നാവ് വരണ്ട് തൃക്കൊടിത്താനം
Mail This Article
തൃക്കൊടിത്താനം ∙ പഞ്ചായത്തിൽ ശുദ്ധജലം കിട്ടാക്കനിയാകുന്നു. അമര, ചെമ്പുംപുറം, കോട്ടമുറി, പാടത്തുംകുഴി, കുന്നുംപുറം, കിളിമല, ചക്രാത്തിക്കുന്ന്, കൊടിനാട്ടുംകുന്ന്, പൊട്ടശേരി, മാലൂർക്കാവ്, കടമാൻചിറ തുടങ്ങിയ പ്രദേശങ്ങളിലാണ് ശുദ്ധജലക്ഷാമം രൂക്ഷമാകുന്നത്. ജലഅതോറിറ്റിയുടെ ശുദ്ധജലം വല്ലപ്പോഴും മാത്രമാണ് ലഭിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. വന്നാൽ തന്നെ കഷ്ടിച്ച് 4 കുടം വെള്ളമാണ് കിട്ടുക.
വീടുകളിലെത്തേണ്ട ശുദ്ധജലം പക്ഷേ നാട് നീളെ പൈപ്പ് പൊട്ടി പാഴാകുന്നുണ്ട്. പഞ്ചായത്തിൽ 10 മാസം മുൻപ് ആരംഭിച്ച ജലജീവൻ മിഷൻ ഇപ്പോഴും പാതിവഴിയിലാണ്. പണം ലഭിക്കാതെ വന്നതോടെ കരാറുകാർ ജോലി നിർത്തി. ജലജീവൻ പദ്ധതിക്കായി നിലവിലുണ്ടായിരുന്ന പൈപ്പ് പൊളിച്ചിട്ടതോടെ ശുദ്ധജലം ലഭിച്ചുകൊണ്ടിരുന്നവരുടെ കുടിവെള്ളവും മുട്ടി. അമരയിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുദ്ധജല പദ്ധതിക്കായുള്ള ജലസംഭരണി 6 വർഷത്തോളമെടുത്താണ് പൂർത്തിയായത്. ഇവിടെ ജലവിതരണം ആരംഭിച്ചിട്ടില്ല. ഇതു ജലജീവൻ പദ്ധതിയുമായി ബന്ധിപ്പിക്കാൻ ഇപ്പോൾ ആലോചനയുണ്ട്.
വേനൽ കനത്തതോടെ പലയിടത്തെയും കിണറുകൾ വറ്റിത്തുടങ്ങി. പലരും വെള്ളം വിലയ്ക്കു വാങ്ങി ഉപയോഗിക്കുകയാണ്. അധ്വാനിച്ചു ലഭിക്കുന്ന പണം മുഴുവൻ ശുദ്ധജലം വാങ്ങാൻ മാറ്റിവയ്ക്കേണ്ട അവസ്ഥയിലാണ് പലരും.