അപകടം പതിയിരിക്കുന്നു കിടങ്ങൂർ ചെക്ഡാമിൽ
Mail This Article
കിടങ്ങൂർ ∙ ചെക്ക് ഡാമിൽ അപകടങ്ങൾ പതിവാകുന്നു. കടുത്ത വേനലിൽ ജല ലഭ്യത കുറയുന്ന സാഹചര്യത്തിൽ പുഴയിലെ ജലനിരപ്പ് നിയന്ത്രിച്ചു നിർത്തി പ്രദേശത്തെ ജലക്ഷാമം പരിഹരിക്കാനാണ് ചെക്ക് ഡാം നിർമിച്ചത്. എന്നാൽ മഴക്കാലം കഴിയുന്നതോടെ ചെക്ക് ഡാമിലൂടെ കുതിച്ചു ചാടുന്ന വെള്ളത്തിൽ ഇറങ്ങാനും കുളിക്കാനുമായി നീന്തൽ വശമില്ലാത്ത കോളജ് വിദ്യാർഥികളടക്കമുള്ളവർ എത്തുന്നത് ഇവിടം അപകട കേന്ദ്രമാക്കുന്നു. പ്രാദേശികമായുള്ള മീൻപിടുത്തക്കാരുടെ താവളം കൂടിയാണ് ചെക്ക് ഡാമും സമീപ പ്രദേശങ്ങളും.
മറ്റു ജില്ലകളിൽ നിന്ന് പോലും ഇവിടെ വിദ്യാർഥികൾ എത്തുന്നുണ്ട്. ഇറങ്ങുന്ന ഭാഗത്ത് ആഴക്കുറവ് ഉണ്ടെങ്കിലും ഒഴുക്കിൽ പെട്ടാൽ തിരിച്ചു കയറുന്നത് അസാധ്യമാണ്. വെള്ളത്തിനടിയിൽ കോൺക്രീറ്റ് അവശിഷ്‌ടങ്ങളും ഇരുമ്പ് കമ്പികളും ഏറെയാണ്. കഴിഞ്ഞ ദിവസം പാമ്പാടി സ്വദേശിയായ വിദ്യാർഥി കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ടു മരിച്ചതാണ് അപകട പരമ്പരയിൽ അവസാനത്തേത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ സൂചനാ ബോർഡുകൾ സ്ഥാപിക്കുന്നതിനും അസമയങ്ങളിൽ പുഴയിലിറങ്ങുന്നവരെ നിയന്ത്രിക്കാനും പൊലീസിന് നിർദേശം നൽകുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.