ADVERTISEMENT

കുറവിലങ്ങാട് ∙എംസി റോഡിൽ കോഴാ ഭാഗത്തും പള്ളിക്കവലയിലും അപകടക്കെണിയായി മാറിയ വേഗത്തടകൾ നീക്കം ചെയ്യാൻ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ ടാറിങ് ചെയ്തു ഉയരം കുറയ്ക്കാൻ നടപടി സ്വീകരിച്ചതായി മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. മഞ്ഞ നിറത്തിലുള്ള വരകൾക്കു ഇടയിൽ ടാറിങ് നടത്തും. കോഴാ ഭാഗത്തു പെട്രോൾ പമ്പിനു മുൻവശത്തെ വേഗത്തടകളുടെ ഇടയിലുള്ള ഭാഗം കുഴിയായി മാറിയതോടെ ഓരോ ദിവസവും അപകടം വർധിക്കുകയാണ്.വ്യാപക പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി.

കോഴാ ഭാഗത്തെ വേഗത്തടകൾ സന്ദർശിക്കാൻ എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സംഘം എത്തിയപ്പോൾ എൽഡിഎഫ്.യുഡിഎഫ് പ്രവർത്തകർ തമ്മിൽ തർക്കം ഉണ്ടായി. കഴിഞ്ഞ വർഷം മൂന്നുനോമ്പ് തിരുനാളിനു മുന്നോടിയായി നടത്തിയ യോഗത്തിൽ വേഗത്തടകൾ ഉടൻ നീക്കം ചെയ്യുമെന്നു ഉറപ്പ് നൽകിയ എംഎൽഎ വാക്ക് പാലിച്ചില്ലെന്നു എൽഡിഎഫ് ആരോപിച്ചു.എംസി റോഡിൽ വിവിധ സ്ഥലങ്ങളിൽ വേഗത്തട സ്ഥാപിച്ചതു മുതൽ അപകടങ്ങൾ വർധിച്ചു. ഇക്കാര്യം നിയമസഭയിൽ ഉന്നയിക്കുകയും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കു നിവേദനം നൽകുകയും ചെയ്തെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ലെന്നു എംഎൽഎ പറഞ്ഞു. 

അപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ് പരിഹാര നടപടി സ്വീകരിച്ചത്.എംസി റോഡിന്റെ ചുമതല വഹിക്കുന്ന കോട്ടയം പൊതു മരാമത്ത് അറ്റകുറ്റപ്പണി വിഭാഗം,കെഎസ്ടിപി അധികൃതർ എന്നിവരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ടാറിങ് നടത്തി പുന:ക്രമീകരിക്കുന്നതിനു നിർദേശം നൽകിയതായി എംഎൽഎ അറിയിച്ചു. ഇവ പൊളിച്ചു മാറ്റാൻ സർക്കാർ ഉത്തരവ് ലഭിച്ചാൽ വേഗത്തിൽ നടപടി സ്വീകരിക്കും.

അപകടം തുടരുന്നു

കഴിഞ്ഞ ദിവസവും കോഴാ ഭാഗത്തെ വേഗത്തടകളിൽ ബൈക്ക് യാത്രക്കാരൻ അപകടത്തിൽ പെട്ടു. സാരമായി പരുക്കേറ്റു. ദിവസവും ഒട്ടേറെ വാഹനങ്ങളാണ് ഇവിടെ കെണിയിൽ പെടുന്നത്. പലർക്കും സാരമായി പരുക്കേറ്റു.വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ വേണ്ടിയാണ് എംസി റോഡിൽ . കുറവിലങ്ങാട് പള്ളിക്കവല, കോഴാ, വെമ്പള്ളി, തോട്ടുവാ റോഡിൽ തോട്ടുവാ എന്നിവിടങ്ങളിൽ റംബിൾ സ്ട്രിപ്പുകൾ സ്ഥാപിച്ചത്. കോഴാ ഭാഗത്തു വേഗത്തടയുടെ ഉയരം മാത്രമല്ല പ്രശ്നം. ഭാരവാഹനങ്ങൾ കയറി ഈ ഭാഗത്തു റോഡ് ഇടിഞ്ഞു താഴ്ന്നു. വശങ്ങൾ കുഴിയായി മാറി.

എൽ‍ഡിഎഫ് പറയുന്നത്

വേഗത്തടകൾ ഉടൻ നീക്കം ചെയ്യുമെന്നു ഉറപ്പ് നൽകിയ എംഎൽഎ വാക്ക് പാലിച്ചില്ല. പ്രശ്നത്തിനു പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിൽ എൽഡിഎഫിന്റെ നേതൃത്വത്തിൽ നവകേരള സദസ്സിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പരിഹാരം ഉണ്ടാകുമെന്നു ഉറപ്പാണെന്നു എൽ‍‍‍ഡിഎഫ് നേതാക്കൾ പറഞ്ഞു.

പ്രശ്ന പരിഹാരം ഉറപ്പായപ്പോൾ അതിന്റെ പിതൃത്വം ഏറ്റെടുക്കാനാണ് യുഡിഎഫ് ശ്രമം.എൽഡിഎഫ് മണ്ഡലം കൺവീനർ സിബി മാണി, സദാനന്ദ ശങ്കർ,എൻ ബാലകൃഷ്ണൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യൻ,ഡാർലി ജോജി സന്ധ്യ സജീവ് ,ബിജു പുഞ്ചയിൽ ,സിറിൽ ചെമ്പനാനിക്കൽ സജീവ്, ജയകുമാർ കാഞ്ഞിരവേലിൽ, രാജേഷ് വട്ടക്കാട്ടിൽ, എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com