വിൽക്കാനായി വിലയുറപ്പിച്ച 2 പശുക്കൾ പേവിഷബാധയേറ്റു ചത്തു; ബിമലയുടെ കഷ്ടകാലം കുറുനരിയുടെ രൂപത്തിൽ
Mail This Article
പാമ്പാടി ∙ മക്കളുടെ ഫീസ് അടയ്ക്കാൻ മറ്റു മാർഗമില്ലാതായതോടെയാണു തന്റെ പ്രിയപ്പെട്ട പശുക്കളെ വിൽക്കാൻ ബിമല തീരുമാനിച്ചത്. എന്നാൽ, വിൽക്കാനായി വിലയുറപ്പിച്ച 2 പശുക്കൾ പേവിഷബാധയേറ്റു ചത്തു. ബാക്കിയുള്ള പശുക്കളെ നിരീക്ഷണത്തിലാക്കിയതോടെ വരുമാനമാർഗവും അടഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് രാത്രി കുറുനരി തൊഴുത്തിൽ എത്തി പശുവിനെ ആക്രമിച്ചത്. വാഴൂർ ടിപി പുരം കിടാരത്തിൽ വീട്ടിൽ ബിമല പ്രസന്നനെയാണു കുറുനരിയുടെ രൂപത്തിൽ ദുർവിധി വെല്ലുവിളിച്ചത്. നാഗാലാൻഡ് സ്വദേശിയായ ബിമല വാഴൂർ സ്വദേശിയായ കെ.കെ.പ്രസന്നകുമാറുമായുള്ള വിവാഹശേഷം 20 വർഷമായി ഇവിടെയാണു താമസിക്കുന്നത്.
ഖത്തറിൽ ജോലി ചെയ്യുന്ന പ്രസന്നകുമാർ കോവിഡ് സമയത്ത് അപകടത്തെത്തെടർന്നു ചികിത്സയ്ക്കായി നാട്ടിലെത്തിയിരുന്നു. തിരികെ പോയെങ്കിലും സ്ഥിരജോലി ലഭിച്ചില്ല. ബിമല ആരംഭിച്ച പശുവളർത്തലാണു പ്രധാന വരുമാനമാർഗം. 6 പശുക്കളിൽ രണ്ടെണ്ണമാണ് ചത്തത്. മകൾ ശ്രീജൻവയുടെയും മകൻ പ്രണവിന്റെയും ഫീസുകൾ അടയ്ക്കാൻ മറ്റു വഴിയില്ലാതെ വന്നപ്പോഴാണു പശുക്കളെ വിൽക്കാൻ ബിമല തീരുമാനിച്ചത്. ഇനി ബാക്കി 2 പശുവും 2 കിടാക്കളുമാണ്. ഇതിനെ വാക്സീൻ നൽകി നിരീക്ഷണത്തിലാക്കി. ഫീസ് അടയ്ക്കാനുള്ള വഴിയടഞ്ഞതിനൊപ്പം ആകെയുള്ള വരുമാനവും നിലച്ച അവസ്ഥയിലാണു ബിമല.