അകം നിറയെ തൃക്കാർത്തിക വെളിച്ചവുമായി ഭക്തസമൂഹം
Mail This Article
കുമാരനല്ലൂർ ∙ പുലർച്ചെ തൃക്കാർത്തികയും കണ്ട്, സന്ധ്യയ്ക്ക് ദേശവിളക്കും തൊഴുത് നടപ്പന്തൽ കടന്ന് ആലുംചുവട്ടിൽ എത്തിയപ്പോൾ ഒന്നു കൂടി തിരിഞ്ഞു നോക്കി. തൊഴുതു മതിയാവാതെ, കാണാൻ ഇനിയും ബാക്കിയുള്ളതു പോലെ ഒരു തോന്നൽ. എല്ലാ തൃക്കാർത്തികയ്ക്കും ഭക്തർക്കു അനുഭവപ്പെടുന്ന ശീലമാണ്. ഇന്നു ആറാട്ട് വഴിയിൽ കാത്തു നിന്നു ദേവിയെ ഒരു നോക്കു കൂടി കാണാമെന്നാശ്വാസം. ഇപ്പോൾ അകം നിറയെ തൃക്കാർത്തിക വെളിച്ചമുണ്ട്. അടുത്ത കാർത്തിക ഉത്സവം വരെ നിറസാന്നിധ്യമായി ദേവീ ചൈതന്യം നിറഞ്ഞു നിൽക്കും.
ഉത്സവ ദിവസങ്ങളിൽ ഒന്നിലേറെ തവണ വന്നിട്ടുണ്ടെങ്കിലും കാർത്തിക ദിവസം വരാതെ പറ്റില്ലെന്ന വിശ്വാസമാണ് ഇന്നലത്തെ ഭക്തസഹസ്രങ്ങളുടെ ഒഴുക്ക് തെളിയിച്ചത്. പുലർച്ചെ തുടങ്ങിയ തൃക്കാർത്തിക ദർശനം ഉച്ചവരെ നീണ്ടു. കാർത്തിക തൊഴുത് മടങ്ങിയവർ പ്രസാദമൂട്ടിലും പങ്കെടുത്താണ് മടങ്ങിയത്. അരലക്ഷത്തോളം പേർ പ്രസാദമൂട്ടിൽ പങ്കെടുത്തെന്നാണു ദേവസ്വത്തിന്റെ കണക്കുകൂട്ടൽ.
സന്ധ്യയോടെ നടപ്പന്തലിലും ക്ഷേത്രത്തിനു ചുറ്റും വിളക്കുമാടങ്ങൾ നിറഞ്ഞും ദീപങ്ങൾ കൂടാതെ ദേശവഴികളിലും വീടുകളിലും മൺചെരാതുകളും നിലവിളക്കുകളും കൊളുത്തിയും അലങ്കാര ദീപങ്ങൾ സ്‌ഥാപിച്ചും ഭക്തർ കാർത്തികയെ വരവേറ്റു. ദീപങ്ങൾ കൊണ്ട് സ്വർണ വെളിച്ചത്തിൽ കുളിച്ചു നിൽക്കുകയായിരുന്നു ക്ഷേത്രവും പരിസരവും.കിഴക്കേനട ദേവീ ഭക്തജന സംഘം ആറാട്ട് കടവു മുതൽ കിഴക്കേ ആലും ചുവടു വരെ പ്രത്യേക ദീപക്കാഴ്ച ഒരുക്കിയിരുന്നു.ആചാരാനുഷ്ഠാനത്തിന്റെ ഭാഗമായി കുമാരനല്ലൂരമ്മയ്‌ക്കു ചെമ്പകശേരി രാജ്യത്തിന്റെ പേരിൽ പട്ടും രാശിചക്രവും സമർപ്പിച്ചു.
ചെമ്പകശേരി രാജ്യത്തിന്റെയും ഇഷ്‌ടമൂർത്തിയായ വാസുദേവപുരം ശ്രീകൃഷ്‌ണ ക്ഷേത്രത്തിന്റെയും പ്രതിനിധിയായി തെക്കേടത്ത് മനയ്‌ക്കൽ നാരായണൻ ഭട്ടതിരിപ്പാടാണു പട്ടും രാശിയും ദേവിക്കു മുന്നിൽ സമർപ്പിച്ചത്. ഇതിനുള്ള നടപ്പണം 13 രൂപ 47 പൈസയും വെടിക്കെട്ട് പണം 9 രൂപ 42 പൈസയും കുമാരനല്ലൂർ ദേവസ്വത്തിൽ ഏറ്റുമാനൂർ ദേവസ്വത്തിന്റെ പേരിൽ നേരത്തേ അടച്ചിരുന്നു.
പുലർച്ചെ പട്ടും രാശിയും സമർപ്പിക്കുന്നതിനായി ക്ഷേത്രത്തിലെത്തിയ ഭട്ടതിരിയെയും വാസുദേവപുരം ശ്രീകൃഷ്‌ണ ക്ഷേത്രം ഭാരവാഹികളെയും സംഘത്തെയും തീവെട്ടിപ്രഭയിൽ നാഗസ്വര വാദ്യങ്ങളുടെ അകമ്പടിയോടെയാണു കുമാരനല്ലൂർ ദേവസ്വം ഭാരവാഹികൾ എതിരേറ്റത്. തൂശനിലയിൽ പട്ടും പണവും രാശിയും ദേവിക്കു മുന്നിൽ സമർപ്പിച്ചു.
അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ വി.ആർ. ജ്യോതി, ഏറ്റുമാനൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ശ്യാം പ്രകാശ്, വാസുദേവപുരം സബ് ഗ്രൂപ്പ് ഓഫിസർ സൗമ്യ മോഹൻ, മേൽശാന്തി കൃഷ്ണൻ നമ്പൂതിരി, കുമാരനല്ലൂർ ദേവസ്വം ഭരണാധികാരി സി.എൻ.ശങ്കരൻ നമ്പൂതിരി തുടങ്ങിയവരും പങ്കെടുത്തു. രാജഭരണകാലം മുതൽ തുടരുന്ന ആചാരമാണിത്.
നട്ടാശേരി ഇടത്തിൽ മണപ്പുറം ആറാട്ടുകടവിലേക്ക് ആറാട്ട്
ഇന്നാണ് ആറാട്ട്. നട്ടാശേരി ഇടത്തിൽ മണപ്പുറം ആറാട്ടുകടവിലേക്കുള്ള എഴുന്നള്ളിപ്പ് ഉച്ചയ്ക്ക് 12.30നു ആരംഭിക്കും. എഴുന്നള്ളിപ്പ് നീലിമംഗലം, സംക്രാന്തി വിളക്കമ്പലം, വായനശാല, സൂര്യകാലടിമന വഴി ഇടത്തിൽ മണപ്പുറത്തേക്ക് എത്തിച്ചേരും. വെന്നിമല സതീഷും സംഘവും പഞ്ചവാദ്യവും കുമാരനല്ലൂർ സജേഷ് സോമനും സംഘവും ചെണ്ടമേളവുമൊരുക്കും. രാത്രി 11നു ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്. മണപ്പുറത്തു നിന്നു ഇടത്തിൽ ഭഗവതി ക്ഷേത്രം, കരയോഗം മന്ദിരം കവല, ചവിട്ടുവരി, കുമാരനല്ലൂർ മേൽപ്പാലം വഴി ക്ഷേത്രത്തിലേക്ക് എത്തിച്ചേരും.