ആശുപത്രിക്കിടക്കയിലായ അച്ഛനൊപ്പം കൂട്ടിരിക്കുന്ന അക്ഷരയ്ക്ക് വീണ്ടും അക്ഷരത്തണൽ
Mail This Article
പാമ്പാടി ∙ ആശുപത്രിക്കിടക്കയിലായ അച്ഛനൊപ്പം കൂട്ടിരിക്കുന്ന അക്ഷരയ്ക്ക് വീണ്ടും അക്ഷരത്തണൽ. താലൂക്ക് ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി അക്ഷരയുടെ പിതാവ് കാൻസർ രോഗബാധിതനായ സുരേഷിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചതോടെ മുടിയൂർക്കര ഗവ.സ്കൂളാണ് കുട്ടിക്ക് വിദ്യാഭ്യാസ സൗകര്യം ഒരുക്കിയത്. നേരത്തേ, സുരേഷ് പാമ്പാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോൾ കോത്തല എൻഎസ്എസ് സ്കൂളാണ് അക്ഷരയ്ക്കു വിദ്യാഭ്യാസ സൗകര്യം ഒരുക്കിയത്. അച്ഛൻ രോഗബാധിതനായതോടെ പഠനം മുടങ്ങിയ രണ്ടാം ക്ലാസുകാരിയുടെ കഥ മനോരമയിൽ വന്നതോടെയാണ് ആദ്യം കോത്തലയിലും ഇപ്പോൾ മുടിയൂർക്കരയിലും കുട്ടിക്കു പഠന സൗകര്യം ഒരുങ്ങുന്നത്.
പുത്തൻ ബാഗും പുസ്തകങ്ങളും പഠനോപകരണങ്ങളും മിഠായിയും പൂക്കളുമായി കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, വാർഡ് കൗൺസിലർ സാബു മാത്യു, പ്രധാനാധ്യാപിക കെ.സിന്ധു, പിടിഎ പ്രസിഡന്റ് നിക്സൺ സാമുവൽ, എസ്എംസി ചെയർമാൻ എസ്.ദയാൽ, അധ്യാപികമാരായ ശാലിനി ലക്ഷ്മണൻ, ലിസ മണി എന്നിവർ മെഡിക്കൽ കോളജിലെത്തി മാതാപിതാക്കളിൽ നിന്നു കുട്ടിയെ സ്വീകരിച്ചു. കാൻസർ വാർഡിലെ ഡോ. സുരേഷും ആരോഗ്യ പ്രവർത്തകരും ഒപ്പം ചേർന്നു.