തീർഥാടകർക്കു വഴികാട്ടാതെ ലൈനുകളും ബോർഡുകളും
Mail This Article
എരുമേലി ∙ തീർഥാടനകാലം ആഴ്ചകൾ പിന്നിട്ടിട്ടും നഗരത്തിലെ സീബ്രാലൈനുകളും ശബരിമല പാതകളിലെ ദിശാബോർഡുകളും തെളിച്ചിട്ടില്ല. നഗരത്തിലെ നടപ്പാതകളിലെ പല സ്ഥലത്തും തകർന്ന സ്ലാബുകൾ കാൽനടയാത്രക്കാർക്ക് അപകട ഭീഷണി ആകുന്നുണ്ട്. ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള റോഡുകളിലാണു വേണ്ടത്ര സുരക്ഷാ സൗകര്യങ്ങൾ സജ്ജമാക്കാത്തത്. ആയിരക്കണക്കിനു തീർഥാടകർ യാത്ര ചെയ്യുന്ന പേട്ടതുളളൽ പാതയിൽ പല സ്ഥലത്തും സീബ്രാ വരകൾ തെളിച്ചിട്ടില്ല. നഗരത്തിലെ തിരക്കുള്ള ജംക്‌ഷനുകളിലെ സീബ്രാ വരകളും മിക്കതും മാഞ്ഞ നിലയിലാണ്. ഇതുമൂലം അപകട സാധ്യത വർധിക്കുമെന്ന ആശങ്കയുണ്ട്. ശബരിമല പാതയിൽ പല സ്ഥലങ്ങളിലും ശബരിമല പാതയിലെ പ്രധാന ജംക്‌ഷനായ മുക്കൂട്ടുതറയിൽ പോലും ദിശാബോർഡുകൾ തെളിച്ചിട്ടില്ല.
മാതൃകയായി കാഞ്ഞിരപ്പള്ളി ജനമൈത്രി പൊലീസ്
കാഞ്ഞിരപ്പള്ളി ജനമൈത്രി പൊലീസും ജനമൈത്രി സമിതി അംഗങ്ങളും ചേർന്നു തീർഥാടന പാതയിലെ ദിശാ ബോർഡുകൾ വൃത്തിയാക്കി. വിദൂര സ്ഥലങ്ങളിൽനിന്നും തീർഥാടകരെത്തുന്ന ദേശീയപാത ഉൾപ്പെടെ റോഡുകളിലെ ദിശാബോർഡുകൾ നിറം മങ്ങിയും ചെളിപിടിച്ചും സ്ഥലനാമങ്ങളും ദിശാസൂചികകളും മാഞ്ഞ നിലയിലായിരുന്നു. എസ്ഐ. ടി.ജി.രാജേഷ്, ജനമൈത്രി ബീറ്റ് ഓഫിസർമാർ, സമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
പാതയിലെ സമയ നിയന്ത്രണം നീക്കണം
ശബരിമലയിലെ കാനനപാതയിൽ കൂടിയുള്ള യാത്രയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്ന സമയ നിയന്ത്രണം നീക്കണമെന്നു വനസംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഇപ്പോൾ കോയിക്കക്കാവിൽ വൈകിട്ട് 5 വരെയും അഴുതക്കടവിൽ ഉച്ചയ്ക്ക് 2.30 വരെയുമാണു തീർഥാടകർക്ക് കാനന പാതയിലൂടെ യാത്ര ചെയ്യാൻ അനുവദിക്കപ്പെട്ടിട്ടുള്ള സമയം. എന്നാൽ ഇതുമൂലം കാനനപാത വഴി കാൽനടയായി യാത്ര ചെയ്യാൻ എത്തുന്ന നൂറ് കണക്കിനു തീർഥാടകർക്ക് തിരികെ പോകേണ്ടി വരുന്നുണ്ട്. കാനനപാതയിൽ എല്ലാ സ്ഥലത്തും താൽക്കാലിക കടകൾ ആരംഭിച്ചിട്ടുള്ളതിനാൽ സമയ നിയന്ത്രണം നീക്കി മുഴുവൻ സമയവും തീർഥാടകരെ കടത്തിവിടണമെന്നു കാളകെട്ടി വനസംരക്ഷണ സമിതി പ്രസിഡന്റ് എം.എസ്. സതീഷ് ആവശ്യപ്പെട്ടു.