'ഫോൺ എടുത്തയാളെ കണ്ടുപിടിക്കുമെന്ന് പറഞ്ഞതിന്റെ പിറ്റേന്ന് മകൾ അപകടത്തിൽപെട്ടു'
Mail This Article
പൊന്തൻപുഴ ∙ മകൾ ജിയന്ന ആൻ ജിറ്റോയുടെ (അന്നു മോൾ– 4) മരണത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ നിയമവഴി തേടുകയാണ് അച്ഛൻ ജിറ്റോ ടോമി ജോസഫ്. ബെംഗളൂരുവിലെ ഒറാക്കിൾ സെറിനെർ ഐടി കമ്പനിയിലാണ് ജിറ്റോ ജോലി ചെയ്യുന്നത്. ഭാര്യ ബിനിറ്റ തോമസ് റെഡിഡെഡിസ് ഐടി കമ്പനിയിലും. ബീനിറ്റ വർക് ഫ്രം ഹോം സംവിധാനത്തിലാണ് ജോലി ചെയ്യുന്നത്.
മകൾക്കുണ്ടായ അപകടത്തെപ്പറ്റി ജിറ്റോ പറയുന്നതിങ്ങനെ:
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2നും 2.15നും ഇടയിലാണ് ജിയന്ന സ്കൂളിന്റെ ടെറസിൽനിന്നു വീണത്. കളിക്കുന്നതിനിടെ വീണ് പരുക്കേറ്റു എന്നാണ് സ്കൂളിൽ നിന്ന് വീട്ടിലേക്ക് വിളിച്ചറിയിച്ചത്. സ്‌കൂളിൽ ചെന്നപ്പോൾ സമീപത്തെ ക്ലിനിക്കിലായിരുന്നു ജിയന്ന. ഉടൻ മറ്റൊരു ആശുപത്രിയിലേക്കു മാറ്റി. പിന്നീട് ബെംഗളൂരു ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉയരത്തിൽനിന്നുള്ള വീഴ്ചയിൽ തലയ്ക്ക് സാരമായി പരുക്കേറ്റതായാണ് ആശുപത്രി അധികൃതർ പറഞ്ഞത്. ഇതോടെയാണ് ടെറസ്സിൽനിന്നു വീണതാണെന്ന സത്യം സ്‌കൂൾ അധികൃതർ സമ്മതിച്ചത്.
സ്‌കൂളിന്റെ മുകളിലെ നിലയിലേക്കു കയറണമെങ്കിൽ വലിയൊരു ഗേറ്റ് ഉണ്ട്. 4 വയസ്സുള്ള മകൾക്ക് ഈ ഗേറ്റ് തുറക്കാൻ കഴിയില്ല. അഥവാ തുറന്നാൽ തന്നെ മുകളിലേക്ക് കയറണമെങ്കിൽ കോർട്ട് യാഡ് കയറി ഇടുങ്ങിയ ഇടനാഴി വഴി നടക്കണം. മറ്റൊരാളുടെ സഹായമില്ലാതെ കുട്ടിക്ക് ഇവിടെയെത്താൻ കഴിയില്ല. വീട്ടിലെ ബാൽക്കണിയിൽ പോലും മകൾ കയറാറില്ല.
പ്ലേ സ്‌കൂളിലെ ആയയെ കഴിഞ്ഞ ദിവസം വീട്ടിലും ജോലിക്കെടുത്തിരുന്നു. ഉച്ചകഴിഞ്ഞാണ് അവർ ജോലിക്ക് വരുന്നത്. സ്‌കൂൾ പ്രിൻസിപ്പലാണ് ആയയെ ഇടപാടാക്കി തന്നത്. വൃത്തിയോടെയല്ല ഇവർ ജോലിക്കെത്തുന്നതെന്ന് പ്രിൻസിപ്പലിനോട് പരാതി പറഞ്ഞിരുന്നു. ഇതിന്റെ ദേഷ്യം മൂലമാകാം ഇവർ അടുത്ത ദിവസം ജോലിക്കു വന്നില്ല. പിന്നീട് പറഞ്ഞു സമാധാനിപ്പിച്ചതോടെ വീണ്ടും വരാൻ തുടങ്ങി. അന്ന് എന്റെ മൊബൈൽ ഫോൺ കാണാതെ പോയി.
പിന്നീട് സമീപത്തെ വീടിന്റെ തിണ്ണയിൽനിന്നു കിട്ടി. ജിയന്ന എടുത്ത് എറിഞ്ഞതാണെന്ന് ആയ പറഞ്ഞു. മകൾക്ക് അത്ര ദൂരം എറിയാൻ കഴിയില്ല. അടുത്ത വീട്ടിലെ സിസിടിവി നോക്കി മൊബൈൽ ഫോൺ എടുത്ത ആളെ കണ്ടുപിടിക്കുമെന്ന് പറഞ്ഞതിന്റെ പിറ്റേദിവസമാണ് മകൾ അപകടത്തിൽപെടുന്നത്. എന്താണ് എന്റെ മകൾക്കു സംഭവിച്ചതെന്ന് അറിയണം. അതിനായി ഏതറ്റം വരെയും പോകും.