ADVERTISEMENT

ചങ്ങനാശേരി ∙ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള റെയിൽവേ സ്റ്റേഷന്റെ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 5 കോടി രൂപ ചെലവഴിച്ച് ഒന്നാം ഘട്ട വികസനപ്രവർത്തനങ്ങളാണ് അവസാനഘട്ടത്തിലേക്ക് നീങ്ങുന്നത്.  ഒന്നാം പ്ലാറ്റ്ഫോമിൽ ഗ്രാനൈറ്റ് പാകുന്നതിനുള്ള ജോലികൾ ആരംഭിച്ചു. റെയിൽവേ സ്റ്റേഷനിലേക്കുള്ള പ്രവേശനകവാടം സ്ഥാപിക്കുന്ന നിർമാണവും പുരോഗമിക്കുകയാണ്.

ട്രെയിനിന്റെ വിവരങ്ങൾ, സമയം അറിയിക്കുന്ന ലൈവ് എൽഇഡി ബോർഡുകളും പ്ലാറ്റ്ഫോമിലെത്തി. ഒന്നാം പ്ലാറ്റ്ഫോമിനു മുകളിലും പുതിയ കെട്ടിടത്തിലെ വിഐപി ലോഞ്ച് മുറി, ഓഫിസ് മുറികൾ‌ എന്നിവിടങ്ങളിലും അലുമിനിയം പാനൽ ബോർഡുകൾ പാകുന്ന ജോലികളും അവസാനഘട്ടത്തിലാണ്. പ്ലാറ്റ്ഫോമിലുള്ള ഇരുമ്പ് തൂണുകൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പാനലിങ് ചെയ്ത് മറയ്ക്കും.

3000 ചതുരശ്ര മീറ്ററിൽ പുതിയ കെട്ടിടത്തോടു ചേർന്ന് നിർമിക്കുന്ന കൂറ്റൻ കാർ പാർക്കിങ് ഏരിയയുടെ നിർമാണം പുരോഗമിക്കുകയാണ്. പാർക്കിങ് ഏരിയക്കുള്ള കോൺക്രീറ്റ് തറയുടെ ജോലികൾ പൂർത്തിയായി. ഇതിന്റെ മേൽക്കൂരയുടെ നിർമാണം ഉടൻ ആരംഭിക്കും.

അമൃത് ഭാരത് പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഗുഡ്ഷെഡ് റോഡിൽ നിന്നു സ്റ്റേഷനിലേക്ക് രണ്ടാം പ്രവേശനകവാടം നിർമിക്കും. വാഴൂർ റോഡിൽ നിന്നെത്തുന്നവർക്ക് ഏറെ ഉപകാരപ്രദമാകും പുതിയ പ്രവേശനകവാടം. റെയിൽവേ ഡിവിഷനൽ വർക്കിന്റെ നേതൃത്വത്തിൽ സ്റ്റേഷനുള്ളിലെ രണ്ടാമത്തെ നടപ്പാലത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. ലിഫ്റ്റിന്റെ നിർമാണവും ഉടൻ ആരംഭിക്കും.

പൂർത്തിയായവ
∙കാർ പാർക്കിങ് ഏരിയയിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുന്നതിന് 100 മീറ്റർ നീളത്തിലുള്ള വാട്ടർ ഡ്രെയ്നിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്
∙മണ്ണിടിച്ചിൽ തടയുന്നതിന് 85 മീറ്റർ നീളത്തിൽ സ്റ്റേഷന്റെ മുൻപിൽ പുതിയ സംരക്ഷണഭിത്തി പൂർത്തിയായി.
∙റെയിൽവേ സ്റ്റേഷനു ചുറ്റിലുമായി അതിർത്തി മതിലുകൾ സ്ഥാപിച്ചു.

കൊടിക്കുന്നിൽ സുരേഷ് എംപി
ജില്ലയിലെ തന്നെ ഏറ്റവും വലിയ സ്റ്റേഷനുകളിലൊന്നായി ചങ്ങനാശേരി റെയിൽവേ സ്റ്റേഷൻ മാറും. ജില്ലാ ആസ്ഥാനമായ സ്റ്റേഷനുകൾക്ക് ലഭിക്കുന്ന എല്ലാ സൗകര്യവും ഇവിടെ ഉറപ്പാക്കും. വിമാനത്താവളത്തിന് സമാനമായ വികസനപ്രവർത്തനങ്ങളും സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളുമാണ് പുരോഗമിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com