ADVERTISEMENT

ഏറ്റുമാനൂർ∙ പാർലമെന്റ് മുതൽ പഞ്ചായത്ത് വരെ 25 തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ച ലോട്ടറി തൊഴിലാളി യു.എൻ.തമ്പി ഇത്തവണയും പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോട്ടയത്ത് മത്സരിക്കാനൊരുങ്ങുന്നു. ജില്ലകൾ തോറും വിമാനത്താവളമെന്ന പ്രകടന പത്രികയുമായി 1987-ൽ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലാണ് തമ്പി ആദ്യമായി മത്സരിച്ചത്. അന്ന് കെട്ടിവയ്ക്കാനുള്ള തുകയായ 250  രൂപ നൽകുകയും നാമനിർദേശ പത്രിക സമർപ്പണത്തിന് കൂടെ വരികയും ചെയ്തത് അന്തരിച്ച പ്രസിദ്ധ സിനിമാ നടൻ തിക്കുറിശ്ശി സുകുമാരൻ നായരായിരുന്നു.

അന്ന് കേരള കലാ യൂണിയന്റെ സംസ്ഥാന ഭാരവാഹിയായിരുന്നു യു.എൻ. തമ്പി. 91-ലാണ് കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ മത്സരിച്ചത്. രമേശ് ചെന്നിത്തലയും തമ്പാൻ തോമസുമായി എതിർ സ്ഥാനാർഥികൾ. തിരഞ്ഞെടുപ്പ് സമയത്ത് വിവിധ ആവശ്യങ്ങളുന്നയിച്ച് ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനു സമീപം 8 ദിവസം നിരാഹാരം കിടന്ന തമ്പിയെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കുകയായിരുന്നു. അന്നു സ്ഥാനാർഥികളിലാരെങ്കിലും മരിച്ചാൽ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്ന അവസ്ഥയുണ്ടായിരുന്നു. അതിനാൽ തമ്പിയുടെ നിരാഹാരം അവസാനിപ്പിക്കാൻ പ്രമുഖ രാഷ്ട്രീയ പാർട്ടികളെല്ലാം സമരം പിൻവലിക്കാൻ വലിയ സമ്മർദം ചെലുത്തിയിരുന്നുവെന്നു തമ്പി പറയുന്നു.

പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കുന്നത് കെട്ടി വയ്ക്കാൻ 500 രൂപയായിരുന്ന സ്ഥാനത്ത് ഇപ്പോൾ 25,000 രൂപയായെന്നും തിരഞ്ഞെടുപ്പ് ചെലവ് നിയന്ത്രിക്കാൻ നിയമം കൊണ്ടുവരണമെന്നും തമ്പി ആവശ്യപ്പെട്ടു. തുക ഉയർത്തിയത് മൂലം സാധാരണക്കാരനു ജനാധിപത്യ പ്രക്രിയയിൽ അവസരം നഷ്ടപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജയിച്ചാൽ ട്രെയിൻ യാത്രക്കാരുടെ പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കുമെന്നും കേരളത്തിലെ ലോട്ടറി തൊഴിലാളികളുടെ പ്രശ്നത്തിൽ ഇടപെടുമെന്നും തമ്പി പറഞ്ഞു.

47- വർഷം ബാർബർ തൊഴിലാളി അസോസിയേഷൻ സംസ്ഥാന നേതാവായിരുന്ന തമ്പി, തലമുടിയിൽ നിന്നും ജൈവവളം ഉണ്ടാക്കാനാവുമെന്ന പഠന റിപ്പോർട്ട് നടപ്പിലാക്കാൻ വലിയ ശ്രമങ്ങൾ നടത്തിയിരുന്നു. ഏറ്റുമാനൂർ ക്ഷേത്രത്തിനു സമീപം റോഡ് അരികിൽ ലോട്ടറി വിൽപ്പനക്കാരനായ യു.എൻ.തമ്പി ഇപ്പോൾ തിരഞ്ഞെടുപ്പിനു കെട്ടി വയ്ക്കാനുള്ള പണം കണ്ടെത്താനുള്ള ശ്രമത്തിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com