സാറേ... പൊടി കാരണം ക്ലാസിലിരുന്നു പഠിക്കാൻ വയ്യ; പരാതിയുമായി പിഞ്ചുകുട്ടികൾ പഞ്ചായത്തിൽ
Mail This Article
തലയോലപ്പറമ്പ് ∙ സാറേ ... പൊടി കാരണം ക്ലാസിലിരുന്നു പഠിക്കാൻ വയ്യ, ശ്വാസംമുട്ടലും അനുഭവപ്പെടുന്നു, സ്കൂളിലേക്ക് എത്തിപ്പെടാനും വയ്യ, ഇതിനൊരു പരിഹാരം കണ്ടെത്തി തരുമോ?. മറവൻതുരുത്ത് പഞ്ചായത്തിലെ ഇടവട്ടം ഗവൺമെന്റ് എൽപി സ്കൂളിലെ കുട്ടികൾ നേരിട്ടെത്തി പഞ്ചായത്ത് സെക്രട്ടറിക്കു നൽകിയ പരാതിയാണിത്. പൈപ്പ് സ്ഥാപിക്കാൻ റോഡു മുഴുവൻ കുഴിച്ചതാണ് പൊടിശല്യം രൂക്ഷമാകാൻ കാരണം. വെട്ടിക്കാട്ടുമുക്കിൽ നിന്നും തീരദേശമായ ചെമ്മനാകരിയിലേക്കു വെള്ളം എത്തിക്കുന്നതിന് പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നതിനാണ് റോഡ് വെട്ടിപ്പൊളിച്ചത്.
പൈപ്പ് സ്ഥാപിക്കുന്ന ജോലി പൂർത്തീകരിച്ചെങ്കിലും റോഡ് ടാറിങ് നടത്താൻ അധികൃതർ തയാറാകാത്തതാണ് പ്രധാന പ്രശ്നം. റോഡിനോട് ചേർന്നാണ് സ്കൂൾ പ്രവർത്തിക്കുന്നത്. റോഡ് വെട്ടിപ്പൊളിച്ചതോടെ വാഹനം പോകുമ്പോൾ ഉണ്ടാകുന്ന പൊടി കാരണം ക്ലാസ് മുറികളിൽ കുട്ടികൾക്ക് ഇരിക്കാൻ പറ്റാത്ത അവസ്ഥയാണ്. അങ്കണവാടി മുതൽ 4–ാം ക്ലാസുവരെയുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പൊടിശല്യം രൂക്ഷമായതോടെ പല കുട്ടികളെയും സ്കൂളിലേക്കു വിടാൻ രക്ഷിതാക്കൾ മടിക്കുന്ന അവസ്ഥയാണ്. ഇതിന് അടിയന്തര പരിഹാരം കാണണം എന്നതാണ് കുട്ടികളുടെ ആവശ്യം.