ADVERTISEMENT

കോട്ടയം ∙ രുചിയൂറും കടൽ വിഭവങ്ങളുമായി മത്സ്യഫെഡിന്റെ റസ്റ്ററന്റ് പ്രവർത്തനം ആരംഭിക്കുന്നു. നാഗമ്പടം മുനിസിപ്പൽ പാർക്കിനു സമീപത്ത് മത്സ്യഫെഡിന്റെ അക്വേറിയം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് റസ്റ്ററന്റ് ആരംഭിക്കുന്നത്. ഏറെനാളായി അക്വേറിയം പ്രവർത്തിക്കുന്നില്ലായിരുന്നു. മത്സ്യഫെഡിനു കീഴിൽ ജില്ലയിലെ ആദ്യ കടൽ വിഭവ റസ്റ്ററന്റ് ആണ് ഇതെന്നു അധികൃതർ പറഞ്ഞു. റസ്റ്ററന്റിന്റെ നിർമാണം പകുതി പിന്നിട്ടു. നഗരത്തിലെ കുര്യൻ ഉതുപ്പ് റോഡിനോടു ചേർന്നാണ് കെട്ടിടം. കടലിൽ നിന്നുള്ള മിക്കവാറും എല്ലാ വിഭവങ്ങളും ഇവിടെ ആവശ്യമനുസരിച്ച് തയാർ ചെയ്തു മിനുട്ടുകൾക്കുള്ളിൽ തീൻമേശകൾക്കു മുന്നിലെത്തും. മത്സ്യഫെഡിന്റെ വിനോദ സഞ്ചാര ആകർഷക പദ്ധതി എന്നതിനൊപ്പം സാധാരണക്കാരെയും ലക്ഷ്യമിട്ടുള്ളതാണ് സംരംഭം. ഒരു മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്നു ജില്ല മാനേജർ ജോയ്സ് ഏബ്രഹാം പറഞ്ഞു.

നാഗമ്പടത്ത് 12 വർഷം മുൻപാണ് ‘ഫിഷ് ഗാലക്‌സി’ എന്ന പേരിൽ പബ്ലിക് അക്വേറിയം തുടങ്ങിയത്. 2018 ലെ വെള്ളപ്പൊക്കത്തിൽ ഏറെ നാശ നഷ്ടങ്ങൾ ഉണ്ടായി. പിന്നീട് പഴയ രീതിയിൽ  അക്വേറിയം പുനഃരാരംഭിക്കാൻ കഴിഞ്ഞില്ല. നഗരസഭ കൂടി ചേർന്നാണ് അക്വേറിയം നടത്തിയിരുന്നത്. നഗരസഭയുടെ 20 സെന്റ് സ്‌ഥലത്ത് അന്നു പബ്ലിക് അക്വേറിയത്തിനു വേണ്ടി നഗരസഭയാണ് കെട്ടിടം നിർമിച്ചു നൽകിയത്. 2000 ചതുരശ്ര അടി വിസ്‌തീർണമുള്ള ഹാളിൽ 50 അക്വേറിയം ടാങ്കുകളിലായി സമുദ്ര – ശുദ്ധ ജലത്തിലും ജീവിക്കുന്ന വിവിധതരം അലങ്കാര മത്സ്യങ്ങളാണ് ഉണ്ടായിരുന്നത്. പുതിയതായി റസ്റ്ററന്റ് ആരംഭിക്കുമ്പോൾ അക്വേറിയം വീണ്ടും തുടങ്ങാൻ കഴിയുമോയെന്നും അധികൃതർ ആലോചിക്കുന്നുണ്ട്. നഗരസഭയും ഹെൽത്ത് വിഭാഗവും മത്സ്യഫെഡും ചേർന്നുള്ള യോഗത്തിൽ മാത്രമേ അന്തിമ തീരുമാനമെടുക്കുകയുള്ളു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com