ADVERTISEMENT

ചങ്ങനാശേരി∙ സമുദായാചാര്യൻ മന്നത്തു പത്മനാഭന്റെ 147–ാമത് ജയന്തി ആഘോഷങ്ങൾക്കുള്ള അവസാനഘട്ട തയാറെടുപ്പുകളിൽ പെരുന്ന എൻഎസ്എസ് ആസ്ഥാനം. പെരുന്നയിലെ വിദ്യാഭ്യാസ സമുച്ചയ മൈതാനിയിൽ ആധുനികരീതിയിൽ തയാറാക്കിയിരിക്കുന്ന മന്നംനഗറിൽ ജനുവരി 1,2 തീയതികളിലാണു ആഘോഷങ്ങൾ. 30,000 ആളുകൾക്ക് ഇരിക്കാവുന്ന കൂറ്റൻ പന്തലിന്റെ നിർമാണം പൂർത്തിയായി. മോടിപിടിപ്പിക്കൽ ജോലികൾ അവസാന ഘട്ടത്തിലാണ്. പ്രവേശനകവാടത്തിന്റെയും പ്രധാന വേദിയുടെയും പണികളും അന്തിമഘട്ടത്തിലാണ്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കരയോഗ ഭാരവാഹികൾക്കും പ്രവർത്തകർക്കും താമസിക്കുന്നതിനായി എൻഎസ്എസ് വിദ്യാഭ്യാസ സമുച്ചയങ്ങളിലാണു സൗകര്യമൊരുക്കിയിരിക്കുന്നത്. സ്ത്രീകൾക്കു വനിതാ ഹോസ്റ്റലിലും താമസസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എൻഎസ്എസ് ഹിന്ദു കോളജ് മൈതാനത്തു വിശാലമായ ഊട്ടുപുരയും തയാറാക്കിയിട്ടുണ്ട്. 

മന്നം സമാധിയും ആസ്ഥാന മന്ദിരവും വൈദ്യുതദീപാലങ്കാരത്താൽ മനോഹരമാക്കുന്ന ജോലികളും അവസാനഘട്ടത്തിലാണ്. എൻഎസ്എസ് ആസ്ഥാനവും മന്നം സമാധിയും പ്രധാനകവാടവും ചായംപൂശി മോടിയാക്കി സന്ദർശകരെ വരവേൽക്കാനൊരുങ്ങി.ജനുവരി ഒന്നിനു രാവിലെ 6.30 മുതൽ ഭക്തിഗാനാലാപനം, 7 മുതൽ മന്നംസമാധിയിൽ പുഷ്പാർച്ചന എന്നിവ നടക്കും.

10.15ന് അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ എൻഎസ്എസിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശദീകരണം നടത്തും. എൻഎസ്എസ് പ്രസിഡന്റ് ഡോ.എം.ശശികുമാർ അധ്യക്ഷത വഹിക്കും. തുടർന്നു ആനുകാലിക വിഷയങ്ങളിലുള്ള പ്രമേയങ്ങളും അവതരിപ്പിക്കും. സംഘടനാവിഭാഗം മേധാവി വി.വി.ശശിധരൻനായർ പ്രസംഗിക്കും. വൈകിട്ട് 3നു ബാംഗ്ലൂർ ബ്രദേഴ്‌സ് അവതരിപ്പിക്കുന്ന സംഗീതസദസ്സ്. വൈകിട്ട് 6.30നു നടി രചന നാരായണൻകുട്ടിയും സംഘവും അവതരിപ്പിക്കുന്ന നൃത്തം. രാത്രി 9നു കഥകളി.

2നു രാവിലെ മുതൽ ഭക്തിഗാനാലാപനം, 7 മുതൽ മന്നംസമാധിയിൽ പുഷ്പാർച്ചന. എട്ടിനു വെട്ടിക്കവല കെ.എൻ.ശശികുമാറിന്റെ നാഗസ്വരക്കച്ചേരി, 10.30നു ജയന്തിസമ്മേളനത്തിനെത്തുന്ന വിശിഷ്ടാതിഥികൾക്കു സ്വീകരണം. 10.45ന് ജയന്തിസമ്മേളനം മുൻ രാജ്യസഭാംഗം തെന്നല ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗം സി.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. എൻ.കെ.പ്രേമചന്ദ്രൻ എംപി അനുസ്മരണപ്രഭാഷണം നടത്തും. എൻഎസ്എസ് പ്രസിഡന്റ് ഡോ.എം.ശശികുമാർ അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ, ട്രഷറർ എൻ.വി.അയ്യപ്പൻപിള്ള എന്നിവർ പ്രസംഗിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com