ADVERTISEMENT

ഏറ്റുമാനൂർ∙ അനുഗ്രഹ വർഷം ചൊരിഞ്ഞ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം കൊടിയിറങ്ങി. മീനച്ചിലാറ്റിലെ പൂവത്തുംമൂട് കടവിലായിരുന്നു ആറാട്ട്. ഇതേ സമയം മറുകരയിൽ പെരിങ്ങള്ളൂർ മഹാദേവന്റെ ആറാട്ടും നടന്നു. മീനച്ചിലാറിന്റെ ഇരുകരകളിലുമായി ഒരേ സമയം നടന്ന ആറാട്ടുകൾക്ക് ഭക്ത സഹസ്രങ്ങൾ  സാക്ഷികളായി.   ഏറ്റുമാനൂരപ്പന്റെ ആറാട്ട് ചടങ്ങുകൾക്ക് തന്ത്രി  കണ്ഠര് രാജീവരും മേൽശാന്തി മൈവാടി പത്മനാഭൻ സന്തോഷും കാർമികത്വം വഹിച്ചു. ഇന്നലെ  ഉച്ചയ്ക്ക് ഒന്നരയോടെയാണ് ക്ഷേത്രത്തിൽ ആറാട്ട് പുറപ്പാട് ചടങ്ങുകൾ ആരംഭിച്ചത്.  3.30 നായിരുന്നു ആറാട്ട് പുറപ്പാട്.

ചൈത്രം അച്ചുവാണ് തിടമ്പേറ്റിയത്. മംഗലാംകുന്ന് മുകുന്ദൻ വലത്തെ കൂട്ടും പനയന്നാർ കാവ് കാളിദാസൻ ഇടത്തെ കൂട്ടുമായി. തിരികെ തിടമ്പേറ്റിയത് പല്ലാട്ട് ബ്രഹ്മദത്തനും. സായുധ പൊലീസ് അകമ്പടിയായി.   വഴികൾക്ക് ഇരുവശവുമായി  കുരുത്തോല തോരണങ്ങൾ ചാർത്തിയും പൂപ്പന്തൽ ഒരുക്കിയും ഭക്തർ സ്വീകരണം നൽകി. നിലവിളക്കുകളും ചെരാതുകളും വഴികളിൽ പ്രഭ ചൊരിഞ്ഞു. സ്വീകരണ പന്തലുകൾ ഗാനമേളയും നാടൻ പാട്ടുമായി ഭക്തർ ആഘോഷമാക്കി. ആറാട്ട് പുറപ്പാടിനു മുൻപ് ക്ഷേത്രാങ്കണത്തിൽ ഭദ്രാ കെഎംപി ഫറോക്ക് സംഘവും സോപാന സംഗീതം ആലപിച്ചു. 

ഉച്ചയ്ക്ക് എൻഎസ്എസ് കരയോഗം ഏറ്റുമാനൂർ– നീണ്ടൂർ മേഖലയുടെ നേതൃത്വത്തിലുള്ള പ്രസാദമൂട്ടും നടന്നു. തുടർന്ന് ചെന്നൈ ഭരത് രാജയുടെ സംഗീത സദസ്സ്,  മൂഴിക്കുളം ഹരികൃഷ്ണന്റെ കർണാടക സംഗീതം, പ്രഫ. മാതംഗി സത്യമൂർത്തി, ജയ്സൺ ജെ.നായർ എന്നിവരുടെ സംഗീത സദസ്സ്, ശ്രീലങ്കയിൽ നിന്നുള്ള യാഴ്‌പാണം നല്ലൂർ പി.എസ്.ബാലമുരുകൻ, ബി.എസ്.സാരംഗ് എന്നിവരുടെ നാഗസ്വരം, രാത്രി 10നു നടന്ന ചെന്നൈ ഋതിക് രാജയുടെ സംഗീതക്കച്ചേരി തുടങ്ങിയവ ആറാട്ടു ദിനത്തെ സംഗീതമയമാക്കി.  

പേരൂരിൽ എത്തിയ ഏറ്റുമാനൂരപ്പനു പേരൂർ ഗ്രാമം വൻ വരവേൽപാണ് നൽകിയത്.  ആറാട്ടിനു ശേഷമുള്ള തിരിച്ചെഴുന്നള്ളത്തിനു ചാലയ്ക്കൽ വിഷ്ണു ക്ഷേത്രത്തിൽ  സ്വീകരണം നൽകി. തുടർന്ന് ശൈവ– വൈഷ്ണവ സംഗമ പൂജ നടന്നു.  ആറാട്ട് സദ്യയിൽ നൂറ് കണക്കിനാളുകൾ പങ്കാളികളായി.  എഴുന്നള്ളത്ത് പേരൂർ കാവിനു സമീപം എത്തിയപ്പോൾ വാദ്യഘോഷങ്ങൾ നിർത്തിയും  തീവെട്ടി കെടുത്തിയുമായിരുന്നു യാത്ര. പേരൂർ കവലയിലെ ആറാട്ട് എതിരേൽപ് മണ്ഡപത്തിൽ ഏഴരപ്പൊന്നാനയുടെ അകമ്പടിയോടെ തിരിച്ചെഴുന്നള്ളത്തിനു സ്വീകരിച്ചു. ക്ഷേത്രാങ്കണത്തിൽ ചുറ്റുവിളക്ക് തെളിയിച്ച് ഭക്തജനങ്ങളും ദേവസ്വം ചേർന്ന് വരവേൽപ് നൽകി.

കിടങ്ങൂർ രാജേഷും സംഘവും  പാണ്ടി മേളം ഒരുക്കി. ഏഴരപ്പൊന്നാനകളെ ഒരു നോക്ക് കാണാനും ആറാട്ട് തൊഴാനുമായി ഇന്നലെ രാവും പകലുമായി ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് ജന സഹസ്രങ്ങളായിരുന്നു. പാറമ്പുഴ ∙ പെരിങ്ങള്ളൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനും പൂവത്തുംമൂട്ടിലെ ആറാട്ടോടെ സമാപനം കുറിച്ചു. ഇരുകരകളിലും രണ്ട് മഹാദേവന്മാരുടെ ആറാട്ട് ചടങ്ങ് കണ്ട് തൊഴുന്നതിനു ഇരുകരകളിലും ഭക്തജന തിരക്കേറെയായിരുന്നു. ഗജവീരൻ വിഷ്ണു മംഗലം രാജസേനൻ ഭഗവാന്റെ തിടമ്പേറ്റി. വെന്നിമല ഉണ്ണിക്കൃഷ്ണ മാരാരും സംഘവും സ്പെഷൽ പാണ്ടി മേളം ഒരുക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com