മരച്ചീനിക്കൃഷിക്ക് പുതിയ രീതിയുമായി കർഷകൻ
Mail This Article
കാഞ്ഞിരപ്പള്ളി∙ പുതിയ രീതിയിലുള്ള മരച്ചീനി കൃഷിയുമായി മലയോര കർഷകൻ. ഇരട്ടി വിളവു ലക്ഷ്യമിട്ടാണ് മഞ്ഞപ്പള്ളി കാരിക്കൽ ജോസഫ് ഡൊമിനിക് ഇത്തവണ മരച്ചീനി നട്ടത്. സാധാരണ മരച്ചീനി തണ്ട് 15 സെന്റിമീറ്റർ നീളത്തിൽ മുറിച്ചാണ് നടുന്നത്. പുതിയ കൃഷി രീതി അനുസരിച്ച് 18 സെന്റി മീറ്റർ നീളത്തിൽ കപ്പത്തണ്ട് മുറിച്ച് മണ്ണിലേക്ക് നടുന്ന ഭാഗത്ത് വട്ടത്തിൽ വരഞ്ഞ ശേഷം അവിടെ വേരുപിടിക്കുന്നതിനു മരുന്നു തേച്ചാണു നടുന്നത്.
തണ്ടിന്റെ വരഞ്ഞ ഭാഗത്തും താഴ്ഭാഗത്തും കിഴങ്ങ് വിളയുമെന്നു ജോസഫ് ഡൊമിനിക് പറയുന്നു. സാധാരണ കൃഷി രീതിയിലും ഒരു തട്ടു കൂടി മരച്ചീനി ഉണ്ടാകുമെന്നും ഇദ്ദേഹം പറയുന്നു. മുൻപ് ഈ രീതിയിൽ ചെയ്ത കൃഷി വിജയിച്ചതോടെയാണു കൂടുതൽ സ്ഥലത്ത് കൃഷിയിറക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു.
മറ്റ് പല സ്ഥലങ്ങളിൽ വിജയിച്ച കൃഷി രീതിയാണിത് എന്നും ഈ പ്രദേശത്ത് ഇത് ആദ്യമാണെന്നും കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പാട്ടത്തിനെടുത്ത പത്തേക്കറോളം സ്ഥലത്താണ് ജോസഫ് കൃഷി ചെയ്യുന്നത്. പഞ്ചായത്തിലെ മികച്ച കർഷകൻ, മികച്ച ജൈവ കർഷകൻ, മാതൃക കർഷകൻ എന്നീ നിലകളിൽ ഇദ്ദേഹത്തെ തിരഞ്ഞെടുത്തിട്ടുണ്ട്.
പുതിയ രീതിയിലുള്ള മരച്ചീനി നടീലിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോളി മടുക്കക്കുഴി, ഡാനി ജോസ് കുന്നത്ത്, ഇൻഫാം കാഞ്ഞിരപ്പള്ളി താലൂക്ക് ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പെരുനിലം, അസിസ്റ്റന്റ് അഗ്രികൾചറൽ ഓഫിസർ ജെ.ഷൈൻ, എം.എസ്.ദർശന, ജോസ് ജൂലിയൻ വെള്ളക്കട, ജോസ് കാക്കനാട്, ജോസ് തെരുവുംകുന്നേൽ, ഉല്ലാസ് മടുക്കക്കുഴി, ജോസ് മൈലപ്പറമ്പിൽ, സോമനാഥൻ, എന്നിവർ പങ്കെടുത്തു.