അക്കളിയൊന്നും ഈ മുറ്റത്ത് വേണ്ട; വേണമെങ്കിൽ വാഴച്ചോട്ടിൽ ഇരുന്നോ; പഞ്ചായത്ത് എൽപി സ്കൂൾ കളിസ്ഥലത്ത് വാഴക്കൃഷി
Mail This Article
കുമരകം ∙ പഞ്ചായത്ത് അഞ്ചാം വാർഡിലെ പഞ്ചായത്ത് എൽപി സ്കൂൾ കളിസ്ഥലത്ത് വാഴക്കൃഷി. കുട്ടികളുടെ കളി തടസ്സപ്പെടുത്തി കളിസ്ഥലത്ത് വാഴ നട്ട അധികൃതരുടെ നടപടിയിൽ പ്രതിഷേധം ശക്തമായി. സ്കൂളിലെ കുട്ടികൾക്കു പുറമേ 5, 6, 7 വാർഡുകളിൽ നിന്നുമുള്ള കുട്ടികളുമാണ് മൈതാനം ഉപയോഗിച്ചിരുന്നത്.കളിസ്ഥലമാകെ വാഴ നട്ടിരിക്കുന്ന കാഴ്ചകണ്ട് നിരാശയോടെ കുട്ടികൾ മടങ്ങി. അടുത്ത പ്രദേശങ്ങളിലൊന്നും കളിസ്ഥലം ഇല്ലാത്തതിനാലാണ് പരിമിതമായ സൗകര്യമുള്ള സ്കൂൾ മൈതാനത്തെ കുട്ടികൾ ആശ്രയിച്ചിരുന്നത്. വാഴ നട്ടതോടെ സ്കൂളിലെ കുട്ടികൾക്കും കളിസ്ഥലമില്ലാതായി. പന്തുകളി മൂലം ജനൽച്ചില്ലുകൾ തകരുന്നതും വൈകുന്നേരത്തെ ബഹളവും കാരണമാണു മൈതാനത്തെ കളി വിലക്കി വാഴ നട്ടതെന്ന് സ്കൂൾ അധികൃതർ പറയുന്നു. സ്കൂൾ മൈതാനത്തിന്റെ സംരക്ഷണത്തിനായി പദ്ധതി നടപ്പാക്കുമെന്നും സ്കൂളിനു പുതിയ കെട്ടിടം പണിയാൻ ആലോചനയുണ്ടെന്നും വാർഡ് അംഗം പി.എസ്. അനീഷ് പറഞ്ഞു.