ജീവനില്ലാതെ ജലജീവൻ
Mail This Article
കുറിച്ചി ∙ വിവിധ വാർഡുകളിലായി 8000ത്തോളം കുടുംബങ്ങൾക്കു ശുദ്ധജലമെത്തിക്കാനുള്ള കുറിച്ചി പഞ്ചായത്തിലെ ജലജീവൻ പദ്ധതി നടപ്പിലാകുന്നത് ഒച്ചിഴയുന്ന വേഗത്തിൽ. ഇതുവരെ 2400 വീടുകളിൽ മാത്രമാണ് ജലജീവൻ പദ്ധതിയുടെ പൈപ്പ് എത്തിയത്. പദ്ധതി പൂർത്തീകരിക്കാൻ 3 മാസം മാത്രമേയുള്ളു.
9 മാസം മുൻപാണു പഞ്ചായത്തിൽ പദ്ധതി ആരംഭിക്കുന്നത്. എംസി റോഡ്, ചാലച്ചിറ– ഇളങ്കാവ് റോഡ് എന്നിവിടങ്ങളിൽ പൈപ്പിടാനുള്ള നിർമാണങ്ങൾ ആരംഭിച്ചിട്ടില്ല. പൈപ്പ് ഇടാൻ കുത്തിപ്പൊളിച്ച റോഡുകൾ നന്നാക്കിയിട്ടില്ല. ഇന്റർനെറ്റ്, ബിഎസ്എൻഎൽ കേബിളുകൾ തകരാറിലാകുന്നതും പതിവാണ്. വേനൽക്കാലമായാൽ ശുദ്ധജലം വിലയ്ക്ക് വാങ്ങി ഉപയോഗിക്കേണ്ട അവസ്ഥയാണ് പലയിടത്തും.
വെള്ളം എവിടെ നിന്ന് ?
ജലജീവൻ പദ്ധതിക്ക് ശുദ്ധജലമെത്തിക്കുന്നത് എവിടെ നിന്നെന്ന ചോദ്യം ബാക്കിയാണ്. നിലവിൽ ജലഅതോറിറ്റിയുടെ തുരുത്തിയിലെ ശുദ്ധജല സംഭരണിയിൽ നിന്നും 12, 16, 19 വാർഡുകളിൽ പൂർണമായും 4, 15 വാർഡുകളിൽ ചിലയിടങ്ങളിലും ജലമെത്തുന്നുണ്ട്. ജലജീവൻ പദ്ധതി പ്രകാരം എല്ലാ വാർഡുകളിലേക്കും വെള്ളമെത്തിക്കാനുള്ള ശേഷി തുരുത്തിയിലെ സംഭരണിക്കില്ല. ആനന്ദാശ്രമത്തിനു സമീപം അതോറിറ്റിയുടെ 85 സെന്റ് സ്ഥലത്ത് ശുദ്ധീകരണ സംവിധാനമുൾപ്പെടെ സംഭരണി സ്ഥാപിക്കുമെന്ന് അറിയിച്ചെങ്കിലും നിർമാണം ആരംഭിച്ചിട്ടില്ല. ഹോമിയോ കോളജിനു സമീപം 7 ലക്ഷം ലീറ്റർ ടാങ്ക് സ്ഥാപിക്കാനുള്ള പദ്ധതിയും ആരംഭിച്ചിട്ടില്ല.