ഉത്തരം ലഭിച്ചില്ല; ഒറ്റയാൾ പ്രതിഷേധം
Mail This Article
കരൂർ ∙ ജല ജീവൻ പദ്ധതിയുടെ ഉദ്ഘാടനത്തിനു സമാഹരിച്ച തുക ചെലവഴിച്ചതിനെ സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്തിലെ വള്ളിച്ചിറ വെസ്റ്റ് വാർഡ് മെംബർ പ്രിൻസ് അഗസ്റ്റിൻ കുര്യത്ത് പഞ്ചായത്ത് ഓഫിസിനുള്ളിൽ ധർണ നടത്തി. ഇന്നലെ ഉച്ചയോടെ ആരംഭിച്ച ധർണ വൈകിട്ടും അവസാനിപ്പിക്കാത്തതിനെ തുടർന്ന് പൊലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടു. സ്വതന്ത്ര അംഗമാണ് പ്രിൻസ് അഗസ്റ്റിൻ.
74401 രൂപ പഞ്ചായത്തിലെ ജല ജീവൻ പദ്ധതിയുടെ ഉദ്ഘാടനത്തിനായി ചെലവഴിച്ചെന്നാണ് കണക്ക്. ജല അതോറിറ്റി അസി.എൻജിനീയറുടെ പ്രത്യേക ഫണ്ടിൽ നിന്ന് 90000 രൂപയും ലഭിച്ചു. കരാറുകാരിൽ നിന്ന് 110000 രൂപ ലഭിച്ചതായും പ്രിൻസ് പറയുന്നു. എന്നാൽ ഇത്രയും തുക സമ്മേളനത്തിനു ചെലവായിട്ടില്ലെന്നാണ് പ്രിൻസ് പറയുന്നത്.
ഇന്നലെ ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിൽ എത്ര രൂപ ചെലവായെന്നും ബാക്കി തുക എവിടെയെന്നും ആരാഞ്ഞെങ്കിലും പ്രസിഡന്റ് കണക്ക് വ്യക്തമാക്കാൻ തയാറായില്ല. പയപ്പാറിൽ ടേക്ക് എ ബ്രേക്ക് പരിപാടിയുടെ ഉദ്‌ഘാടനത്തിന്റെ കണക്കുകളിലും വ്യക്തതയില്ല. അന്നു ചേർന്ന കർമസഭയിൽ പങ്കെടുത്ത 13 മെംബർമാർക്കും 1478 രൂപ വീതം പിഴ അടയ്ക്കാനുള്ള നോട്ടിസ് ഓഡിറ്റ് കമ്മിറ്റി നൽകിയിട്ടുണ്ടെന്നും പ്രിൻസ് പറഞ്ഞു.
ജല ജീവൻ പദ്ധതിയുടെ ഉദ്ഘാടനത്തിനു സമാഹരിച്ച തുക ചെലവഴിച്ചതുമായി ബന്ധപ്പെട്ട കണക്ക് പഞ്ചായത്ത് കമ്മിറ്റിയിൽ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തിരുന്നതായി പ്രസിഡന്റ് മഞ്ജു ബിജു പറഞ്ഞു. ഇന്ന് 11നു അടിയന്തര പഞ്ചായത്ത് കമ്മിറ്റി വിളിച്ചു ചേർത്തിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.