മകരവിളക്കിന് ഒരുക്കങ്ങൾ പൂർണം; 15ന് എരുമേലി വഴി പമ്പയിലേക്ക് 250 കെഎസ്ആർടിസി ബസുകൾ
Mail This Article
എരുമേലി ∙ മകരവിളക്ക് ദിവസമായ 15ന് എരുമേലി വഴി പമ്പയിലേക്കു 250 കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും. എരുമേലി ഡിപ്പോയുടെ 20 ബസുകൾ കൂടാതെയാണു പൊൻകുന്നം, കോട്ടയം, കുമളി, ഈരാറ്റുപേട്ട ഡിപ്പോകളിൽ നിന്നുള്ള ബസുകൾ കൂടി എരുമേലി വഴി പമ്പയിലേക്കു പോകുന്നത്. കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നായി 800 ബസുകളാണു മകരവിളക്ക് ദിവസം പമ്പാ സർവീസ് നടത്തുന്നത്.
കാനന പാത ഒരുങ്ങുന്നു
എരുമേലി ∙ കാനന പാതയിലെ ഒരുക്കങ്ങൾ എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് അമൽ മഹേശ്വരൻ വിലയിരുത്തി. കാനനപാതയിലൂടെ യാത്ര ചെയ്താണു ഒരുക്കങ്ങൾ നിരീക്ഷിച്ചത്. മകരവിളക്ക് തീർഥാടനത്തോട് അനുബന്ധിച്ച് ഇരുപതിനായിരത്തിലധികം തീർഥാടകരാണു കാനനപാത വഴി നടന്നു പോകുന്നത്. ഇവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ സൗകര്യങ്ങളും കുടിവെള്ള സൗകര്യങ്ങളും സജ്ജമാണോ എന്നാണു പരിശോധിച്ചത്. വന സംരക്ഷണ സമിതി പ്രസിഡന്റ് എം.എസ്. സതീഷ് ഒപ്പമുണ്ടായിരുന്നു.
ഉടമയെ കണ്ടെത്തി
കണമല ഇറക്കത്തിൽ ശബരിമല സേഫ് സോൺ ഡ്യൂട്ടിക്കിടെ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കു ലഭിച്ച മൊബൈൽ ഫോണും ലൈസൻസും ഉടമയെ കണ്ടെത്തി കൈമാറി. തുലാപ്പള്ളി ആയുർവേദ ആശുപത്രി ജീവനക്കാരി പ്രസന്നയുടെ ഫോൺ ആണു യാത്രയ്ക്കിടെ കണമല ഭാഗത്തു നഷ്ടപ്പെട്ടത്. മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പതിവ് പരിശോധനയ്ക്കിടയിലാണു ഇത് കളഞ്ഞു കിട്ടിയത്