വൈക്കത്തഷ്ടമി: ഭക്തിയും വിരഹവും ഉണർത്തുന്ന ‘ദുഃഖം ദുഃഖകണ്ഠാരം’ രാഗം
Mail This Article
കോട്ടയം ∙ വൈക്കത്തഷ്ടമിയെന്നാൽ അപൂർവ വിരഹ വിഷാദ രാഗത്തിന്റെ ദിവസം കൂടിയാണ്. സരസ്വതീയാമത്തിൽ വായിക്കുന്ന നാഗസ്വരത്തിൽ മുഴങ്ങുന്നത് ദുഃഖം ദുഃഖകണ്ഠാരം എന്ന രാഗം. ഭക്തിയിൽ ആറ്റിക്കുറുക്കിയെടുത്ത വിഷാദ രാഗം. കാലത്തെയും അതീജീവിക്കുന്ന കാവ്യത്തെപ്പോലെയാണ് ഈ രാഗം. പ്രഭാതത്തിൽ ദക്ഷിണാമൂർത്തിയായും മധ്യാഹ്നത്തിൽ കിരാതമൂർത്തിയായും സായാഹ്നത്തിൽ സപരിവാരം വിരാജിക്കുന്ന മംഗളസ്വരൂപനായും കാണപ്പെടുന്ന വൈക്കത്തെ പെരുംതൃക്കോവിലപ്പാ, അങ്ങയുടെ മുന്നിൽ ഈ രാഗ വിസ്താര വേളയിൽ എല്ലാം മറന്നു പ്രകൃതി പോലും പ്രണമിച്ചു നിൽക്കുന്നുവല്ലോ. വൈക്കത്ത് ബ്രാഹ്മമുഹൂർത്തത്തിലാണ് ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ്. ഭക്തരുടെ മനസ്സ് ഏറ്റവും ശാന്തവും ഏകാഗ്രവുമായിരിക്കുന്ന മുഹൂർത്തം. ഈ സമയത്ത് ബ്രഹ്മാവും സരസ്വതി ദേവിയും ഉണർന്നിരിക്കുന്നുവെന്നും വിശ്വാസം. വൈക്കത്തപ്പന്റെ മുന്നിൽ ദേവസംഗമത്തിനു ശേഷമാണ് വിടചൊല്ലി പിരിയൽ ചടങ്ങ്.
∙ ദേവ സംഗമം
അസുര നിഗ്രഹത്തിനു ശേഷം വിജയശ്രീലാളിതനായ ഉദയനാപുരത്തപ്പൻ നാലമ്പലത്തിലേക്ക് എഴുന്നള്ളുന്നതു ദേശമാകെ ഉത്സവ പ്രതീതിയിലാക്കിയാണ്. ശ്രീനാരായണപുരത്തപ്പനും കൂട്ടുമ്മേൽ ഭഗവതിയും സമീപ ക്ഷേത്രങ്ങളിലെ ദേവീ – ദേവന്മാരും ഉദയനാപുരത്തപ്പനൊപ്പം മതിൽക്കകത്തേക്ക്. ഇതാണ് ദേശദേവതമാരുടെ സംഗമ മുഹൂർത്തം. സ്വന്തം ഇരിപ്പിടം നൽകി വൈക്കത്തപ്പൻ, ഉദയനാപുരത്തപ്പനെ അനുഗ്രഹിക്കുന്നു. അഷ്ടമി വിളക്ക് എഴുന്നള്ളിപ്പോടെ ദേവസമാഗമം അതിന്റെ പാരമ്യത്തിലെത്തും. തുടർന്നു കറുകയിൽ കുടുംബത്തിലെ കാരണവർ വലിയ കാണിക്ക അർപ്പിക്കാൻ പല്ലക്കിൽ എത്തും.
∙ ഉപചാരം ചൊല്ലി പിരിയൽ
പിന്നീട് ദേവീ – ദേവന്മാർ ഓരോരുത്തരായി കൊടിമരച്ചുവട്ടിൽ എത്തി വിടപറയും. എറ്റവും ഒടുവിൽ വടക്കേ ഗോപുരത്തിനടുത്ത് ഉദയനാപുരത്തപ്പന്റെ വികാരവായ്പോടെയുള്ള വിടചൊല്ലൽ. പൂർണ നിശബ്ദതയിൽ ശംഖുനാദം മാത്രം. കൺമുൻപിൽ നിന്നു മകൻ മറയും വരെ വൈക്കത്തപ്പൻ നോക്കിനിൽക്കുന്ന കാഴ്ച ഭക്തരുടെ കണ്ണുകളെ ഈറനണിയിക്കും. ഉദയനാപുരത്തപ്പനെ യാത്രയാക്കിയ ശേഷം വൈക്കത്തപ്പൻ ശ്രീലകത്തേക്ക് മടങ്ങുന്നു. ഈ സമയത്ത് മുഴങ്ങുന്ന ദു:ഖ കണ്ഠാരം രാഗത്തിലുള്ള നാഗസ്വരം ഹൃദയത്തിലേറ്റിയാണ് വിശ്വാസികൾ അടുത്ത അഷ്ടമിക്കായി കാത്തിരിക്കുന്നത്.
∙ ‘ദുഃഖം ദുഃഖകണ്ഠാരം’: 12 മിനിറ്റ് ദൈർഘ്യമുള്ള രാഗം
പതിറ്റാണ്ടുകൾക്ക് മുൻപ് വൈക്കം കുഞ്ഞുപിള്ള പണിക്കർ ചിട്ടപ്പെടുത്തിയതാണ് ‘ദുഃഖം ദുഃഖകണ്ഠാരം’ രാഗം. പണിക്കരുടെ മരണത്തിനു ശേഷം മകൻ തെക്കേനട ലതാ നിവാസിൽ രാധാകൃഷ്ണ പണിക്കർക്കായി നാഗസ്വരം വായനയുടെ നിയോഗം. മുടക്കമില്ലാതെ 55 വർഷം. വൈക്കം ക്ഷേത്ര കലാപീഠം സ്ഥാപക അധ്യാപകനായിരുന്ന രാധാകൃഷ്ണ പണിക്കരുടെ വിയോഗത്തോടെ ഇപ്പോൾ വൈക്കത്തപ്പന്റെ മണ്ണിൽ വിഷാദരാഗം അലിഞ്ഞു ചേരുന്നത് വൈക്കം ഹരിഹരയ്യരുടെ നാദത്തിലാണ്. രാധാകൃഷ്ണ പണിക്കരുടെ ശിഷ്യനും 16 വർഷം അദ്ദേഹത്തോടൊപ്പം ഉദയനാപുരത്തന്റെ ഉപചാരം ചൊല്ലി പിരിയലിനു നാഗസ്വരം വായിച്ചിട്ടുണ്ട്. വൈക്കം ക്ഷേത്ര കലാപീഠം റിട്ട. അധ്യാപകനാണ്. ‘ദുഃഖം ദുഃഖകണ്ഠാരം’ ആകെ 12 മിനിറ്റ് മാത്രം ദൈർഘ്യമുള്ള രാഗമാണ്. മറ്റൊരു വേദിയിലും ഇതു വായിക്കാറില്ല. സന്ദർഭമാണ് ഈ രാഗത്തെ ഹൃദയ സ്പർശിയാക്കുന്നത്.
Experience the Devotion of Vaikathashtami with the Haunting 'Dukhkham Dukhakandaram' Raga