മരത്തിൽ കുരുങ്ങിയ കാക്കയെ രക്ഷിച്ച് അഗ്നിരക്ഷാ സേനാംഗങ്ങൾ
Mail This Article
പാലാ ∙ മരത്തിൽ കുരുങ്ങിയ കാക്കയ്ക്ക് അഗ്നിരക്ഷാസേന രക്ഷകരായി. കാക്കയെ മൃഗാശുപത്രിയിൽ എത്തിച്ച് ഓട്ടോ ഡ്രൈവറും കരുണയുടെ ചങ്ങലയിൽ കരം കോർത്തു. ടൗൺ ബസ് സ്റ്റാൻഡിലെ വാകമരത്തിനു മുകളിൽ കാലിൽ പ്ലാസ്റ്റിക് നൂൽ കുരുങ്ങി 2 ദിവസമായി തൂങ്ങിക്കിടന്ന കാക്കയ്ക്ക് ഓട്ടോ ഡ്രൈവർമാരുടെ സഹായത്തോടെയാണ് അഗ്നിരക്ഷാസേന രക്ഷകരായത്. കാക്കയുടെ ദുരവസ്ഥ കണ്ട്, ഓട്ടോഡ്രൈവറായ മുരിക്കുംപുഴ നടയ്ക്കത്താഴെ റിൻസ് ജോസഫ് നഗരസഭാ കൗൺസിലർ ബിനു പുളിക്കക്കണ്ടത്തെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ബിനു അഗ്നിരക്ഷാസേനയെ ഇക്കാര്യം അറിയിച്ചു. ഇന്നലെ വൈകിട്ട് 5.30നു ബസ് സ്റ്റാൻഡിലെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ മരത്തിനു മുകളിൽ കയറി കാക്കയെ താഴെയിറക്കുകയായിരുന്നു. കാക്കയുടെ കാലിൽ നൂൽ കുരുങ്ങി മുറിവുകളുണ്ടായിരുന്നു. റിൻസിന്റെ നേതൃത്വത്തിൽ കാക്കയെ ചെത്തിമറ്റത്തുള്ള മൃഗാശുപത്രിയിൽ എത്തിച്ച് മരുന്നു വച്ചുകെട്ടി. കാക്കയെ റിൻസിന്റെ വീട്ടിലെ കൂട്ടിൽ സൂക്ഷിച്ചിരിക്കുകയാണ്. 2 ദിവസം കഴിഞ്ഞ് കാക്കയെ പറത്തി വിടുമെന്ന് റിൻസ് പറഞ്ഞു.