ട്രെയിനിൽനിന്ന് യുവതിയുടെ സ്വർണമാല കവർന്ന അതിഥിത്തൊഴിലാളി പിടിയിൽ
Mail This Article
കോട്ടയം ∙ സ്റ്റേഷൻ വിട്ട ട്രെയിനിൽനിന്ന് യുവതിയുടെ സ്വർണമാല പൊട്ടിച്ചെടുക്കുകയും മറ്റൊരു ട്രെയിനിലെ യാത്രക്കാരിയുടെ മൊബൈൽ ഫോണും മറ്റ് രേഖകളുമടങ്ങിയ ബാഗ് തട്ടിയെടുക്കുകയും ചെയ്ത കേസിൽ അതിഥിത്തൊഴിലാളിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളിയിൽ പെയിന്റിങ് ജോലി നടത്തിവന്ന അസം സ്വദേശി അബ്ദുൽ ഹുസൈനെയാണ് (24) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ക്രിസ്മസ് രാത്രിയിലാണ് സംഭവം.
കൊല്ലം സ്പെഷൽ ട്രെയിൻ സ്റ്റേഷൻ വിട്ടയുടനെ ജനാലയുടെ അരികിലായിരുന്ന യുവതിയുടെ 4 പവന്റെ സ്വർണമാല പൊട്ടിച്ചെടുത്ത് പ്ലാറ്റ്ഫോമിലൂടെ ഓടിരക്ഷപ്പെട്ട അബ്ദുൽ ഹുസൈൻ സമീപ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്ന അമൃത എക്സ്പ്രസിലെ കംപാർട്മെന്റിൽ ഉറങ്ങിക്കിടന്ന യുവതിയുടെ ഫോണും മറ്റു രേഖകളുമടങ്ങിയ ബാഗും തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. കാഞ്ഞിരപ്പള്ളിയിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മോഷണദൃശ്യങ്ങൾ അടങ്ങിയ സിസിടിവി ചിത്രങ്ങളും പൊലീസിന് ലഭിച്ചിരുന്നു. റെയിൽവേ എസ്എച്ച്ഒ റെജി പി.ജോസഫ്, ആർപിഎഫ് എസ്ഐ സന്തോഷ്, ഗ്രേഡ് എസ്ഐ ഉദയൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ദിലീപ്, സിവിൽ പൊലീസ് ഓഫിസർ രാഹുൽ എന്നിവർ അറസ്റ്റിൽ പങ്കെടുത്തു. അബ്ദുലിനെ കോടതി റിമാൻഡ് ചെയ്തു.