ഭാഗ്യം വിൽക്കുന്ന കുരുന്നിന് സ്കൂളിൽ പോകണം, അമ്മയെ ചികിത്സിക്കണം
Mail This Article
പുതുപ്പള്ളി ∙ മൂന്നാം ക്ലാസുകാരി അനുഗ്രഹയും അമ്മ ഷീജ കുര്യനും രാവിലെ 5.45നു വീട്ടിൽ നിന്നിറങ്ങും. ലോട്ടറി വിൽപനയ്ക്കായാണ്, പുലരും മുൻപേ കുളിപ്പിച്ചൊരുക്കി സ്കൂൾ യൂണിഫോമും ധരിപ്പിച്ച മകളെയും കൂട്ടി ഷീജ പുതുപ്പള്ളി – മണർകാട് റോഡിൽ എത്തുന്നത്. 6 വർഷം മുൻപ് ഭർത്താവ് കെ.ജെ.നൈനാൻ തലച്ചോർ ചുരുങ്ങുന്ന അസുഖം ബാധിച്ച് മരിച്ചതിനു ശേഷം പുതുപ്പള്ളി കുമരംകോട് തേവരടിയിൽ ഷീജയുടെയും മകളുടെയും ജീവിതം ഇങ്ങനെയാണ്. ഓരോ ദിവസവും വിൽക്കുന്ന 60 ലോട്ടറി ടിക്കറ്റിന്റെ കമ്മിഷൻ വരുമാനത്തിലാണ് കുടുംബം മുന്നോട്ടു പോകുന്നത്. പ്രായമായ അമ്മയും ഭിന്നശേഷിക്കാരനായ സഹോദരനും ഷീജയ്ക്കുണ്ട്. രോഗിയായ ഷീജയുടെ സഹായിയാണ് അനുഗ്രഹ. ഷീജയ്ക്കു വലതു കൈ ഉയർത്താൻ കഴിയില്ല.
അടിയന്തര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.എന്നാൽ താൻ ആശുപത്രിയിലായാൽ അനുഗ്രഹയെ നോക്കാൻ മറ്റാരുമില്ലാത്തതിനാൽ ഷീജ ശസ്ത്രക്രിയ വേണ്ടെന്നു വച്ചു. പല ദിവസവും 60 ടിക്കറ്റും ഒരുമിച്ചെടുക്കാൻ ഒരാളെത്തും. ഇവരെ സഹായിക്കാനാണ് ഇങ്ങനെ മുഴുവൻ ടിക്കറ്റും ഒരുമിച്ചെടുക്കുന്നത്. പെട്ടെന്ന് ടിക്കറ്റ് തീരുന്ന ദിവസം അനുഗ്രഹയെ സ്കൂളിൽ അയയ്ക്കും. എത്രകാലം ഇങ്ങനെ മുന്നോട്ടുനീങ്ങുമെന്നാണ് ഷീജയുടെയും ആശങ്ക. കരുണയുള്ളവർ മുന്നോട്ടുവന്നാൽ ഷീജയുടെ രോഗചികിത്സയ്ക്കും അനുഗ്രഹയുടെ പഠനത്തിനുമുള്ള വഴി തെളിയും. അനുഗ്രഹ ഷീജ, അക്കൗണ്ട് നമ്പർ 12740100187605, ഐഎഫ്എസ്‌സി കോഡ് എഫ്ഡിആർഎൽ0001274, പുതുപ്പള്ളി ബ്രാഞ്ച്.