയെങ്കിലും ഒരിക്കൽ പോലും ഇത് ശബരിമല തീർഥാടകർക്ക് ഉപകാരപ്പെട്ടില്ല. ഇതിനിടെ ഇവിടെ ആശുപത്രി നിർമിക്കാനും ആലോചന നടന്നു. ഒടുവിൽ പ്രളയശേഷം പുഴ പുനർജനി പദ്ധതിയിൽ വാരിയ മണ്ണും മണലും ഇടുന്ന പദ്ധതി ഇവിടെ നടപ്പാക്കി. ഇവ ലേലം ചെയ്തു നൽകുമെന്നാണു അറിയിച്ചിരുന്നത്. എന്നാൽ അതു നടക്കാത്തതിനാൽ മൺകൂനകൾക്ക് ഇടയിലാണ് ഇന്ന് കെട്ടിടം. ഇങ്ങനെ തുടർന്നാൽ വൈകാതെ തീർഥാടക വിശ്രമ കേന്ദ്രം, ബസ് സ്റ്റാൻഡ് എന്നീ പദ്ധതികൾ ഓർമ മാത്രമാകും.

കെട്ടിടം ആരുടേത്?
2015 സെപ്റ്റംബർ 24നാണ് അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. എസ്റ്റിമേറ്റ് പ്രകാരമുള്ള നിർമാണം പൂർത്തിയാക്കി കെട്ടിടം ഗ്രാമപ്പഞ്ചായത്തിനു വിട്ടുനൽകി എന്നാണ് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ പറയുന്നത്. എന്നാൽ ഇതു തെറ്റാണെന്നും കെട്ടിടം ഇപ്പോഴും ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലാണെന്നും ഗ്രാമപ്പഞ്ചായത്ത് അധികൃതർ പറയുന്നു. ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാതെ നടത്തിയ കെട്ടിട നിർമാണത്തിൽ അഴിമതിയുണ്ടെന്നും പരാതി ഉയർന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com