ADVERTISEMENT

വൈക്കം ∙ അഷ്ടമി ഉത്സവത്തിന്റെ പ്രധാന ചടങ്ങായ ദേവസംഗമം ഭക്തിസാന്ദ്രമായി. താരകാസുര നിഗ്രഹത്തിനു ശേഷം മടങ്ങിയെത്തുന്ന മകൻ ഉദയനാപുരത്തപ്പനെയും പരിവാരങ്ങളെയും കാത്ത് പിതാവ് വൈക്കത്തപ്പൻ ആർഭാടങ്ങളും വാദ്യമേളങ്ങളും ഇല്ലാതെ കിഴക്കേ ആനപ്പന്തലിൽ എഴുന്നള്ളി നിന്നു. ഗജവീരൻ തിരുവമ്പാടി ചന്ദ്രശേഖരൻ വൈക്കത്തപ്പന്റെ തങ്കത്തിടമ്പേറ്റി. വടക്കേ ഗോപുരംവഴി ഉദയനാപുരത്തപ്പൻ, കൂട്ടുമ്മേൽ ഭഗവതി, ശ്രീനാരായണപുരത്തപ്പൻ, തൃണയംകുടത്തപ്പൻ എന്നിവർ ക്ഷേത്രമതിൽ കെട്ടിനുള്ളിൽ പ്രവേശിച്ചു.മൂത്തേടത്തുകാവ്, ഇണ്ടംതുരുത്തി, പുഴവായിക്കുളങ്ങര, കിഴക്കുംകാവ് ദേവീക്ഷേത്രം എന്നിവിടങ്ങളിലെ എഴുന്നള്ളിപ്പു തെക്കേഗോപുരം വഴി ക്ഷേത്രത്തിൽ പ്രവേശിച്ച് നാലമ്പലത്തിന്റെ വടക്കുഭാഗത്ത് എഴുന്നള്ളിപ്പുകൾ സംഗമിച്ചു. എഴുന്നള്ളത്ത് വലിയ ആനപ്പന്തലിൽ എത്തിയതോടെ പുത്രനായ ഉദയനാപുരത്തപ്പന് തന്റെ സ്ഥാനം നൽകി വൈക്കത്തപ്പൻ അനുഗ്രഹിച്ചു. മറ്റ് എഴുന്നള്ളിപ്പ് അതതു സ്ഥാനത്ത് നിലയുറപ്പിച്ചതോടെ കൂട്ടിയെഴുന്നള്ളിപ്പ് ആരംഭിച്ചു. അവകാശിയായ കറുകയിൽ കുടുംബത്തിലെ കാരണവരായ കിടങ്ങൂർ കൊച്ചുമഠത്തിൽ ഗോപാലൻ നായർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പല്ലക്കിലെത്തി സ്വർണ ചെത്തിപ്പൂ കാണിക്ക അർപ്പിച്ചതോടെ വലിയ കാണിക്ക ആരംഭിച്ചു. 

കൂട്ടിയെഴുന്നള്ളിപ്പ് ദർശിച്ച് കാണിക്ക അർപ്പിക്കാൻ ഭക്ത സഹസ്രങ്ങളാണ് ക്ഷേത്രത്തിൽ എത്തിയത്. എഴുന്നള്ളിപ്പ് ഒരു പ്രദക്ഷിണം പൂർത്തിയാക്കി കൊടിമരച്ചുവട്ടിൽ എത്തിയതോടെ യാത്രയയപ്പ് നടന്നു. ഊഴം അനുസരിച്ച് ആദ്യം മൂത്തേടത്തുകാവ് ഭഗവതി വൈക്കത്തപ്പനോടും, ഉദയനാപുരത്തപ്പനോടും യാത്ര ചോദിച്ച് തെക്കേ ഗോപുരം വഴി പുറത്തിറങ്ങി. അവസാനമായി ഉദയനാപുരത്തപ്പൻ കൊടിമരച്ചുവട്, പനച്ചിക്കൽ നട, പടിഞ്ഞാറു ഭാഗം, നാലമ്പലത്തിന്റെ വടക്കുഭാഗത്തും വിട പറഞ്ഞ് മടങ്ങി. ഈ സമയം ദുഃഖം ദുഃഖഖണ്ഠാരം എന്ന രാഗത്തിൽ വൈക്കം ഹരിഹര അയ്യരും വൈക്കം സുമോദും വിഷാദരാഗം ആലപിച്ചു. തുടർന്നു വൈക്കത്തപ്പൻ ശ്രീകോവിലിലേക്ക് എഴുന്നളളി. അഷ്ടമി ദിനത്തിലെ പൂജകൾ പൂർത്തിയാക്കി വ്യാഘ്രപാദ തറയ്ക്കു സമീപം ശ്രീഭൂതബലിയുടെ സമാപന ഘട്ടത്തിൽ പള്ളിവേട്ടയും നടന്നു.

വൈക്കത്തഷ്ടമി; ഇന്നത്തെ ചടങ്ങുകൾ,ആഘോഷം
രാവിലെ 9ന് പാരായണം, 9.30ന് ചെണ്ടമേളം അരങ്ങേറ്റം, 10.30ന് പാരായണം, വൈകിട്ട് 5ന് ശ്രീ ഭദ്ര ഓർക്കസ്ട്രയുടെ ഭക്തി ഗാനമേള, വൈകിട്ട് 6ന് ആറാട്ട് എഴുന്നള്ളിപ്പ്, 7ന് വെണ്ണല നടരാജ കലാക്ഷേത്രയുടെ നൃത്തസന്ധ്യ, 8ന് വൈക്കം സരിഗമ ഓർക്കസ്ട്രയുടെ ഭക്തി ഗാനമേള, രാത്രി 11ന് ഉദയനാപുരം ക്ഷേത്രത്തിൽ കൂടിപ്പൂജ വിളക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT