ADVERTISEMENT

തകിടി ∙ പ്രകൃതി സൗന്ദര്യം നിറഞ്ഞ മലയോരത്ത് പ്രകാശ ഗോപുരമായി വിളങ്ങുന്ന തകിടി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിലേക്ക് വെള്ളിയാഴ്ച മുതൽ വിശ്വാസികൾ ഒഴുകിയെത്തും. വിയർപ്പു കൊണ്ട് മണ്ണിൽ കനകം വിളയിച്ച മലയോര കർഷക മക്കൾ തങ്ങളുടെ ആത്മീയ തേജസ്സായി നെഞ്ചോടു ചേർത്തു പിടിച്ച തകിടി വല്യച്ചന്റെ അനുഗ്രഹം തേടിയുള്ള ഒഴുക്കാണത്. വെയിലിൽ തണലായി, സങ്കടങ്ങളിൽ ആശ്വാസമായി, ദുരന്തങ്ങളിൽ രക്ഷകനായി. പകർച്ചവ്യാധികളിൽ സംരക്ഷകനായി തകിടി വല്ല്യച്ചൻ ഇവർക്കൊപ്പമുണ്ട്. സന്താന ലബ്ദിക്കായി നൂറുകണക്കിന് ദമ്പതികൾ പ്രാർഥനകളുമായി തകിടി വല്യച്ഛന്റെ പക്കൽ എത്തുന്നു.

വെള്ളിയാഴച വൈകിട്ട് 4ന് തകടി വല്യച്ചന്റെ തിരുനാളിന് കൊടിയേറും. പ്രധാന തിരുനാൾ ദിനമായ 21ന് ഞായറാഴ്ച 10 ന് റവ ഫാ ജെയിംസ് വയലിക്കുന്നേൽ, റവ ഫാ മാർട്ടിൻ മണ്ണനാൽ, റവ.ഫാ ബിനു കൊച്ചു മണ്ണൂർ, റവ ഫാ.ജോബി കുടക്കാട്ടൂർ എന്നിവർ ആഘോഷമായ തിരുനാൾ കുർബാനക്ക് നേതൃത്വം നൽകും. റവ ഫാ ജോബി പുന്നിലത്തിൽ തിരുനാൾ സന്ദേശം നൽകും. ഉച്ചക്ക് 12ന് തിരുനാൾ പ്രദക്ഷിണവും തുടർന്ന് നേർച്ചക്കഞ്ഞി വിതരണവും നടക്കും. ശനിയാഴ്ച വൈകുന്നേരം 5ന് വിശുദ്ധ കുർബാനക്കുശേഷം രാത്രി പ്രദക്ഷിണവും രാത്രി 8.45 ന് അകാശവിസ്മയം കരിമരുന്ന്‌ കലാപ്രകടനവും ഉണ്ടാവും.

1930 കളിൽ ഒരു കുരിശുപള്ളിയായി ആരംഭിച്ച ഈ ദേവാലയം പിന്നീട് ഇടവക ദേവലയമായി മാറുകയായിരുന്നു. ചെറിയ ക്രൈസ്തവ ഇടവക സമൂഹമാണെങ്കിലും ജാതി മത ഭേദമന്യേ എല്ലാവരും ഈ ദേവാലയത്തോടും തകിടി വല്ല്യച്ചനോടും വിശ്വാസവും സ്നേഹവും പുലർത്തുന്നു. പ്രദേശത്തിന്റെ വികസന രംഗത്തും ഒരു ചാലക ശക്തിയായി മാറാൻ തകിടി പള്ളിക്കു കഴിഞ്ഞിട്ടുണ്ട്.

കാലത്തിന്റെ കുത്തൊഴുക്കിൽ കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളും തേടി ആളുകൾ മല വിട്ടിറങ്ങിയെങ്കിലും വർഷത്തിലൊരിക്കൽ തകിടി വല്യച്ചന്റെ തിരുനാൾ ദിനത്തിൽ അവരെല്ലാവരും ഈ ദേവാലയ മുറ്റത്ത് ഒന്നു ചേരും. അന്നേ ദിവസം 3500 ആളുകൾക്കുള്ള നേർച്ച സദ്യയാണ് ഇവിടെ വിളമ്പുന്നത്.

മലയോരമക്കളുടെ ഏറ്റവും വലിയ തിരുനാൾ ആഘോഷമാണിത്. പൂഞ്ഞാർ, കുന്നോന്നി, കൈപ്പള്ളി, മലയിഞ്ചിപ്പാറ, പാതാമ്പുഴ, ചോലത്തടം എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തജനങ്ങളും രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പ്രവാസികളും തിരുനാൾ ദിനത്തിൽ ഇവിടെയെത്തി അനുഗ്രഹങ്ങൾ തേടി മടങ്ങും. പൂഞ്ഞാർ കുന്നോന്നിയിൽ നിന്ന് മൂന്നു കിലോമീറ്റർ തെക്കായും മലയിഞ്ചിപ്പാറയിൽ നിന്ന് മൂന്നര കിലോമീറ്റർ വടക്ക് കിഴക്കായും മുതുകോര മലയുടെ ഇടവിതാനത്തിലാണ് തകിടി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയം സ്ഥിതി ചെയ്യുന്നത്. അരുവിക്കച്ചാൽ വെള്ളച്ചാട്ടം, മുതു കോരമല വ്യൂ പോയിന്റ് എന്നിവിടങ്ങളിലെത്തുന്ന വിനോദസഞ്ചാരികളും ഈ ദേവലയത്തിലെത്തി പ്രാർഥിക്കാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com