പൂക്കൾ, നിറയെ പൂക്കൾ; നാഗമ്പടം മൈതാനിയിൽ പുഷ്പമേള കാണാൻ തിരക്കേറി
Mail This Article
കോട്ടയം ∙ വർണവസന്തം തീർത്ത് നാഗമ്പടം മൈതാനിയിൽ നടത്തുന്ന പുഷ്പമേള കാണാൻ തിരക്കേറി. കേരള അഡ്വർടൈസിങ് ഏജൻസീസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് മേള. സ്വദേശിയും വിദേശിയുമായ നൂറിലധികം പൂക്കളുടെ ശേഖരവും കുട്ടികളുടെ പാർക്കും പ്രധാന ആകർഷണമാണ്. 6 നിറങ്ങളിലുള്ള ബാൽസം പുഷ്പങ്ങളും ആന്തൂറിയം, കുറ്റിത്തെച്ചി, ബൊഗേൻവില്ല വില്ല, റോസച്ചെടികൾ എന്നിവയും ആകർഷക ഇനങ്ങൾ.
ഫനാനോസസ്, അടീന എന്നിങ്ങനെ നാട്ടിൽ അത്ര പരിചിതമല്ലാത്ത പുഷ്പങ്ങളും മേളയിലുണ്ട്. പൂചെമ്പരത്തി വരിക്ക, സിന്ധുര വരിക്ക, റെഡ് ജാക്ക്, വിയറ്റ്നാം സൂപ്പർ ഏർലി തുടങ്ങി ഒരുവർഷം മുതൽ 3 മാസത്തിനുള്ളിൽ വരെ ഫലം തരുന്ന പ്ലാവ്, മാവ്, തെങ്ങ് തുടങ്ങിയ ഫലവൃക്ഷങ്ങളുടെ തൈകൾ പരിചയപ്പെടാനും വാങ്ങാനും അവസരമുണ്ട്.
എൺപതിലധികം സ്റ്റാളുകളിലായി സജ്ജമാക്കിയ മേളയിൽ കോഴിക്കോടൻ ഹൽവ, വ്യത്യസ്തങ്ങളായ രുചിക്കൂട്ടുകൾ, ചിത്രപ്രദർശനം, ഈർക്കിൽ ശിൽപ പ്രദർശനം, കുടുംബശ്രീ ഫുഡ് കോർട്ട് എന്നിവയുമുണ്ട്. പാവയ്ക്ക പച്ചമുളക്, കാരറ്റ് എന്നീ ഭക്ഷ്യവസ്തുക്കളിൽ തീർത്ത ദിനോസർ, താറാവ്, കോഴി തുടങ്ങിയവയുടെ പ്രദർശനവുമുണ്ട്.
40% സർക്കാർ സബ്സിഡിയിൽ സോളർ സ്ഥാപിക്കുന്നതിനുള്ള റജിസ്ട്രേഷൻ കൗണ്ടറുമുണ്ട്. മേളയിൽ ഇന്നു 10.30നു കുട്ടികൾക്കായി ചിത്രരചനാ മത്സരം, നാളെ വൈകിട്ട് 5ന് കാരൾ ഗാന മത്സരം എന്നിവ നടത്തും.രാവിലെ 11 മുതൽ രാത്രി 8 വരെയാണ് മേള. 90 രൂപയാണ് ടിക്കറ്റ് നിരക്ക്. 31നു സമാപിക്കും.