ADVERTISEMENT

കോട്ടയം∙ മെഡിക്കൽ കോളജ് ആശുപത്രിയും അവശ്യമരുന്നുകൾ ഇല്ലാതെ വലയുന്നു. 130 കോടി രൂപയാണ് മരുന്നുകമ്പനികൾക്ക് നൽകാനുള്ളത്.ഇതു മൂലം കാൻസർ ചികിത്സയ്ക്കുള്ള മരുന്നുകളും ആന്റിബയോട്ടിക് ഉൾപ്പെടെ ജീവൻരക്ഷാ വിഭാഗത്തിൽപെടുന്ന വിലകൂടിയ 150 മരുന്നുകളും ഫാർമസിയിൽ ഇല്ല. മരുന്നുക്ഷാമം മൂലം ശസ്ത്രക്രിയ ഉൾപ്പെടെ വെട്ടിച്ചുരുക്കി. അടിയന്തര സ്വഭാവമുള്ള ശസ്ത്രക്രിയ മാത്രമാണ് നടക്കുന്നത്.

അതും സ്വന്തം നിലയിൽ മരുന്നും ശസ്ത്രക്രിയാ ഉപകരണങ്ങളും വാങ്ങി നൽകുന്നവർക്കു മാത്രം.ആരോഗ്യ സുരക്ഷാ പദ്ധതികളെ ആശ്രയിച്ച് ചികിത്സയ്ക്കെത്തിയ രോഗികൾ വലയുകയാണ്. 2 വർഷമായി കുടിശിക തീർക്കാത്തതിനാൽ മരുന്നുകമ്പനികളുമായി കരാർ പുതുക്കാനും അധികൃതർക്കു കഴിഞ്ഞിട്ടില്ല. സാധാരണക്കാരായ രോഗികൾ മരുന്നുകൾക്കും മറ്റുമായി സ്വകാര്യ മെഡിക്കൽ സ്റ്റോറുകളെയാണ് ആശ്രയിക്കുന്നത്.

രോഗികളിൽ ഭൂരിഭാഗവും ആരോഗ്യ ഇൻഷുറൻസ് വഴിയുള്ള സഹായം പ്രതീക്ഷിച്ചുവന്നവരാണ്. ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ എത്തുമ്പോഴാണ് പലരും ഇൻഷുറൻസ് സഹായം ലഭ്യമല്ലെന്ന് അറിയുന്നത്. ഫണ്ട് ഇല്ലെന്നാണ് അധികൃതരുടെ വിശദീകരണം.

അടിയന്തര ചികിത്സ നടത്തുന്നവർക്ക് സർക്കാർ ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് പണം തിരികെനൽകുമെന്നാണ് അധികൃതർ പറയുന്നത്. പക്ഷേ എന്നു നൽകുമെന്നതിന് ഉത്തരമില്ല. ആരോഗ്യ സുരക്ഷാ പദ്ധതിയിലെ തടസ്സങ്ങൾ മാറുമെന്ന് വിശ്വസിച്ച് ആശുപത്രിക്കു സമീപത്തെ ലോഡ്ജുകളിലും വാടകവീടുകളിലുമായി കഴിയുന്ന ഒട്ടേറെ രോഗികളുണ്ട്. 

സ്‌റ്റോക്ക് തീർന്നാൽ അടിയന്തര സ്വഭാവമുള്ള ശസ്ത്രക്രിയകൾ നിലയ്ക്കും. ഇതേസമയം സർക്കാരിന്റെ ഏജൻസിയായ കെഎംസിഎൽ വഴിയുള്ള മരുന്നുവിതരണത്തിനു തടസ്സമില്ലെന്നാണ് അധികൃതർ പറയുന്നത്. സ്റ്റോക്കുണ്ടെന്ന് ഇവർ അവകാശപ്പെടുന്നു. എന്നാൽ കാൻസർ, ശസ്ത്രക്രിയ വിഭാഗത്തിൽ ഉൾപ്പെടെ ഉപയോഗിക്കുന്ന വിലകൂടിയ മരുന്നുകളൊന്നും ഇവർ വിതരണം ചെയ്യുന്നില്ല.

ഡോക്ടർമാരില്ല: പ്രസവവേദന  സഹിച്ച് 8 മണിക്കൂർ 
കോട്ടയം ∙ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരില്ല; പിഞ്ചുജീവൻ രക്ഷിക്കാൻ മൂന്നാറിലെ തോട്ടം തൊഴിലാളി കുടുംബത്തിന് ഒരു രാത്രി ഓടേണ്ടി വന്നത് 159 കിലോമീറ്റർ. ഡിസംബർ 30നു രാത്രിയിലാണ് മൂന്നാർ കന്നിമല സ്വദേശി ഗൗരിയുടെ (20) പ്രസവത്തിനായി കുടുംബം ഇടുക്കി ജില്ലയിലെ 2 സർക്കാർ ആശുപത്രികളിൽ കയറിയിറങ്ങി ഒടുവിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തേണ്ടി വന്നത്.

പൂർണഗർഭിണിയായ ഗൗരിക്ക് 30നു രാത്രിയാണു വേദന അനുഭവപ്പെട്ടത്. തമിഴ്നാട്ടിൽ തൊഴിലാളിയായ ഭർത്താവ് പേച്ചിമുത്തു സ്ഥലത്തില്ലാത്തതിനാൽ ഗൗരിയുടെ സഹോദരീഭർത്താവ് കനകരാജും ബന്ധുക്കളും ചേർന്നാണു രാത്രി 12ന് ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഓട്ടോയിൽ അടിമാലി താലൂക്കാശുപത്രിയിലേക്കാണ് ആദ്യം പോയത്. 31നു പുലർച്ചെ 2ന് അടിമാലി ആശുപത്രിയിൽ എത്തി. എന്നാൽ അവിടെ ഡോക്ടർ ഇല്ലാത്തതിനാൽ തൊടുപുഴ താലൂക്കാശുപത്രിയിലേക്കു കൊണ്ടുപോകാൻ ആവശ്യപ്പെട്ടു.

അവിടെനിന്ന് ആംബുലൻസിൽ പുലർച്ചെ 4.30ന് തൊടുപുഴ താലൂക്കാശുപത്രിയിൽ എത്തിയെങ്കിലും അനസ്തീസിയ വിഭാഗത്തിൽ ഡോക്ടർ ഇല്ലാത്തതിനാൽ അഡ്മിറ്റ് ചെയ്യാനാകില്ലെന്നറിയിച്ചു. തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോകാൻ നിർദേശിച്ചു. രാവിലെ എട്ടോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 8 മണിക്കൂറോളം വേദന സഹിച്ച് ഗൗരിക്കു യാത്ര ചെയ്യേണ്ടി വന്നു. പുതുവർഷപ്പിറ്റേന്നു കോട്ടയം മെഡിക്കൽ കോളജിൽ ഗൗരി ആൺകുഞ്ഞിനു ജന്മം നൽകി. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com