ADVERTISEMENT

ഏറ്റുമാനൂർ ∙ ദിവസേന നൂറുകണക്കിന് ആളുകൾ സഞ്ചരിച്ചിരുന്ന നഗര ഹൃദയത്തിലെ ലിങ്ക് റോഡ് അധികൃതരുടെ അനാസ്ഥ മൂലം ഉപയോഗശൂന്യമാകുന്നതായി പരാതി. എംസി റോഡിനെയും – അതിരമ്പുഴ റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന ലിങ്ക് റോഡാണ് തകർന്നു ഗതാഗത യോഗ്യമല്ലാതെ കിടക്കുന്നത്. മാലിന്യം കുന്നുകൂടി സമീപത്തെ കലുങ്ക് അടഞ്ഞതിനാൽ റോഡിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. 

റോഡ് നവീകരണത്തിൽ എംസി റോഡ് ഉയരുകയും ലിങ്ക് റോഡ് താഴ്ന്നു പോകുകയും ചെയ്തിരുന്നു. ഇതോടെയാണ് സമീപ പ്രദേശത്തെ വെള്ളം ലിങ്ക് റോഡിലേക്ക് ഒഴുകിയെത്തിയത്. ഇപ്പോൾ ചെറു മഴയത്തു പോലും ഇവിടെ വലിയ വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്. വെള്ളക്കെട്ടു മൂലം റോഡിന് ഇരുവശത്തുമുള്ള വ്യാപാരികൾക്ക് കട തുറന്നു പ്രവർത്തിപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ലിങ്ക് റോഡിലെ വെള്ളം ഒഴുകി മാറേണ്ടത് പോസ്റ്റ് ഓഫിസിനു മുന്നിലെ ഓടയിലൂടെയാണ്.

എന്നാൽ ഈ ഓടയിൽ മാലിന്യം അടിഞ്ഞുകൂടിയതോടെ എംസി റോഡിലും വെള്ളക്കെട്ട് രൂക്ഷമാണ്. നഗരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ ചെറു വാഹനങ്ങൾ ലിങ്ക് റോഡിലൂടെയാണ് കടത്തിവിട്ടിരുന്നത്. സബ് റജിസ്ട്രാർ ഓഫിസ്, ട്രഷറി, കോടതി, സർക്കാർ സ്കൂളുകൾ എന്നിവിടങ്ങളിലേക്കും തിരിച്ച് എംസി റോഡിലേക്കും പോകാൻ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ആശ്രയിച്ചിരുന്നത് ഈ റോഡ് ആയിരുന്നു.

റോഡ് തകർന്നതോടെ യാത്രക്കാർ സമീപത്തെ വിദേശ മദ്യശാലയ്ക്കു മുന്നിലൂടെയുള്ള റോഡിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും ഒട്ടേറെ തവണ അധികൃതരെ സമീപിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. ഏറ്റുമാനൂരിൽ നടക്കുന്ന നവകേരള സദസ്സിൽ പരാതി നൽകാനൊരുങ്ങുകയാണ് യാത്രക്കാരും വ്യാപാരികളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com