അറിയാതെയല്ല, മനഃപൂർവം ഇടിച്ചിട്ടത്; ടൈൽസ് പണിക്കാരന്റെ അപകടമരണത്തിൽ വഴിത്തിരിവ്
Mail This Article
കോട്ടയം ∙ വാഹനാപകടമെന്നു കരുതിയ സംഭവം മനഃപൂർവമായ നരഹത്യയെന്നു പൊലീസ് കണ്ടെത്തൽ. ടൈൽസ് പണിക്കാരനായ ചെങ്ങളം സൗത്ത് പതിനഞ്ചിൽപറമ്പിൽ പി.ജെ.കുഞ്ഞുമോന്റെ (57) മരണമാണു തുടരന്വേഷണത്തിൽ വഴിത്തിരിവിലെത്തിയത്. കുഞ്ഞുമോൻ വഴിയിലൂടെ നടന്നുപോകവേ മനഃപൂർവം ഓട്ടോയിടിപ്പിച്ച് തോട്ടിൽ ഇടുകയായിരുന്നെന്നാണു പൊലീസിന്റെ അന്തിമ റിപ്പോർട്ട്.
ഓട്ടോ അപകടത്തെ തുടർന്നാണു മരണമെന്നു കരുതിയ ആദ്യ എഫ്ഐആർ പ്രകാരമുള്ള കേസിൽ ഓട്ടോ ഡ്രൈവർ ചെങ്ങളം പുത്തൻപറമ്പിൽ പി.എം.ജോഷിമോൻ (ജോഷി–42) ആണു പ്രതി. ആ കേസിൽ ജാമ്യത്തിൽ കഴിയുന്ന ജോഷിക്കെതിരെ കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി – 3ൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. വ്യക്തിവൈരാഗ്യമാണു സംഭവത്തിനു പിന്നിലെന്നും പൊലീസ് കണ്ടെത്തി. കുഞ്ഞുമോന്റെ സഹോദരൻ പി.ജെ.സണ്ണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസന്വേഷിച്ചത്.
കഴിഞ്ഞ ഒക്ടോബർ 24നു വൈകിട്ട് 6ന് ആയിരുന്നു സംഭവം. വൈകിട്ട് ആറോടെ സാധനങ്ങൾ വാങ്ങാൻ വീടിനു സമീപത്തെ കടയിലേക്കു പോയ കുഞ്ഞുമോനെ പിന്നാലെ ഓട്ടോയിലെത്തിയ ജോഷി, ഇടിച്ചു തെറിപ്പിച്ച് തോട്ടിലേക്കു വീഴ്ത്തുകയായിരുന്നെന്നു റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിനു ശേഷം ഓട്ടോ നിർത്താതെ ഓടിച്ചുപോയി. തോടിനു സമീപത്തെ വീട്ടുകാർ ശബ്ദംകേട്ട് നോക്കിയപ്പോഴാണു സംഭവമറിയുന്നത്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. തലയ്ക്കും വാരിയെല്ലിനുമേറ്റ പരുക്കും ശ്വാസകോശത്തിൽ വെള്ളം കയറിയതുമാണു മരണകാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. ജോഷിയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും കേസ് അപകടമരണമാണെന്നു രേഖപ്പെടുത്തിയതിനാൽ കോടതി ജാമ്യത്തിൽ വിട്ടു. അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി പ്രതിക്ക് സമൻസ് അയയ്ക്കും. കുമരകം എസ്എച്ച്ഒ എ.എസ്.അൻസിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.