ADVERTISEMENT

കുമരകം ∙ പുഞ്ചക്കൃഷിയുടെ നെല്ല് സംഭരണം സപ്ലൈകോ തുടങ്ങി. ആർപ്പൂക്കര, നീണ്ടൂർ, കല്ലറ പഞ്ചായത്തുകളിലെ 6 പാടശേഖരങ്ങളിൽ നിന്നായി 146 ടൺ നെല്ല് സംഭരിച്ചു. ഈ സീസണിൽ ജില്ലയിൽനിന്നു 48,000 ടൺ നെല്ലാണ് ആകെ പ്രതീക്ഷിക്കുന്നതെന്നു പാഡി മാർക്കറ്റിങ് ഓഫിസർ ആർ.പ്രസന്നകുമാർ പറഞ്ഞു. നെല്ല് സംഭരണത്തിനു ഇതുവരെ 11 മില്ലുകളെ നിയോഗിച്ചു. ഈ മില്ലുകൾക്ക് എല്ലാംകൂടി 803 ടൺ നെല്ല് സംഭരിക്കാനാണു അനുമതി. 

കൊയ്ത്ത് പുരോഗമിക്കുന്ന മുറയ്ക്ക് കൂടുതൽ മില്ലുകളെ നെല്ല് സംഭരണത്തിനു നിയോഗിക്കും. കുമരകം, തിരുവാർപ്പ്, അയ്മനം, വെച്ചൂർ, തലയാഴം തുടങ്ങിയ പഞ്ചായത്തുകളിലെ കൊയ്ത്ത് തുടങ്ങുന്നതോടെ നെല്ല് സംഭരണം ഊർജിതമാകും.  ജില്ലയിലെ 44 കൃഷിഭവനുകളിലെ പാടശേഖരങ്ങളിലെ നെല്ലാണു സപ്ലൈകോ സംഭരിക്കുക. 460 പാടശേഖരങ്ങളിലാണു നെൽക്കൃഷിയുള്ളത്.നെല്ല് സംഭരണത്തിനുള്ള റജിസ്ട്രേഷൻ തുടരുകയാണ്.

പെയ്യരുതേ  വേനൽമഴ
ഇത്തവണത്തെ പുഞ്ചക്കൃഷിക്കു നല്ല വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണു കർഷകർ. കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിൽ നിന്ന് 20 ക്വിന്റലിനു മേൽ നെല്ല് ലഭിച്ചു. കാലാവസ്ഥ വ്യതിയാനം കൃഷിയെ ദോഷകരമായി ബാധിച്ചെങ്കിലും ഇത് വിളവിനെ ബാധിക്കില്ലെന്ന വിശ്വാസത്തിലാണു ഇവർ. വിതയ്ക്കുന്ന സമയത്ത് ഉണ്ടായ മഴ പ്രയാസമായി.പലരും രണ്ടും മൂന്നും തവണ വിത നടത്തിയാണു നെൽച്ചെടികൾ വളർത്തിയെടുത്തത്. 

കൃഷിയുടെ ചെലവ് ഏറിയതിനാൽ 20 ക്വിന്റൽ നെല്ല് എങ്കിലും കിട്ടിയാൽ മാത്രമേ ചെറിയ ലാഭമെങ്കിലും ലഭിക്കൂ എന്നു കർഷകർ പറഞ്ഞു. ഏപ്രിൽ അവസാനമേ പുഞ്ചക്കൊയ്ത്ത് അവസാനിക്കൂ. ഇതിനിടെ വേനൽമഴ ശക്തമായാൽ പ്രതീക്ഷകളെല്ലാം തകിടം മറിയും. കൊയ്ത്ത് യന്ത്രം യഥാസമയം കിട്ടാതെ വരുന്നതും കർഷകർക്കു തിരിച്ചടിയാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com