ADVERTISEMENT

ഏറ്റുമാനൂർ ∙ മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് ഇന്ന് മീനച്ചിലാറ്റിലെ പേരൂർ പൂവത്തുംമൂട് കടവിൽ നടക്കും. ഏറ്റുമാനൂരപ്പന്റെ നീരാട്ട് നടക്കുമ്പോൾ മറുകരയിൽ പെരിങ്ങള്ളൂർ മഹാദേവനും ആറാടും. ഒരേ ആറിന് അക്കരെയിക്കരെ നടക്കുന്ന ആറാട്ടുകൾക്ക് ഇന്ന് ഏറ്റുമാനൂർ, തിരുവഞ്ചൂർ ഗ്രാമങ്ങൾ സാക്ഷ്യം വഹിക്കും. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഏറ്റുമാനൂരപ്പന്റെ ആറാട്ട് എഴുന്നള്ളിപ്പ് പുറപ്പെടും. വലിയ സ്വർണത്തിടമ്പാണ് എഴുന്നള്ളിക്കുന്നത്. പ്രദക്ഷിണ വഴികൾ അലങ്കരിച്ച് നിറപറയും നിലവിളക്കുമായി നാട്ടുകാർ ഏറ്റുമാനൂരപ്പനെ വരവേൽക്കും. 

ഏറ്റുമാനൂരിൽ നിന്നു 4 കിലോമീറ്റർ മാറിയാണ് പേരൂർ ക്ഷേത്രം. പേരൂർ ഗ്രാമത്തിന്റെ പരദേവതയായി വിളങ്ങുന്ന പേരൂർക്കാവിലമ്മ ഏറ്റുമാനൂരപ്പന്റെ മകളാണെന്നാണ് സങ്കൽപം. പേരൂരിലെത്തുന്ന ഏറ്റുമാനൂരപ്പനു ഗ്രാമം വൻ വരവേൽപ് നൽകും. പേരൂർ കണ്ടംചിറ കവലയിൽ നിന്നു വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ആനയിച്ചു കൊണ്ടുവരുന്ന അച്ഛനെ വരവേൽക്കാൻ പേരൂർക്കാവിലമ്മ നിറപറയും നിലവിളക്കുമായി കാത്തിരിക്കുമെന്നാണ് വിശ്വാസം.

പുത്രിയെന്ന സങ്കൽപത്തിൽ പേരൂർക്കാവിലമ്മയ്ക്ക് ഒരു വർഷത്തേക്കുള്ള ചെലവിലേക്കായി എണ്ണയും പണക്കിഴിയും നൽകിയതിനു ശേഷമാണ് ഏറ്റുമാനൂരപ്പൻ ആറാട്ട് കടവിലേക്ക് നീങ്ങുക. പൂവത്തുംമൂട് കടവിൽ രാത്രി 11നാണ് ഏറ്റുമാനൂരപ്പന്റെ നീരാട്ട്. 

ആറാട്ട് ചടങ്ങുകൾക്കു തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി മൈവാടി പത്മനാഭൻ സന്തോഷ് എന്നിവർ മുഖ്യ കാർമികത്വം വഹിക്കും. ഇതേസമയം മറുകരയിൽ പാറമ്പുഴ പെരിങ്ങള്ളൂർ മഹാദേവക്ഷേത്രത്തിലെ ആറാട്ടും നടക്കും. ക്ഷേത്രം തന്ത്രിയുടെ പ്രതിനിധിയാണ് പെരിങ്ങള്ളൂരിലെ ആറാട്ട് ചടങ്ങുകൾക്ക് കാർമികത്വം വഹിക്കുക. ഏറ്റുമാനൂരപ്പന്റെ മടക്കയാത്രയിൽ പേരൂർ ചാലയ്ക്കൽ വിഷ്ണു ക്ഷേത്രത്തിൽ ഇറക്കിപ്പൂജ നടക്കും.

തിരിച്ചെഴുന്നള്ളത്ത് പേരൂർക്കാവിലെത്തുമ്പോൾ വാദ്യഘോഷങ്ങൾ നിർത്തി കാവിന്റെ പിന്നിലൂടെ നിശ്ശബ്ദമായാണ് ഏറ്റുമാനൂരപ്പന്റെ മടക്കം. പുലർച്ചെ ഒന്നോടെ പേരൂർ ജംക്‌ഷനിലെ ആറാട്ട് എതിരേൽപ് മണ്ഡപത്തിനു മുന്നിലെത്തും. അവിടെ നിന്ന് ഏഴരപ്പൊന്നാനകളുടെയും സ്വർണക്കുടകളുടെയും അകമ്പടിയോടെ ആറാട്ട് എതിരേൽപ് നടക്കും. തുടർന്ന് ക്ഷേത്രമൈതാനത്ത് എളുന്നള്ളിപ്പ്. എഴുന്നള്ളത്ത് ക്ഷേത്രത്തിൽ പ്രവേശിക്കുന്നതോടെ പത്തു ദിവസം നീണ്ടുനിന്ന ഉത്സവം കൊടിയിറങ്ങും.

ശ്രീമൂലസ്ഥാനത്ത് മകം തൊഴൽ 24ന് 
ഏറ്റുമാനൂർ∙  മഹാദേവക്ഷേത്രത്തിലെ ആറാട്ടിനു ശേഷമുള്ള മകം തൊഴൽ 24നു നീണ്ടൂർ ശ്രീമൂലസ്ഥാനം മംഗലത്തുമന ക്ഷേത്രത്തിൽ നടക്കും. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടിനു ശേഷം വരുന്ന മകം നാളിലെ സരസ്വതി യാമത്തിൽ ഊരാണ്മക്കാരായ എട്ടു മനകളിൽ ഒന്നായ മംഗലത്തുമനയിലെ ബ്രാഹ്മണ ശ്രേഷ്ഠനു പ്രത്യക്ഷ ദർശനം നടത്തിയ മുഹൂർത്തത്തെ സ്മരിക്കുന്നതാണ് മകം തൊഴൽ. ഇന്നും ശ്രീമൂല സ്ഥാനത്ത് മലയാളമാസ കണക്ക് നോക്കാതെ ഏറ്റുമാനൂർ ക്ഷേത്രത്തിലെ ആറാട്ടിനു ശേഷമെന്ന രീതിയിലാണ് മകം തൊഴലും നീണ്ടൂർ പൂരവും  നടത്തി വരുന്നത്. പുലർച്ചെ നാലിനു മകം തൊഴൽ ആരംഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com