നവീകരണം കാത്ത് രണ്ടു പാലങ്ങൾ
Mail This Article
കുറവിലങ്ങാട് ∙ ടൗണിലെ മുട്ടുങ്കൽ പാലവും ഉഴവൂർ പഞ്ചായത്തിലെ മോനിപ്പള്ളി അട്ടക്കനാൽ പാലവും നവീകരണം കാത്തു കിടക്കുന്നു. രണ്ടു പാലങ്ങളുടെയും അടിവശത്തു കോൺക്രീറ്റ് ഇളകി കമ്പികൾ പുറത്തു വന്ന അവസ്ഥ. രണ്ടെണ്ണത്തിന്റെയും ബലക്ഷയം കണ്ടെത്തിയിട്ടു വർഷങ്ങളായി.പരിശോധനകൾക്കു അപ്പുറം കാര്യമായി ഒന്നും നടക്കുന്നില്ല.
മുട്ടുങ്കൽ പാലം
കുറവിലങ്ങാട് മുട്ടുങ്കൽ ജംക്‌ഷനിൽ നിന്ന് മുക്കവലക്കുന്ന്, ഞീഴൂർ, കാഞ്ഞിരംകുളം കോളനി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന വഴിയിൽ മുട്ടുങ്കൽ ജംക്‌ഷനിലെ പാലത്തിനു ബലക്ഷയം കണ്ടെത്തിയിട്ടു 5വർഷം കഴിഞ്ഞു. പരിഹാര നടപടി ഇല്ല.സർക്കാർ സഹായത്തോടെ അറ്റകുറ്റപ്പണി നടത്തുമെന്നായിരുന്നു ഉറപ്പ്. പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റ് അടർന്നു പോയിരിക്കുന്നതും നിർമാണത്തിനു ഉപയോഗിച്ച ഇരുമ്പ് കമ്പികൾ പുറത്തേക്ക് തള്ളി വന്നിരിക്കുന്നതും പൊതുമരാമത്തു വകുപ്പിന്റെ പരിശോധനയിൽ വ്യക്തമായിരുന്നു. ബലക്ഷയം സംഭവിച്ച പാലത്തിലൂടെ ഭാരവണ്ടികൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങളാണ് കടന്നു പോകുന്നത്. പുതിയ പാലം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. താൽക്കാലിക അറ്റകുറ്റപ്പണി നടത്തി പാലം സുരക്ഷിതമാക്കുന്ന നടപടിയെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്.
അട്ടക്കനാൽ പാലം
ഉഴവൂർ മോനിപ്പള്ളി റോഡിലെ മുക്കട കലുങ്കിനും അട്ടക്കനാൽ പാലത്തിനും ബലക്ഷയം. ദിവസവും നൂറുകണക്കിനു വാഹനങ്ങൾ കടന്നു പോകുന്ന പാലവും കലുങ്കും ബലപ്പെടുത്തണമെന്ന ആവശ്യം ശക്തമായി. പാലത്തിനു ബലക്ഷയം ഉണ്ടെന്നു പൊതു മരാമത്ത് വകുപ്പ് കണ്ടെത്തിയിരുന്നു.പാലായിൽ നിന്നു കൊച്ചിയിലേക്കുള്ള എളുപ്പവഴിയാണ് ഉഴവൂർ, മോനിപ്പള്ളി പാത. റോഡിനു അഞ്ചര മീറ്റർ വീതി. പക്ഷേ അട്ടക്കനാൽ പാലത്തിനും മോനിപ്പള്ളി മുക്കട ജംക്‌ഷനിൽ എംസി റോഡിൽ ഉഴവൂർ റോഡ് ചേരുന്ന ഭാഗത്തെ മുക്കട കലുങ്കിനും വീതി കുറവ്.
∙പ്രധാന പാതയാണെങ്കിലും നവീകരണം നടന്നിട്ടു വർഷങ്ങളായി. റോഡും പാലങ്ങളും നവീകരിക്കണമെന്നു ആവശ്യം. ∙എംസി റോഡിനു സമീപത്തെ മുക്കട പാലം 4.5 മീറ്റർ ക്ലിയർ സ്പാൻ ഉള്ള കലുങ്ക് ആണ്. ഇത് പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിനു കീഴിൽ. നടപടിയെടുക്കേണ്ടത് റോഡ്സ് വിഭാഗം. ∙അട്ടക്കനാൽ പാലം. 10.50 മീറ്റർ നീളം, 5 മീറ്റർ വീതി. 1972ൽ നിർമിച്ച പാലത്തിനു 50 വർഷം പഴക്കം. നടപ്പാത ഇല്ല. ഉഴവൂർ–മോനിപ്പള്ളി റോഡിന്റെ ശരാശരി വീതി അഞ്ചര മീറ്റർ. പക്ഷേ അട്ടക്കനാൽ പാലത്തിനു 5 മീറ്റർ വീതി. കാലപ്പഴക്കം മൂലം പാലത്തിനു ബലക്ഷയം. സ്ലാബിന്റെ കോൺക്രീറ്റ് പല സ്ഥലത്തും ഇളകിയ അവസ്ഥയിൽ. ടോറസ് ലോറി ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ കടന്നു പോകുന്ന റോഡാണ് ഇത്.