ADVERTISEMENT

കോട്ടയം ∙ ചെന്നൈ– കോട്ടയം വന്ദേഭാരത് സ്പെഷൽ സൂപ്പർഹിറ്റ്. ട്രെയിൻ സ്ഥിരമാക്കുമെന്നു പ്രതീക്ഷിച്ച് യാത്രക്കാർ. ചെന്നൈയിൽ നിന്ന് 22, 24 തീയതികളിൽ കോട്ടയത്തേക്കുള്ള വന്ദേഭാരതിന്റെ ടിക്കറ്റുകൾ സർവീസ് പ്രഖ്യാപിച്ച സമയത്തു തന്നെ വെയ്റ്റിങ് ലിസ്റ്റിലേക്ക് എത്തിയിരുന്നു. ശബരിമല സ്പെഷൽ ആയി പ്രഖ്യാപിച്ചതാണെങ്കിലും ക്രിസ്മസിനു ചെന്നൈയിൽനിന്നുള്ള യാത്രക്കാർക്കു നാട്ടിലേക്ക് എത്താനുള്ള ട്രെയിനായും വന്ദേഭാരത് സ്പെഷൽ മാറി. ചെന്നൈ– കോട്ടയം വന്ദേഭാരതിനും മികച്ച പ്രതികരണം ലഭിച്ചതോടെ കേരളത്തിലൂടെയുള്ള 3 വന്ദേഭാരത് ട്രെയിനുകളും യാത്രക്കാർ ഏറ്റെടുത്തുകഴിഞ്ഞു.

ഇനിയും നീട്ടുമോ ?
ഇപ്പോഴത്തെ ഷെഡ്യൂൾ അനുസരിച്ച് ചെന്നൈ– കോട്ടയം വന്ദേഭാരതിന് 4 ഷെഡ്യൂളുകൾ കൂടിയാണു ബാക്കി. 22, 24 തീയതികളിൽ ചെന്നൈയിൽനിന്നു കോട്ടയത്തേക്കും. 23, 25 തീയതികളിൽ കോട്ടയത്തുനിന്നു ചെന്നൈയിലേക്കും.ടിക്കറ്റുകൾ വേഗത്തിൽ ബുക്ക് ചെയ്യുന്നതു പരിഗണിച്ച് സ്പെഷൽ ട്രെയിനായി സർവീസ് ദീർഘിപ്പിക്കണമെന്നാണ് ആവശ്യം. തുടർന്നു ട്രെയിൻ സ്ഥിരമാക്കണം. 

നല്ല തിരക്കുള്ള ചെന്നൈ– കോട്ടയം പാതയിൽ കൂടുതൽ ട്രെയിനുകൾ വേണമെന്ന ആവശ്യം നേരത്തേയുണ്ട്. കാട്പാടിയിൽ സ്റ്റോപ്പുള്ളതിനാൽ വെല്ലൂർ മെഡിക്കൽ കോളജിലേക്കു പോകുന്നവർക്കും ട്രെയിൻ ഗുണകരമാണ്. റെയിൽവേയുടെ പ്രീമിയം ട്രെയിൻ തന്നെ വന്നാൽ കൂടുതൽ ശ്രദ്ധ ഈ റൂട്ടിൽ ലഭിക്കുമെന്നും യാത്രക്കാർ പറയുന്നു. മറ്റു ട്രെയിനുകളെ കാര്യമായി ബാധിക്കാതെ ചെന്നൈ– കോട്ടയം വന്ദേഭാരത് സർവീസ് നടത്താമെന്ന പ്രത്യേകതയുമുണ്ട്.

ആദ്യ നിർദേശം ജനുവരി വരെ
സ്പെഷൽ സർവീസായി ചെന്നൈ– കോട്ടയം ഡിസംബർ ഒന്നു മുതൽ 2024 ജനുവരി 28 വരെ നടത്താനായിരുന്നു ദക്ഷിണ റെയിൽവേ നൽകിയ ശുപാർശ. 9 മണിക്കൂറായിരുന്നു റണ്ണിങ് ടൈം ശുപാർശ. എന്നാൽ ട്രെയിൻ അനുവദിച്ചപ്പോൾ 25 വരെയാക്കി കുറച്ചു. റണ്ണിങ് ടൈം ചെന്നൈ– കോട്ടയം 11:45 മണിക്കൂറും കോട്ടയം– ചെന്നൈ 12:35 മണിക്കൂറുമാക്കി.  ട്രെയിൻ സ്ഥിരം ആക്കിയാൽ റണ്ണിങ് ടൈം കുറയ്ക്കാനും സാധ്യതയുണ്ട്. ഇങ്ങനെ വന്നാൽ ട്രെയിൻ കൂടുതൽ യാത്രക്കാരെ ആകർഷിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com