ADVERTISEMENT

ചങ്ങനാശേരി ∙ സമുദായാചാര്യൻ‌ മന്നത്ത് പത്മനാഭന്റെ ജയന്തി ആഘോഷങ്ങൾക്കു പ്രൗഢഗംഭീരമായ തുടക്കം. അഖില കേരള നായർ പ്രതിനിധി സമ്മേളനത്തോടെയായിരുന്നു തുടക്കം. സംസ്ഥാനത്തെ 60 താലൂക്ക് യൂണിയനിലെ കരയോഗങ്ങൾ, വനിതാ സമാജങ്ങൾ, ബാലസമാജങ്ങൾ എന്നിവയുടെ പ്രതിനിധികൾ നായർ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്തു.

എൻഎസ്എസ് പ്രസിഡന്റ് ഡോ. എം.ശശികുമാർ, ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ, ട്രഷറർ എൻ.വി.അയ്യപ്പൻ പിള്ള, ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങൾ എന്നിവർ പെരുന്നയിലെ മന്നം സമാധിയിൽ എത്തി പുഷ്പാർച്ചന നടത്തി. മന്നം നഗറിലെ വലിയ പന്തലിൽ മന്നത്ത് പത്മനാഭന്റെയും വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെയും ചിത്രങ്ങൾക്കു മുന്നിൽ ഭദ്രദീപം തെളിച്ചു. 

ഭക്ഷണത്തിന് പഴയിടം രുചി
പാചകവിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതത്വത്തിലാണു സദ്യ ഒരുക്കുന്നത്. എൻഎസ്എസ് ഹിന്ദു കോളജ് മൈതാനത്താണു വിശാലമായ ഊട്ടുപുര. ഒരേസമയം 1000 പേർക്ക് ഇവിടെനിന്നു ഭക്ഷണം കഴിക്കാം.

ജാതി സെൻസസ് വേണ്ട: എൻഎസ്എസ്
ചങ്ങനാശേരി ∙ ജാതി, മത വ്യത്യാസമില്ലാതെ എല്ലാവരെയും മുഖ്യധാരയിൽ എത്തിക്കണമെന്ന് എൻഎസ്എസ് പ്രമേയം ജാതി തിരിച്ചുള്ള സെൻസസ് നടപടികളിൽ നിന്നു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പിന്മാറണമെന്ന് നായർ സർവീസ് സൊസൈറ്റി. പെരുന്നയിൽ അഖില കേരള നായർ പ്രതിനിധി സഭയിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് എൻഎസ്എസ് ഈ ആവശ്യം ഉന്നയിച്ചത്.

വോട്ട്ബാങ്കുകളായ ജാതിവിഭാഗങ്ങളുടെ സമ്മർദതന്ത്രങ്ങൾക്കു വഴങ്ങുകയും അവരുടെ സംഘടിതശക്തിക്കു മുന്നിൽ അടിയറവു പറയുകയും ചെയ്യുന്ന തരത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ സ്വീകരിച്ച പ്രീണന നയത്തിന്റെ ഭാഗമാണു ജാതി സെൻസസും ജാതി സംവരണത്തിനു വേണ്ടിയുള്ള മുറവിളികളും. രാജ്യത്തിന്റെ അഖണ്ഡതയ്ക്കു തന്നെ വെല്ലുവിളി ഉയർത്തുന്നതാണു ജാതിസംവരണം. ഇത്തരം സംവരണം ഭരണഘടനയുടെ അനുഛേദം 15(1)ന്റെ ലംഘനമാണെന്നു സുപ്രീം കോടതി തന്നെ വ്യക്തമാക്കിയതാണ്.

ജാതിസംവരണം വംശീയമായ വിവേചനം വർധിപ്പിക്കുന്നതിനും വിവിധ ജാതികൾ തമ്മിലുള്ള സ്പർധയ്ക്കും തുടർന്നു വർഗീയതയ്ക്കും വഴിതെളിക്കുന്നു. ജാതിമത വ്യത്യാസമില്ലാതെ വിദ്യാഭ്യാസ – സാമൂഹിക – തൊഴിൽപരമായി പിന്നാക്കം നിൽക്കുന്ന എല്ലാവരെയും മുഖ്യധാരയിൽ എത്തിക്കാൻ ഭരണകൂടങ്ങൾക്കു ബാധ്യതയുണ്ട്: പ്രമേയം പറയുന്നു. എൻഎസ്എസ് ട്രഷറർ എൻ.വി.അയ്യപ്പൻ പിള്ളയാണു പ്രമേയം അവതരിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com