അമ്പമ്പോ! വമ്പൻ അതിശയങ്ങളുമായി ജംബോ സർക്കസ് വീണ്ടും
Mail This Article
കോട്ടയം∙ നാഗമ്പടം മൈതാനിയിൽ തമ്പൊരുക്കാനുള്ള ‘സർക്കസുകളി’യിലായിരുന്നു ഇന്നലെ ജംബോ സർക്കസിലെ ജീവനക്കാർ. ഇന്നു രാത്രി ഏഴിന് ആദ്യ പ്രദർശനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. 2000 പേർക്ക് ഇരിക്കാവുന്ന വലിയ തമ്പും പ്രവേശന കവാടത്തിലെ ചെറിയ തമ്പും ഒരുക്കി. മരണക്കിണർ ഉൾപ്പെടെയുള്ളവ സജ്ജമാക്കാനുള്ള യത്നത്തിലായിരുന്നു എല്ലാവരും.
ചെന്നൈ ആവടിയിൽ 29ന് അവസാനഷോ കഴിഞ്ഞ് 670 കിലോമീറ്റർ ദൂരെ കോട്ടയത്ത് അഞ്ചാം ദിനം ഷോ ആരംഭിക്കുക എന്നതായിരുന്നു വെല്ലുവിളി. ചെന്നൈയിലെ രാത്രി മാത്രം തുറക്കുന്ന വൺവേ മുതൽ പകൽ മാത്രം സഞ്ചാരം അനുവദിച്ചിട്ടുള്ള വനയാത്ര വരെ ഓരോ തടസ്സങ്ങൾ. അതെല്ലാം അതിജീവിച്ച് റെക്കോർഡ് വേഗത്തിൽ കോട്ടയത്തെത്തി ഷോ ഒരുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് 30 കലാകാരന്മാർ ഉൾപ്പെടെ 140 ജീവനക്കാർ.
1989 മുതൽ ഇതുവരെയുള്ള സർക്കസ് ജീവിതത്തിൽ റെക്കോർഡ് വേഗത്തിൽ ഒരുങ്ങിയ സർക്കസ് ഷോയും ഇതാണെന്ന് ഉടമ അജയ് ശങ്കർ പറഞ്ഞു. ഡബിൾ റിങ് അക്രോബാറ്റ്, ഡോഗ് ആക്ട്, മെക്സിക്കൻ വീൽ, ടാൻസാനിയൻ കലാകാരന്മാരുടെ വെയ്റ്റ്‌ലിഫ്റ്റിങ്, ഡബിൾ സാരി ആക്ട്, റഷ്യൻ സ്റ്റാച്യൂ അക്രോബാറ്റ് തുടങ്ങി ഒട്ടേറെ പുതിയ ഇനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉച്ചയ്ക്ക് 1.00, 4.00, രാത്രി 7.00 എന്നിങ്ങനെയാണ് പ്രദർശന സമയം. 100, 150, 250, 300 രൂപയാണ് ടിക്കറ്റ് നിരക്ക്.