കാഞ്ഞിരപ്പള്ളിയുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകാൻ 2024
Mail This Article
കാഞ്ഞിരപ്പള്ളി ∙ സ്വപ്ന പദ്ധതികളായ ബൈപാസും സ്പോർട്സ് സ്കൂളും പുതുവത്സര പ്രതീക്ഷകളുടെ ചിറകിലാണ്. ഫയർ സ്റ്റേഷനു സ്ഥലം കണ്ടെത്തിയതും സഹൃദയ വായനശാലയ്ക്കും പഞ്ചായത്ത് ഓഫിസിനും പുതിയ കെട്ടിടം നിർമിക്കുന്നതിനുള്ള പദ്ധതിയും കാഞ്ഞിരപ്പള്ളിയുടെ പ്രതീക്ഷകളാണ്. ഇവയെല്ലാം 2024ൽ യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണു കാഞ്ഞിരപ്പള്ളി.
കാഞ്ഞിരപ്പള്ളി ബൈപാസ്
ഒന്നര പതിറ്റാണ്ടു മുൻപ് വിഭാവനം ചെയ്ത് പ്രാരംഭ നടപടികൾ ആരംഭിച്ച ബൈപാസ് പദ്ധതിയുടെ കുരുക്കുകളെല്ലാം അഴിച്ച് നിർമാണം തുടങ്ങിയതാണ് 2024ൽ കാഞ്ഞിരപ്പള്ളിയുടെ പ്രധാന പുതുവത്സര സന്തോഷം. ഫാബീസ് ഓഡിറ്റോറിയത്തിനു സമീപത്തു നിന്നുമാണ് റോഡ് നിർമിക്കുന്ന ജോലികൾ ആരംഭിച്ചത്. റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷനാണു നിർമാണ ചുമതല.
ദേശീയ പാത 183( കെകെ റോഡ്)ൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫിസ് പടിക്കൽ നിന്നു മണിമല റോഡിനും ചിറ്റാർ പുഴയ്ക്കും കുറുകെ പാലം നിർമിച്ച് ടൗൺ ഹാളിന് സമീപത്ത് കൂടി ഫാബീസ് ഓഡിറ്റോറിയത്തിന് അരികിലൂടെ പൂതക്കുഴിയിൽ ദേശീയ പാതയിൽ പ്രവേശിക്കുന്നതാണ് നിർദിഷ്ട ബൈപാസ്.1.65 കിലോമീറ്റർ ദൈർഘ്യമുള്ള ബൈപാസിൽ ഒരു പാലവും അഞ്ച് കലുങ്കുകളും നിർമിക്കും. ശരാശരി 15 മുതൽ 20 മീറ്റർ വരെയായിരിക്കും വീതി. ദേശീയ പാതയുമായി സംഗമിക്കുന്ന സ്ഥലങ്ങളിൽ അത് 28 മീറ്റർ വരെയുണ്ടാകും
ബൈപാസ് യാഥാർഥ്യമായാൽ കാഞ്ഞിരപ്പള്ളി നഗരത്തിലെ കുരിശുങ്കൽ ജംക്‌ഷൻ, ബസ് സ്റ്റാൻഡ് ജംക്‌ഷൻ, പേട്ടക്കവല എന്നിവിടങ്ങളിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമാകും.കൊല്ലം – തേനി ദേശീയപാത വഴിയും, ഈരാറ്റുപേട്ട വഴിയും എത്തുന്ന വാഹനങ്ങൾ നിലവിൽ കാഞ്ഞിരപ്പള്ളി നഗരം കടന്നുപോകണമെങ്കിൽ കുറഞ്ഞത് അര മണിക്കൂർ വേണം. ശബരിമല സീസണിൽ ഇത് മണിക്കൂറുകൾ നീളും. ബൈപാസ് യാഥാർഥ്യമായാൽ ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ കൊല്ലം– തേനി ദേശീയ പാതയിലൂടെയെത്തുന്ന ദീർഘദൂര വാഹനങ്ങൾക്ക് ടൗണിൽ പ്രവേശിക്കാതെ കടന്നുപോകാം. ഇതോടെ വീതി കുറഞ്ഞ നഗരവീഥിയിലെ ഗതാഗതം സുഗമമാകും.
സ്പോർട്സ് സ്കൂൾ
മലയോര മേഖലയിലെ കായിക പ്രേമികളുടെ സ്വപ്നമായ സ്പോർട്സ് സ്കൂൾ നിർമാണത്തിനായി കുന്നുംഭാഗം ഗവ.എൽപി സ്കൂളും പുതിയ കെട്ടിടത്തിലേക്കു മാറ്റി. എൽപി സ്കൂൾ പ്രവർത്തിച്ചിരുന്ന കെട്ടിടം ഉടൻ പൊളിച്ചു മാറ്റും. യുപി, ഹൈസ്കൂൾ വിഭാഗം നേരത്തെ പുതിയ കെട്ടിടത്തിലേക്കു മാറ്റിയിരുന്നു. ഇവ പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുകയും ചെയ്തിരുന്നു. സ്കൂൾ വളപ്പിലെ മരങ്ങളും വെട്ടിമാറ്റി. എൽപി സ്കൂളിന്റെ പഴയ കെട്ടിടം കൂടി പൊളിച്ചു മാറ്റുന്നതോടെ സ്പോർട്സ് സ്കൂളിന്റെ നിർമാണം ആരംഭിക്കും.
കുന്നുംഭാഗം സ്കൂളിന്റെ ഉടമസ്ഥതയിലുള്ള 7 ഏക്കറോളം സ്ഥലത്താണ് സ്പോർട്സ് സ്കൂൾ നിർമിക്കുന്നത്. 5 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കായി 14 ക്ലാസ് മുറികൾ, ഓഫിസ്, സ്റ്റാഫ് മുറികൾ, ലാബുകൾ, മൾട്ടിമീഡിയ റൂം, ലൈബ്രറി, സ്വിമ്മിങ് പൂൾ, ക്രിക്കറ്റ് നെറ്റ് പ്രാക്ടീസ്, വോളിബോൾ കോർട്ട്, സിന്തറ്റിക് ട്രാക്ക്, സിന്തറ്റിക് ടർഫ്, സ്പോർട്സ് സ്കൂളിലെ കുട്ടികൾക്കും പരിശീലകർക്കും ഹോസ്റ്റലുകൾ, മൾട്ടിപർപ്പസ് ഇൻഡോർ കോർട്ട്, കോംബാറ്റ് സ്പോർട്സ് ബിൽഡിങ്, ഭിന്നശേഷി സൗഹൃദ സ്പോർട്സ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നതാണു സ്പോർട്സ് സ്കൂൾ.
പഞ്ചായത്തിന് പുതിയ കെട്ടിടം
1960ൽ നിർമിച്ച പഴയ കെട്ടിടം പൊളിച്ചു പുതിയ കെട്ടിടം നിർമിക്കും. ഇതിനായി പഴയ കെട്ടിടം പൊളിച്ചു തുടങ്ങി. ഭാവിയിൽ മുനിസിപാലിറ്റിക്കു കൂടി ഉപകരിക്കുന്ന വിധം 3 നിലകളിലായി 16000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ് നിർമിക്കുന്നത്. ചീഫ് വിപ് ഡോ.എൻ ജയരാജിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 3.50 കോടി രൂപ മുടക്കിയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. ഇതിൽ പഞ്ചായത്ത് ഓഫിസ്, വിഇഒ ഓഫിസ്, എൽഎസ്ജിഡി വിഭാഗം, കുടുംബശ്രീ ഓഫിസ്, വിവിധ സേവന കേന്ദ്രങ്ങൾ, കഫേ ഷോപ് തുടങ്ങിയവ ഉൾപ്പെടുന്ന ആദ്യ 2 നിലകളുടെ നിർമാണം ആദ്യ ഘട്ടമായി പൂർത്തിയാക്കും.
ഫയർ സ്റ്റേഷന് സ്ഥലം
കാഞ്ഞിരപ്പള്ളിയിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഫയർ സ്റ്റേഷനു സ്വന്തമായി കെട്ടിടം നിർമിക്കുന്നതിന് ആവശ്യമായ സ്ഥലം അനുവദിച്ചു ജില്ല കലക്ടറുടെ ഉത്തരവായതും പ്രതീക്ഷയ്ക്കു വകനൽകുന്നു. 1990ൽ ഫയർ സ്റ്റേഷൻ തുടങ്ങിയ കാലം മുതൽ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ശബരിമല സീസൺ ഉൾപ്പെടെ ഫയർഫോഴ്സിന്റെ സേവനം അത്യന്താപേക്ഷിതമായ പ്രദേശമാണ്. സ്വന്തമായി കെട്ടിടം എന്നത് ദീർഘകാല ആവശ്യമായിരുന്നു. കാഞ്ഞിരപ്പള്ളി– മണിമല റോഡരികിൽ മണ്ണാറക്കയം ഭാഗത്ത് ജലലഭ്യതയുള്ള കെട്ടിട നിർമാണത്തിന് അനുയോജ്യമായ സ്ഥലമാണ് കണ്ടെത്തിയത്.
സഹൃദയ വായനശാല
കാഞ്ഞിരപ്പള്ളിയിലെ ആദ്യകാല സഹൃദയ വായനശാലയ്ക്കു പുതിയ 3 നില കെട്ടിടത്തിന്റെ നിർമാണ ജോലികൾ ആരംഭിച്ചു. കുരിശുങ്കലിൽ ദേശീയ പാതയോരത്ത് നിർമിക്കുന്ന കെട്ടിടത്തിന് 2.57 കോടിയാണ് നിർമാണ ചെലവ്.